സ്വയം സ്ഥാനാർത്ഥി പ്രഖ്യാപന’ത്തിനെതിരെ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുകയാണ് തരൂരിപ്പോൾ

0

തിരുവനന്തപുരം : ‘സ്വയം സ്ഥാനാർത്ഥി പ്രഖ്യാപന’ത്തിനെതിരെ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുകയാണ് തരൂരിപ്പോൾ. നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണെന്നും ഏത് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിൽ പാർട്ടിയാണ് തീരുമാനമെടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വിമർശിച്ചതിന് പിന്നാലെയാണ് ഈ നിലപാട് മാറ്റം എന്ന കാര്യം വ്യക്തമാണ്.

മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും ആര്‍ക്കും ആഗ്രഹിക്കാം. എന്നാല്‍ അതെല്ലാം പുറത്തു പറഞ്ഞുകൊണ്ടു നടക്കരുതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് ആര് കോട്ടു തയ്പ്പിച്ചു വച്ചിട്ടുണ്ടെങ്കിലും, തല്‍ക്കാലം ആ കോട്ടുകളൊക്കെ ഊരിവച്ച്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പദത്തിന് ആഗ്രഹമുണ്ട്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും, കേരളമാകും ഇനി കർമ്മമണ്ഡലം. പാർട്ടിയെ വെട്ടിലാക്കിയ പ്രസ്താവനകൾ നടത്തിയ തരൂരിനെ ആദ്യം ദേശീയ നേതൃത്വം തള്ളിപ്പറഞ്ഞു. പിന്നാലെ കരുതൽ നിലവിട്ട് കെപിസിസിയുടെ മുന്നറിയിപ്പുമെത്തി. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനത്തെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്തെത്തിയതോടെയാണ് മാധ്യമങ്ങളെ പഴിച്ചുള്ള തരൂരിൻറെ നിലപാട് മാറ്റം.

തിരുവനന്തപുരത്ത് ലീഡർ സെൻററിൻറെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ നേതാക്കൾ കൂട്ടത്തോടെ ലക്ഷ്യമിട്ടത് തരൂരിനെയായിരുന്നു. ചെന്നിത്തല കൂടുതൽ കടുപ്പിച്ചപ്പോൾ മുഖ്യമന്ത്രി പദത്തിൽ തരൂരിനെ ഇതുവരെ പരസ്യമായി പിന്തുണച്ച മുരളീധരനും അച്ചടക്കമുള്ള പാർട്ടി നേതാവായി. പാർട്ടിയാണ് പ്രധാനമെന്ന നിലയിലേക്ക് പ്രതികരണം മാറ്റിപ്പിടിച്ചെങ്കിലും കേരളം ലക്ഷ്യമിട്ടുള്ള നീക്കങ്ങളിൽ നിന്നും ഒറ്റയടിക്ക് തരൂർ പിന്നോട്ട് പോകില്ല. പരസ്യമായി ഏറ്റുമുട്ടലും വിമർശനങ്ങൾക്ക് അതേ രീതിയിൽ മറുപടിയും വേണ്ടെന്നാണ് ലൈൻ.

അതേ സമയം റായ്പ്പൂർ പ്ലീനറി സമ്മേളനത്തിൽ പദവിയുടെ കാര്യത്തിലെ അന്തീമതീരുമാനത്തിന് ശേഷമാകും ഭാവി നടപടിയിൽ തരൂരിൻറെ അന്തിമതീരുമാനം. മതസാമുദായികനേതാക്കൾ തരൂരിനെ അകമഴിഞ്ഞ് പിന്തുണക്കുമ്പോഴും ആൻറണി അടക്കമുള്ള ദേശീയനേതാക്കളുടെ കൃത്യമായ സിഗ്നൽ കിട്ടിയതോടെയാണ് സംസ്ഥാനത്തെ നേതാക്കൾ ഗ്രൂപ്പെല്ലാം വിട്ട് ഒരുമിച്ച് തരൂരിനെ അച്ചടക്കത്തിൻറെ വാൾമുനയിൽ നിർത്തുന്നത്.

Leave a Reply