ദുബായിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന

0

ദുബായ് : കഴിഞ്ഞ വർഷം എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 621.4 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. 2021-നെ അപേക്ഷിച്ച് 2022-ൽ യാത്രികരുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ കണക്കുകൾ പ്രകാരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയ പ്രതിദിന യാത്രികരുടെ ശരാശരി എണ്ണം 1.7 ദശലക്ഷമാണെന്നും ആർടി എ അറിയിച്ചിട്ടുണ്ട്. 2021-ൽ പ്രതിദിന യാത്രികരുടെ എണ്ണം 1.3 ദശലക്ഷമായിരുന്നു.

ദുബായ് മെട്രോ, ദുബായ് ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ്, ദുബായ് ടാക്സി, മറ്റു ഫ്രാൻഞ്ചൈസി ടാക്സി സംവിധാനങ്ങൾ, ഇ-ഹൈൽ, സ്മാർട്ട് കാർ റെന്റൽ, ബസ്-ഓൺ-ഡിമാൻഡ് തുടങ്ങിയ എല്ലാ പൊതുഗതാഗത സംവിധാനങ്ങളുടെയും ആകെയുള്ള കണക്കുകൾ പ്രകാരമാണിത്.

ദുബായ് മെട്രോ യാത്രികരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ആർടി എ ഡയറക്ടർ ജനറൽ മത്തർ അൽ തയർ അറിയിച്ചു. ജലഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഒരു ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2022-ൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയ യാത്രികരുടെ ആകെ എണ്ണത്തിൽ 36 ശതമാനം പേരും ദുബായ് മെട്രോ യാത്രികരായിരുന്നെന്നും, 25 ശതമാനം പേർ ബസ് ഉപയോഗിച്ചതായും, മൂന്ന് ശതമാനം പേർ ജലഗതാഗത സേവനങ്ങൾ ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here