ദുബായ് : കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി, 100% സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവൽ (SAF) ഉപയോഗിക്കുന്ന വിമാനത്തിന്റെ പരീക്ഷണ പറക്കൽ എമിറേറ്റ്സ് വിജയകരമാക്കി പൂർത്തിയാക്കി. ഒരു എഞ്ചിൻ പൂർണ്ണമായും സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവൽ ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഒരു ബോയിങ്ങ് 777-300ER വിമാനമാണ് എമിറേറ്റ്സ് ഉപയോഗിച്ചത്. ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഈ വിമാനം ദുബായിയുടെ തീരമേഖലയിലൂടെ ഒരു മണിക്കൂറിലധികം സഞ്ചരിച്ചു
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, സസ്‌റ്റൈനബിൾ ഏവിയേഷൻ ഫ്യുവലിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് എമിറേറ്റ്സ് ഈ പരീക്ഷണം നടത്തിയത്. പശ്ചിമേഷ്യന്‍, നോർത്ത് ആഫ്രിക്കൻ പ്രദേശങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണ പറത്തൽ നടത്തുന്നത്.
ഈ പരീക്ഷണ പറക്കലിന്റെ വിജയം, സുസ്ഥിരമായ വിമാനയാത്രയിലേക്ക് വ്യോമയാന മേഖലയെ നയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും, ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ സി ഇ ഓയുമായ എച്ച്. എച്ച്. ഷെയ്ഖ് അഹ്‌മദ് ബിൻ സയീദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.
ഇതിനു പുറമെ 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയാകുന്ന യു എ ഇ, ഇതിന്റെ ഭാഗമായി 2023-നെ സുസ്ഥിരതയുടെ വർഷമായാണ് കണക്കാക്കുന്നത്, ഇതുമായി ബന്ധപ്പെട്ട് രാജ്യം മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് എമിറേറ്റ്സിന്റെ ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.