അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകിയകതിനെ തുടർന്ന് ക്ഷീരകർഷകന്റെ രണ്ടു പശുക്കൾ ചത്തു. മഠത്തുംപടി ക്ഷേത്രപരിസരത്തെ ക്ഷീരകർഷകൻ അനിൽകുമാറിന്റെ പശുക്കളാണ് ചത്തത്. അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകിയതാണ് മരണകാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കർഷകന്റെ ബാക്കി 13 പശുക്കൾ സുഖംപ്രാപിച്ചുവരുന്നതായി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹൻ പറഞ്ഞു.
ക്ഷേത്രോത്സവത്തിൽ അന്നദാനത്തിന് വേണ്ടി തയാറാക്കിയ ചോറും കഞ്ഞിവെള്ളവും വലിയ അളവിൽ പശുക്കൾക്കു കൊടുത്തതായി അനിൽ പറഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ തന്നെ പശുക്കൾ അവശതയിലായി. മൃഗാശുപത്രിയിലെ ഡോക്ടർമാരെത്തി അപ്പോൾത്തന്നെ ചികിത്സ തുടങ്ങിയെങ്കിലും 2 പശുക്കളെ രക്ഷിക്കാനായില്ല. ഒരെണ്ണം 2 മാസം ഗർഭിണിയായിരുന്നു.
സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.വി.സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ.എസ്.ഹരികുമാർ, വെറ്ററിനറി സർജൻ ഡോ.നീരജ് കൃഷ്ണൻ, എന്നിവരും ഡോ.ബെക്‌സിയുടെ നേതൃത്വത്തിലുള്ള മൊബൈൽ യൂണിറ്റും സ്ഥലത്തെത്തി. ടി.ഐ.മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവ സ്ഥലം സന്ദർശിച്ചു