ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും

0

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. ഇന്‍ഡോറില്‍ ഉച്ചയ്‌ക്ക് 1.30 മുതലാണു മത്സരം.
ഇന്‍ഡോറിലെ പിച്ച്‌ ഫ്‌ളാറ്റാണെന്നതും ചെറിയ രഗൗണ്ടാണെന്നതും ബാറ്റര്‍മാരെ മോഹിപ്പിക്കുന്നതാണ്‌. സൂര്യാസ്‌മയത്തിനു ശേഷം അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത്‌ ടോസ്‌ നേടുന്നവരെ പിന്തുടരാന്‍ പ്രേരിപ്പിച്ചേക്കാം. ഗ്രൗണ്ട്‌ സ്‌റ്റാഫ്‌ ഈര്‍പ്പം കളയാനുള്ള സ്‌പ്രേകള്‍ ഉപയോഗിക്കുമെന്ന്‌ മധ്യപ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ വ്യക്‌തമാക്കി. മൂന്ന്‌ ഏകദിനങ്ങളുടെ പരമ്പര 2-0 ത്തിനു സ്വന്തമാക്കിയതിനാല്‍ ടീം ഇന്ത്യ പരീക്ഷണം നടത്താന്‍ സാധ്യതയുണ്ട്‌. മറുപക്ഷത്ത്‌ ന്യൂസിലന്‍ഡ്‌ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കാനുള്ള ശ്രമത്തിലാണ്‌. ന്യൂസിലന്‍ഡ്‌ ഇന്നും തോറ്റാല്‍ ഇന്ത്യ മൂന്നാം തവണയാകും അവര്‍ക്കെതിരേ ഏകദിനത്തില്‍ സമ്പൂര്‍ണ ജയം നേടുന്നത്‌. ഇന്ത്യ 2010 ല്‍ 5-0 ത്തിനും 1999 ല്‍ 4-0 ത്തിനും പരമ്പര നേടി.
പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയാല്‍ ഇന്ത്യക്ക്‌ ഒന്നാം സ്‌ഥാനത്തെത്താം. ഇന്ത്യ 3-0 ത്തിനു പരമ്പര നേടിയാല്‍ ഇംഗ്ലണ്ടിന്‌ ഒന്നാം സ്‌ഥാനത്തു കയറാന്‍ ദക്ഷിണാഫ്രിക്കയെ അതേ മാര്‍ജിനില്‍ തോല്‍പ്പിക്കണം. 27 നാണ്‌ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുക. ഇന്ത്യ – ന്യൂസിലന്‍ഡ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആകെ 686 റണ്ണാണു പിറന്നത്‌. രണ്ടാമത്തെ മത്സരത്തില്‍ ആകെ 291 റണ്ണും വീണു. ഹൈദരാബാദില്‍ 350 പിന്തുടര്‍ന്ന ന്യൂസിലന്‍ഡ്‌ 12 റണ്‍ അകലെയാണ്‌ ഓള്‍ഔട്ടായത്‌. റായ്‌പുരില്‍ അവര്‍ ബാറ്റിങ്‌ തകര്‍ച്ച നേരിട്ടു. നായകന്‍ ടോം ലാതത്തിന്റെയും ഡെവണ്‍ കോണ്‍വേ, ഹെന്റി നികോള്‍സ്‌, ഡാരില്‍ മിച്ചല്‍ എന്നിവരുടെ പ്രകടനത്തിലാണു ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ. പരുക്കിന്റെ പിടിയിലുള്ള ലെഗ്‌ സ്‌പിന്നര്‍ ഇഷ്‌ സോധിയെ ഇന്നും കളിക്കിപ്പിക്കാനിടയില്ല. ഡഗ്‌ ബ്രേസ്‌വല്‍, ജേക്കബ്‌ ഡഫി എന്നിവരില്‍ ഒരാള്‍ക്ക്‌ ഇന്നു നറുക്കു വീഴാന്‍ സാധ്യതയുണ്ട്‌. ടീം ഇന്ത്യ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിന്‌ കുല്‍ദീപ്‌ യാദവിനു പകരം അവസരം നല്‍കാനിടയുണ്ട്‌. രജത്‌ പാടീദാര്‍, ഷാബാസ്‌ അഹമ്മദ്‌ എന്നിവരില്‍ ഒരാളെ പരീക്ഷിക്കാനും സാധ്യതയുണ്ട്‌. മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്‌ എന്നിവരില്‍ ഒരാള്‍ക്കു പകരം ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കാനും സാധ്യതയുണ്ട്‌്.
സാധ്യതാ ടീം: ഇന്ത്യ – രോഹിത്‌ ശര്‍മ (നായകന്‍), ശുഭ്‌മന്‍ ഗില്‍, വിരാട്‌ കോഹ്ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, വാഷിങ്‌ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ്‌ യാദവ്‌, മുഹമ്മദ്‌ ഷമി/മുഹമ്മദ്‌ സിറാജ്‌/ ഉമ്രാന്‍ മാലിക്ക്‌.
സാധ്യതാ ടീം: ന്യൂസിലന്‍ഡ്‌ – ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വേ, ഹെന്റി നികോള്‍സ്‌/മാര്‍ക്‌ ചാപ്‌മാന്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം (നായകന്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കിള്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ഡഗ്‌ ബ്രേസ്‌വെല്‍/ഹെന്റി ഷിപ്‌ലെ, ജേക്കബ്‌ ഡഫി, ബ്ലെയര്‍ ടിക്‌നര്‍, ലൂകി ഫെര്‍ഗുസണ്‍.

LEAVE A REPLY

Please enter your comment!
Please enter your name here