യുഎഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം ചെയ്തു : രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് മുതൽക്കൂട്ടെന്ന് അധികൃതർ

0

ദുബായ് : രാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യുഎഇ ദേശീയ റെയിൽ ശൃംഖല ദുബായ് ഭരണാധികാരി എച്ച് എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു. 23നാണ് യുഎഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം ചെയ്തത്.

അബുദാബിയിലെ അൽ ഫയാഹ് മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇ നാഷണൽ റയിൽവേ നെറ്റ്‌വർക്കിന്റെ പ്രധാന കേന്ദ്രത്തിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ദുബായ് കിരീടാവകാശി എച്ച്എച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ആഭ്യന്തര വകുപ്പ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം, യു എ ഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

വിവിധ എമിറേറ്റുകളിലൂടെ 900 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന ഈ റെയിൽ ശൃംഖല യാഥാർഥ്യമാക്കിയതിൽ ഏറെ സന്തോഷവും, അഭിമാനവുമുണ്ടെന്ന് അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

ഏഴ് എമിറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളം ചരക്ക് നീക്കത്തിനായി 38 ലോക്കോമോടീവ്‌ എഞ്ചിനുകളും, ആയിരത്തിലധികം വാഗണുകളും അടങ്ങിയ ചരക്ക് തീവണ്ടികളുടെ വ്യൂഹത്തിന്റെ പ്രവർത്തനം ഇതോടെ ഔദ്യോഗികമായി ആരംഭിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply