ഇന്ത്യ – യുഎഇ ‘സിഇപിഎ’ കരാർ: പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു

0

ദുബായ്: യുഎഇയും ഇന്ത്യയും തമ്മിൽ ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി യുഎഇയിൽ വെച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.

ഇതിന്റെ ഭാഗമായി യുഎഇ വിദേശ, വ്യാപാര മന്ത്രാലയത്തിലെ സഹകാര്യ മന്ത്രി ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സിയൂദി രണ്ട് പ്രത്യേക പരിപാടികളിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിൽ നടപ്പിലാക്കിയിട്ടുള്ള കരാറിന്റെയും, ഉഭയകക്ഷി ബന്ധത്തിന്റെയും പ്രാധാന്യത്തിന് അടിവരയിടുന്നതാണിത്.

ഈ പരിപാടികളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ നിന്നെത്തിയ പ്രത്യേക പ്രതിനിധിസംഘത്തെ അദ്ദേഹം സ്വാഗതം ചെയ്തു. കയറ്റുമതി മേഖലയിൽ നിന്നുള്ളവരും, സ്റ്റാർട്ട്-ആപ്പ് മേഖലയിൽ നിന്നുള്ളവരും, നിക്ഷേപകരും, വ്യവസായികളും ഉൾപ്പടെ നൂറിലധികം പേർ ഉൾപ്പെടുന്നതാണ് ഈ പ്രതിനിധിസംഘം.

കരാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി, നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ പ്രതിനിധിസംഘം യു എ ഇയിലെത്തിയിരിക്കുന്നത്. ഇതോടൊപ്പം യു എ ഇ നൽകുന്ന വാണിജ്യ, വ്യവസായ അവസരങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തുന്നതിനും, പ്രാദേശിക വ്യവസായികളുമായി ബന്ധം സ്ഥാപിക്കുന്നതിനും, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും ഇവർക്ക് അവസരം ലഭിക്കുന്നതാണ്.

ഇന്ത്യയുടെ സാമ്പത്തിക അഭിലാഷങ്ങൾ യാഥാർഥ്യമാക്കുന്നതിനായും കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാരബന്ധങ്ങൾ തുറക്കുന്നതിനും എഫ്ഐസിസിഐ നൽകുന്ന പിന്തുണകളെ ഡോ. അൽ സിയൂദി പ്രത്യേകം അഭിനന്ദിച്ചു.

യുഎഇ – ഇന്ത്യ ബന്ധത്തിന്റെ പ്രതിഫലനമാണ് കരാറിന്റെ ഒന്നാം വാർഷികാഘോഷവേളയെന്ന് ഈ അവസരത്തിൽ യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു

Leave a Reply