റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം തനിക്ക്‌ ഉറപ്പില്ലെന്ന്‌ യുക്രൈന്‍ പ്രസിഡന്റ്‌ വൊളൊഡിമിര്‍ സെലന്‍സ്‌കി

0

റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിന്‍ ജീവിച്ചിരിപ്പുണ്ടോയെന്ന കാര്യം തനിക്ക്‌ ഉറപ്പില്ലെന്ന്‌ യുക്രൈന്‍ പ്രസിഡന്റ്‌ വൊളൊഡിമിര്‍ സെലന്‍സ്‌കി. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന ചര്‍ച്ചകള്‍ എപ്പോള്‍ ആരംഭിക്കുമെന്ന ചോദ്യത്തിനുള്ള മറുപടിയായാണ്‌ സെലന്‍സ്‌കി ഇക്കാര്യം പറഞ്ഞത്‌. “ആരോട്‌, എന്തിനെക്കുറിച്ചാണ്‌ സംസാരിക്കേണ്ടതെതെന്ന്‌ എനിക്ക്‌ ഇന്നു കൃത്യമായി മനസിലാകുന്നില്ല. ഓണ്‍ലൈന്‍ ചര്‍ച്ചയില്‍, ചിലപ്പോള്‍ പച്ച സ്‌ക്രീനില്‍ എതിര്‍വശത്തു പ്രത്യക്ഷപ്പെടുന്നയാള്‍ റഷ്യയുടെ പ്രസിഡന്റ്‌ തന്നെയാണോയെന്നും എനിക്ക്‌ ഉറപ്പില്ല. അയാള്‍ ജീവിച്ചിരിപ്പുണ്ടോ, അയാള്‍ തീരുമാനങ്ങള്‍ എടുക്കുന്നുണ്ടോ അല്ലെങ്കില്‍ അവിടെ ആരാണ്‌ തീരുമാനങ്ങള്‍ എടുക്കുന്നത്‌ എന്നും എനിക്ക്‌ അറിയില്ല”- സെലന്‍സ്‌കി പറഞ്ഞു. സമാധാനച്ചര്‍ച്ചകള്‍ എന്നു പറയുമ്പോള്‍, അത്‌ ആരോടൊപ്പമാണെന്നു തനിക്ക്‌ കൃത്യമായി മനസിലാകുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
എന്നാല്‍, ഇതിനു പിന്നാലെ സെലന്‍സ്‌കിക്കു മറുപടിയുമായി റഷ്യ രംഗത്തെത്തി. യുക്രൈനും സെലന്‍സ്‌കിക്കും പുടിനും റഷ്യയും വലിയ പ്രശ്‌നമാണെന്ന്‌ വളരെ വ്യക്‌തമായതായി റഷ്യന്‍ വക്‌താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു. റഷ്യയോ പുടിനോ ഇല്ലാതിരിക്കാനാണ്‌ സെലന്‍സ്‌കി മാനസികമായി ആഗ്രഹിക്കുന്നത്‌. റഷ്യ എല്ലാക്കാലവും നിലനില്‍ക്കുമെന്ന കാര്യം വൈകാതെ അദ്ദേഹത്തിനു മനസിലാകുമെന്നും ദിമിത്രി തിരിച്ചടിച്ചു.
ആഴ്‌ചകളായി പൊതു പരിപാടികളില്‍നിന്ന്‌ വിട്ടുനില്‍ക്കുന്ന പുടിനെ സെലന്‍സ്‌കി പരിഹസിച്ചിരിക്കുകയാണെന്നാണ്‌ വിലയിരുത്തല്‍. ഡിസംബറില്‍ പുടിന്‍ തന്റെ വാര്‍ഷിക വാര്‍ത്താസമ്മേളനവും റദ്ദാക്കിയിരുന്നു.

Leave a Reply