റഷ്യയിലെന്ന് പറഞ്ഞ് യുവാക്കളെ താമസിപ്പിച്ചത് എറണാകുളത്തെ വാടകവീട്ടിൽ; എക്സൈസ് ഉദ്യോഗസ്ഥൻ നടത്തിയ തൊഴിൽ തട്ടിപ്പിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥൻ എ.ജെ. അനീഷ് നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത്‌ പണം തട്ടിയെടുത്ത സംഭവത്തിൽ റഷ്യയിലാണെന്നു പറഞ്ഞ് യുവാക്കളെ താമസിപ്പിച്ചത് എറണാകുളത്തുള്ള വാടക വീട്ടിൽ. വരാപ്പുഴ സ്വദേശികളായ രണ്ട്‌ യുവാക്കളെയാണ് ഇയാൾ മാസങ്ങളോളം പറഞ്ഞു പറ്റിച്ച് നോർത്ത് പറവൂർ ആനച്ചാലിലും കോട്ടുവള്ളിയിലും ഞാറയ്ക്കലുമായി താമസിപ്പിച്ചത്. റഷ്യയിലെത്തി തൊട്ടടുത്ത ദിവസംതന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നവരെയാണ് ഇത്തരത്തിൽ എറണാകുളത്ത് ഒളിവിൽ താമസിപ്പിച്ചിരുന്നത്. മറ്റുള്ളവരിൽനിന്ന് കിട്ടാനുണ്ടായിരുന്ന പണം കൂടി നേടിയെടുക്കുന്നതിനു വേണ്ടിയാണ് അനീഷ് യുവാക്കളെ ഒളിവിൽ താമസിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

വരാപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളാണ് എക്സൈസ് ഉദ്യോഗസ്ഥനും കോട്ടുവള്ളി വാണിയക്കാട് സ്വദേശിയുമായ എ.ജെ. അനീഷിന് ആദ്യം പണം നൽകിയത്. അഞ്ചുലക്ഷം രൂപ വീതമാണ് അനീഷും പങ്കാളിയായ കൊല്ലം സ്വദേശിയും ചേർന്ന് തട്ടിയെടുത്തത്. തുടർന്ന് യുവാക്കളെ റഷ്യയിലേക്ക് അയച്ചു. ബിസിനസ് വിസയിൽ റഷ്യയിലെത്തിയ യുവാക്കളെ തടഞ്ഞുവെച്ച എയർപോർട്ട് അധികൃതർ തൊട്ടടുത്ത ദിവസംതന്നെ നാട്ടിലേക്ക് തിരിച്ചയച്ചു. കൊച്ചി വിമാനത്താവളത്തിൽ തിരികെ എത്തിയ യുവാക്കളെ അനീഷ് സ്വന്തം വാഹനത്തിൽ പറവൂർക്കെത്തിക്കുകയായിരുന്നു.

നാട്ടിലെത്തിയ ഇവരെ ആനച്ചാലിലുള്ള ഒരു വീട്ടിൽ താമസിപ്പിച്ചു. റഷ്യയിൽ നിന്നു മടങ്ങിപ്പോന്ന കാര്യം വീട്ടുകാരോടു പോലും പറയരുതെന്നും സാങ്കേതിക പ്രശ്നങ്ങൾ നീക്കി തൊട്ടടുത്ത ദിവസംതന്നെ റഷ്യയിലേക്ക് പോകാനാകുമെന്നും അനീഷ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു.വീട്ടിൽനിന്നു വിളിച്ച ബന്ധുക്കളോടു പോലും തങ്ങൾ റഷ്യയിലാണെന്നും തൊഴിലിടത്തിലാണെന്നും യുവാക്കൾ കളവുപറഞ്ഞു.

ആനച്ചാലിൽ പന്തിയല്ലെന്നു വന്നതോടെ യുവാക്കളെ ആദ്യം ഞാറയ്ക്കലിലേക്ക് മാറ്റി. തുടർന്ന് കോട്ടുവള്ളി പഞ്ചായത്തിലെ ബ്ലോക്കുപടിയിലുള്ള വീട്ടിലേക്കു മാറ്റി. നാട്ടിൽ ഒളിവിലെന്നോണം ദിവസങ്ങൾ പിന്നിട്ടപ്പോൾ യുവാക്കൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനീഷ് അനുവദിച്ചില്ല.

ഒടുവിൽ യുവാക്കൾ വീട്ടുകാരോട് കാര്യം പറഞ്ഞു. അങ്ങനെ യുവാക്കൾക്ക് ബന്ധുക്കളെ കാണാൻ അനീഷ് അവസരമുണ്ടാക്കി. പ്രത്യേക സ്ഥലത്ത് എത്തിച്ചായിരുന്നു കൂടിക്കാഴ്ച. ഉടൻതന്നെ റഷ്യയിലേക്ക് പോകാനാകുമെന്നും അതുവരെ ഇവർ തന്റെയൊപ്പം കഴിയട്ടെയെന്നും അനീഷ് ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. മാസങ്ങളാണ് പിന്നിട്ടത്. എന്നിട്ടും റഷ്യയിലേക്കുള്ള പോക്ക് നടക്കാതായതോടെ മണ്ണംതുരുത്ത് സ്വദേശിയായ യുവാവ് താമസസ്ഥലത്തുനിന്ന് കടന്നു. പിന്നാലെ അടുത്തയാളും.

65-ഓളം പേരിൽ നിന്നായി ലക്ഷക്കണക്കിനു രൂപയാണ് അനീഷും സംഘവും തട്ടിയെടുത്തിട്ടുള്ളത്. അനീഷിനെതിരേ പോലീസ് കേസെടുക്കുകയും സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്തിട്ട് ആഴ്ചകളായിട്ടും അനീഷിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഈ സാവകാശം മുതലാക്കി ഇയാൾ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം വാങ്ങിയിരിക്കുകയാണിപ്പോൾ. അനീഷിനെതിരേ നാല്‌ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാണക്കേട് ഭയന്നാണ് യുവാക്കൾ വിവരം പുറത്തുപറയാതിരുന്നതെന്നും റഷ്യയിലേക്ക് മടങ്ങിപ്പോകാനാകുമെന്നാണ് അവസാന നിമിഷം വരെ കരുതിയതെന്നും ചതിയിൽപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ പറഞ്ഞു.

റഷ്യയിലെ കൃഷി തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്‌. പരാതി ഉയർന്നതോടെ അനീഷ് ഒളിവിലാണ്. റഷ്യയിലുള്ള ഇമ്മാനുവൽ എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അനീഷിനെ സമീപിക്കാനും ഇവരോട് പറഞ്ഞത്. തുടർന്ന് ആളുകൾ അനീഷിനെ സമീപിക്കുകയായിരുന്നു. 2 മുതൽ 9 ലക്ഷം രൂപവരെ ഇയാൾ തട്ടിയെന്നാണ് പരാതി.

ഇത്രയും വലിയ തുക നൽകുമ്പോൾ രേഖ വേണമെന്ന് പറഞ്ഞപ്പോൾ സർക്കാർ ജോലി ഉള്ളതിനാൽ തനിക്ക് കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നായിരുന്നു മറുപടി. പണം നഷ്ടപ്പെട്ടവർ അനീഷിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

Leave a Reply