‘വിമാനചിറകിലേറി’ കൊച്ചി ബിനാലെ പ്രൗഢി; എയർ ഇന്ത്യയിൽ ടെയില്‍ ആർട്ട് ഒരുക്കി കോഴിക്കോടുകാരി

0

രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാമേളയുമായ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാമത് പതിപ്പ് വലിയ ജനപിന്തുണയോടെ ആവേശകരമായി മുന്നേറുകയാണ്. ഇപ്പോഴിതാ ബിനാലെയുടെ പ്രൗഢി ലോകത്തെ അറിയിക്കാന്‍ എത്തിയിരിക്കുന്നത് സാക്ഷാല്‍ എയര്‍ ഇന്ത്യയാണ്. തങ്ങളുടെ വിമാനത്തിന്റെ വാലറ്റത്ത് വരച്ച മനോഹര ചിത്രത്തിലൂടെയാണ് എയർ ഇന്ത്യ ബിനാലെയുടെ ഭാഗമായിരിക്കുന്നത് . കേരളത്തിന്റെ അഭിമാനമായ മുസിരിസ് ബിനാലെയുടെ പ്രൗഢി എയര്‍ ഇന്ത്യ വിദേശങ്ങളിലേക്ക് എത്തിക്കുന്നത് ഈ മനോഹര ചിത്രത്തിലൂടെയാണ് .

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിമാനത്തിന്റെ ടെയില്‍ ആര്‍ട്ടായാണ് അക്രിലിക് പെയിന്റിങ് തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ആര്‍ട്ടിസ്റ്റ് ജി.എസ് സ്മിതയുടേതാണ് പെയിന്റിങ്. വര്‍ണാഭമായ പ്രകൃതിദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ച് ഓര്‍മകളിലൂടെ സമാന്തരമായ ഒരു ടൈംലൈന്‍ ചിത്രീകരിക്കുന്നതാണ് ഈ പെയിന്റിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കല്‍ പെയിന്റിങ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസസ് ലിമിറ്റഡിന്റെ ഹാങ്കറിലാണ് അനാച്ഛാദന ചടങ്ങ് നടത്തിയത്.

ചിത്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. 1935ല്‍ ടാറ്റയുടെ ആദ്യ വിമാനം തിരുവനന്തപുരത്തെ ഈ വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ അത്തരം നിരവധി നാഴികക്കല്ലുകള്‍ നമ്മള്‍ പിന്നിട്ടിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസും കൊച്ചി ബിനാലെയും തമ്മിലുള്ള പങ്കാളിത്തവും ഈ ടെയില്‍ ആര്‍ട്ടും കലയോടും സംസ്‌കാരത്തോടുമുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. ഇന്ത്യന്‍ വ്യോമയാനരംഗത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മെച്ചപ്പെട്ട ശക്തിയായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ഇത്തരത്തില്‍ വിമാനത്തില്‍ ടെയില്‍ ആര്‍ട്ട് ചെയ്യുന്നത്. കൊച്ചി ബിനാലെയ്ക്ക് എയര്‍ ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷനും നന്ദി രേഖപ്പെടുത്തി.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എയര്‍ ഇന്ത്യ സി.ഇ.ഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു. തങ്ങളുടെ കൂടുതല്‍ വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ട് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. 2022 ഡിസംബറില്‍ ആരംഭിച്ച കൊച്ചി മുസിരിസ് ബിനാലെ 2023 ഏപ്രില്‍ വരെ നീണ്ടു നില്ക്കും. ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക ആര്‍ട്ട് ഫെസ്റ്റിവലായ കൊച്ചി മുസിരിസ് ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണ്.

Leave a Reply