സെക്രട്ടേറിയറ്റ്‌ മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത്‌ ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

0

സെക്രട്ടേറിയറ്റ്‌ മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത്‌ ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. “സേവ്‌ കേരള മാര്‍ച്ച്‌” മുദ്രാവാക്യമുയര്‍ത്തി 18-ന്‌ മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ്‌ അറസ്‌റ്റ്‌.
പാളയത്തുനിന്നാണ്‌ കന്റോണ്‍മെന്റ്‌ പോലീസ്‌ ഫിറോസിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ്‌ അറസ്‌റ്റ്‌. നിലവില്‍ ഈ കേസില്‍ 28 പേര്‍ റിമാന്‍ഡിലാണ്‌. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ അറസ്‌റ്റെന്നും സമരങ്ങളില്‍നിന്നു പിന്മാറുന്ന പ്രശ്‌നമില്ലെന്നും പി.കെ. ഫിറോസ്‌ പ്രതികരിച്ചു.
അധികാരത്തിന്റെ വമ്പ്‌ കാണിച്ച്‌ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്നത്‌ അതിമോഹമാണെന്ന്‌ മുസ്ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരങ്ങളെ പ്രോത്സാഹിപ്പിച്ചും അനാവശ്യസമരങ്ങള്‍ ഉണ്ടാക്കി മുതലെടുപ്പു നടത്തിയും അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ ജനകീയ സമരങ്ങളോടു കാട്ടുന്ന അസഹിഷ്‌ണുത അത്ഭുതപ്പെടുത്തുന്നതാണ്‌. മുപ്പതോളം മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്‌തു. ഇല്ലാക്കഥകള്‍ ഉണ്ടാക്കിയാണ്‌ കേസെടുത്തതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Leave a Reply