ദുബായിയിൽ എയർ ടാക്സികൾ യഥാർത്ഥ്യമാകുന്നു : എയർ ടാക്സി സ്റ്റേഷനുകളുടെ രൂപരേഖ തയാറായി

0

ദുബായ്: എയർ ടാക്സി സ്റ്റേഷനുകളുടെ രൂപരേഖകൾക്ക് യുഎഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് എച്ച് .എച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ദുബായിൽ വെച്ച് നടക്കുന്ന വേൾഡ് ഗവണ്മെന്റ് സമ്മിറ്റിൽ വെച്ചാണ് അദ്ദേഹം ഈ പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയത്.
അടുത്ത മൂന്ന് വർഷത്തിനിടയിൽ എമിറേറ്റിൽ ആരംഭിക്കാൻ ലക്ഷ്യമിടുന്നതാണ് എയർ ടാക്സി സേവനങ്ങൾ. ഈ പദ്ധതി 2026-ഓടെ യാഥാർഥ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ദുബായ് എയർടാക്സി വെർട്ടിപോർട്ടിന്റെ ആദ്യ മാതൃക ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനരികിലാണ് ഒരുക്കുന്നത്. വ്യോമ ടാക്സികൾക്കായുള്ള നാല് സ്റ്റാൻഡുകളും, രണ്ട് ലാൻഡിംഗ് ഏരിയകളും ഉൾപ്പെടുന്നതാണ് ഒരു വെർട്ടിപോർട്ട്. വെർട്ടിപോർട്ടിനെ പൂർണ്ണമായും ശീതീകരിച്ച ഒരു പാലത്തിലൂടെ എമിറേറ്റ്സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ദുബായ് എയർടാക്സി വെർട്ടിപോർട്ട് (വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ് പോർട്ട്) ശൃംഖല ആദ്യ ഘട്ടത്തിൽ ദുബായിലെ നാല് പ്രധാന ഇടങ്ങളെ വ്യോമമാർഗം പരസ്പരം ബന്ധിപ്പിക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തയർ അറിയിച്ചു. ഡൌൺടൌൺ ദുബായ് (ബുർജ് ഖലീഫ മേഖല), ദുബായ് മറീന, ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, പാം ജുമേയറാഹ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് ഈ പദ്ധതിയുടെ ആദ്യ ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്.

2026-ൽ ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ പൂർണമായും സജ്ജമായ വെർട്ടിപോർട്ട് ശൃംഖലയുള്ള ആദ്യത്തെ നഗരമായി ദുബായ് മാറുന്നതാണ്. മാലിന്യ ബഹിര്‍ഗമനം തീർത്തും ഇല്ലാത്ത എയർ ടാക്സികളുടെ പരമാവധി വ്യോമ വേഗത മണിക്കൂറിൽ മുന്നൂറ് കിലോമീറ്ററാണ്. ഒരേസമയം പരമാവധി നാല് യാത്രികർക്ക് സഞ്ചരിക്കാവുന്നതാണ് ഇത്തരം എയർ ടാക്സികൾ.

LEAVE A REPLY

Please enter your comment!
Please enter your name here