ഓവര്‍ ലോഡില്‍ കണ്ണടച്ചത്‌ വിജിലന്‍സ്‌ പിടിച്ചു , ആര്‍.ടി. ഓഫീസ്‌ ജീവനക്കാര്‍ക്ക്‌ മാസം 3 ലക്ഷം കൈക്കൂലി!

0


കോട്ടയം: അമിതലോഡ്‌ കയറ്റിവരുന്ന ടോറസ്‌ ലോറികള്‍ക്കുനേരേ കണ്ണടച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ അക്കൗണ്ടുകളില്‍ കൈക്കൂലിയായി വീഴുന്നത്‌ ലക്ഷങ്ങള്‍. തെള്ളകത്തെ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍.ടി. ഓഫീസ്‌ ജീവനക്കാര്‍മാത്രം പ്രതിമാസം കൈപ്പറ്റുന്നതു മൂന്നു ലക്ഷം രൂപ വരെ കൈക്കൂലി.
ഓപ്പറേഷന്‍ ഓവര്‍ ലോഡെന്ന പേരില്‍ കോട്ടയം വിജിലന്‍സ്‌ ഡിവൈ.എസ്‌.പി: എ.കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു കണ്ടെത്തല്‍. അസിസ്‌റ്റന്റ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ വി.ഷാജന്‍, അജിത്‌ ശിവന്‍, അനില്‍ എന്നിവര്‍ക്കെതിരേ വകുപ്പ്‌തല നടപടിക്കു ശിപാര്‍ശ ചെയ്യുമെന്നു വിജിലന്‍സ്‌ അറിയിച്ചു.
കോഴയില്‍ നടത്തിയ മിന്നല്‍ പരിശോധനയ്‌ക്കിടെ ടോറസ്‌ ലോറി ഉടമയും ഏജന്റുമായ കടപ്പൂര്‌ വട്ടുകുളം സ്വദേശി രാജീവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ വിജിലന്‍സിനു ലഭിച്ചത്‌. പാസില്ലാതെയും അനധികൃതമായും ടോറസ്‌ ലോറികളില്‍ മണ്ണു കടത്താന്‍ പ്രതിമാസം ഒരു ലക്ഷത്തിനു മുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍.ടി.ഒ. ഉദ്യോഗസ്‌ഥര്‍ക്കു കൈക്കൂലിയായി നല്‍കിയിരുന്നു.
ഷാജനും അജിത്തും അനിലും ഗൂഗിള്‍ പേ വഴിയും നേരിട്ടും ബിനാമി അക്കൗണ്ടുകളിലേക്കുമാണ്‌ പണം വാങ്ങിയത്‌. ലോറി ഉടമകള്‍ രാജീവിനു പണം നല്‍കും. ഇയാള്‍ ഇതു മൂന്ന്‌ ഉദ്യോഗസ്‌ഥര്‍ക്കുമായി വീതിച്ചു കൈമാറും. ഷാജന്‍ തന്റെ പിതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കും അനില്‍ നേരിട്ടും നീതു എസ്‌.നായര്‍ എന്ന പേരിലുള്ള ഗൂഗിള്‍ പേ നമ്പരിലേക്കും അജിത്‌ ശിവന്‍ സ്വന്തം അക്കൗണ്ടിലേക്കുമാണ്‌ പണം വാങ്ങിയതെന്നും വിജിലന്‍സ്‌ കണ്ടെത്തി.
കഴിഞ്ഞ മാസം ഷാജന്‍ മാത്രം 1.15 ലക്ഷം രൂപയാണ്‌ ഈയിനത്തില്‍ കൈപ്പറ്റിയത്‌. ഈ മാസം ഇതുവരെ 55,000 രൂപയും മൂന്നു മാസത്തിനിടെ മൂന്നു ലക്ഷം രൂപയും കൈക്കൂലിയായി വാങ്ങി. അജിത്‌ ശിവന്‍ 55 ഇടപാടുകളിലൂടെ 1.20 ലക്ഷം രൂപ കൈപ്പറ്റി. പ്രത്യേക പരിശോധന നടത്തുന്ന ദിവസങ്ങളില്‍ ഉദ്യോഗസ്‌ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായും കണ്ടെത്തി. ഓവര്‍ ലോഡും ജി.എസ്‌.ടി. വെട്ടിപ്പും ഉള്‍പ്പെടെ ഖജനാവിലേക്ക്‌ കിട്ടേണ്ട ലക്ഷങ്ങള്‍ ഇതിലൂടെ നഷ്‌ടമായി.
ഇന്നലെ മാത്രം അമിതഭാരത്തിന്‌ 18 വാഹനങ്ങളില്‍നിന്ന്‌ 8.80 ലക്ഷം രൂപ പിഴയായി വിജിലന്‍സ്‌ ഈടാക്കി. പാസില്ലാതെ വന്ന 11 വാഹനങ്ങളും പിടികൂടി. സി.ഐ: സാജു എസ്‌.ദാസ്‌, എസ്‌.ഐ: സ്‌റ്റാന്‍ലി തോമസ്‌, എ.എസ്‌.ഐമാരായ സുരേഷ്‌ ബാബു, ഹാരിസ്‌, സീനിയര്‍ ഉദ്യോഗസ്‌ഥരായ അരുണ്‍ ചന്ദ്‌, രാജേഷ്‌ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here