സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി സമാനതകളില്ലാത്തത്

0

സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തി സമാനതകളില്ലാത്തത്. 100 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നെന്നു ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, തട്ടിപ്പിനെപ്പറ്റി വ്യക്തമായി പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചു തിട്ടപ്പെടുത്തിയ ശേഷമേ വ്യാപ്തി വെളിപ്പെടുത്തൂ എന്നും പൊലീസ് പറയുന്നു. എന്നാൽ പൊലീസിലെ പലരും പരാതി നൽകുന്നില്ല. കള്ളപ്പണം നിക്ഷേപിച്ചതു കൊണ്ടാണ് ഇത്. കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷ.

പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്തതു റൂറൽ പൊലീസിലെ എസ്‌ഐ ആണെന്നതടക്കം റാണയുടെ പൊലീസ് ബന്ധങ്ങളെപ്പറ്റിയും അന്വേഷിക്കും. റാണയുടെ ബിസിനസ് പങ്കാളികളിൽ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരെ പ്രതിചേർക്കും. ഒളിവിൽ പാർക്കാൻ സഹായിച്ചവർ, രക്ഷപ്പെടാൻ സഹായിച്ചവർ എന്നിവരെയും പ്രതിചേർക്കും. കണ്ണൂർ സ്വദേശിയായ വ്യവസായി ഷൗക്കത്തിന് 16 കോടി രൂപ നൽകിയെന്ന വിവരവും അന്വേഷിക്കും. ഇന്നലെ കോടതി റാണയെ റിമാൻഡ് ചെയ്തു. ജയിലിലനുള്ളിൽ ഒരു ദിവസം പിന്നിടുകയാണ്. കൊതുകു കടികൊണ്ടുള്ള ജയിൽ വാസം.

സേഫ് ആൻഡ് സ്‌ട്രോങ് ചിട്ടിക്കമ്പനി വഴി 48% പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്ന് 100 കോടിയിലേറെ രൂപ തട്ടിയെടുത്തു മുങ്ങിയ കേസിലാണ് അരിമ്പൂർ വെളുത്തൂർ കെ.പി.പ്രവീൺ (37) എന്ന പ്രവീൺ റാണയെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. തൃശൂർ ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ, കുന്നംകുളം സ്റ്റേഷനുകളിലായി 36 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നു കമ്മിഷണർ പറഞ്ഞു. ഇതുവരെ രജിസ്റ്റർ ചെയ്ത 36 കേസുകളിലായി 2 കോടി രൂപയുടെ തട്ടിപ്പാണു കണക്കാക്കിയിട്ടുള്ളതെന്നും കമ്മിഷണർ അറിയിച്ചു. എന്നാൽ പൊലീസിന് കിട്ടുന്ന അനൗദ്യോഗിക കണക്കിൽ തട്ടിപ്പ് രണ്ടു കോടിക്കും മുകളിലാണ്. അമ്പത് കോടി താൻ പിരിച്ചുകൊടുത്തുവെന്ന് മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രവീൺ റാണയുടെ സ്വത്തുവകകൾ എവിടെയെന്നത് ദുരൂഹമാണ്. 2019ൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ 77.5 ലക്ഷം രൂപയുടെ സ്വത്തുവകകൾ ഉണ്ടെന്നാണ് കമീഷന് സത്യവാങ്മൂലം നൽകിയിരുന്നത്. തൃശൂരിലെ എച്ച്.ഡി.എഫ്.സി ബാങ്കിൽ 23 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 41.6 ലക്ഷത്തിന്റെ ബെൻസ് കാർ, പാറമേക്കാവ്, കാനാടി, ഗുരുവായൂർ വില്ലേജുകളിൽ ഭൂമി എന്നിവയാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അറസ്റ്റിനെ തുടർന്നുള്ള പൊലീസ് ചോദ്യം ചെയ്യലിൽ പാലക്കാട് 55 സെന്റ് സ്ഥലമുണ്ടെന്ന് മാത്രമാണ് പ്രവീൺ അറിയിച്ചത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ, വയനാട് മണ്ഡലങ്ങളിൽ ഒരുമിച്ചാണ് കെ.പി. പ്രവീൺ എന്ന പ്രവീൺ റാണ മത്സരിച്ചിരുന്നത്. 26 ലക്ഷത്തിന്റെ കാർ ലോൺ മാത്രമാണ് സത്യവാങ്മൂലത്തിൽ അന്ന് ബാധ്യത രേഖപ്പെടുത്തിയിരുന്നത്. മത്സരിക്കുന്ന ഘട്ടത്തിൽ റാണ ഒരു വഞ്ചനാക്കേസിലും പ്രതിയായിരുന്നു. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ തന്നെയായിരുന്നു അന്നത്തെ കേസും രജിസ്റ്റർ ചെയ്തത്. തട്ടിച്ചുണ്ടാക്കിയ പണമെല്ലാം റാണ എന്തുചെയ്തുവെന്ന് കണ്ടെത്താൻ കൂടുതൽ മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 11 കമ്പനികളിലൂടെയായിരുന്നു പ്രവീണിന്റെ ബിസിനസ്. സ്ഥാപനം പൊട്ടിയതോടെ മൂന്ന് മാസത്തിനുള്ളിൽ 61 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.

തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 21 റെയ്ഡ് നടത്തി. ചിലവന്നൂരിലെ ഫ്‌ളാറ്റിൽനിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടാൻ റാണ ഉപയോഗിച്ച ആഡംബരക്കാർ അടക്കം 7 കാറുകൾ പിടിച്ചെടുത്തു. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കുന്ന തെളിവുകൾ ഉൾപ്പെട്ട 17 ലാപ്‌ടോപ് കംപ്യൂട്ടറുകൾ, 8 ഹാർഡ് ഡിസ്‌കുകൾ, 35 സിം കാർഡുകൾ, 335 രേഖകൾ എന്നിവ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിലവന്നൂരിലെ ഫ്‌ളാറ്റിൽനിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു റാണ രക്ഷപ്പെട്ടതു പൊലീസ് വീഴ്ചയാണെന്ന് പൊലീസ് പറയുന്നില്ല. ‘നിർഭാഗ്യം കൊണ്ടു സംഭവിച്ചതാണ്, വീഴ്ചയല്ല.’-എന്നാണ് തൃശൂർ കമ്മീഷണറുടെ പ്രതികരണം.

രാഷ്ട്രീയത്തിൽ സജീവമാകാൻ പ്രവീൺ റാണ പലതവണ ശ്രമിച്ചിരുന്നു. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ അരിമ്പൂർ പഞ്ചായത്ത് 13ാം വാർഡിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങി. നാമനിർദ്ദേശപത്രിക കൊടുത്തപ്പോൾത്തന്നെ നാട്ടിലാകെ പോസ്റ്റർ ഒട്ടിച്ചു. പോസ്റ്റിൽ തിരഞ്ഞെടുപ്പു ചട്ടപ്രകാരം രേഖപ്പെടുത്തേണ്ട വിവരങ്ങൾ (അച്ചടിച്ച പ്രസ്, കോപ്പികളുടെ എണ്ണം എന്നിവ) ഇല്ലാത്തതിനെതിരെ കലക്ടർക്കു പരാതി ലഭിച്ചതോടെ പത്രിക പിൻവലിച്ച് മത്സരത്തിൽനിന്നു പിന്മാറി. സിപിഎം കുടുംബത്തിൽനിന്നുള്ള പ്രവീണിനെ എൽഡിഎഫ് നേതാക്കൾ ഇടപെട്ടാണു മാറ്റിയത്. എൽഡിഎഫിനു വേറെ സ്ഥാനാർത്ഥിയുണ്ടായിരുന്നു.

Leave a Reply