ന്യൂന-തീവ്രന്യൂനമര്‍ദങ്ങള്‍ തുടര്‍ക്കഥയാകുന്നതില്‍ അമ്പരന്ന് ശാസ്‌ത്രലോകം.മഴക്കാലത്തു കാറ്റിനും മേഘങ്ങള്‍ക്കുമുണ്ടാകുന്ന അസ്വാഭാവികമാറ്റങ്ങള്‍ കാലാവസ്‌ഥാശാസ്‌ത്രജ്‌ഞര്‍ പഠനവിധേയമാക്കുന്നതിനിടെയാണു മഞ്ഞുകാലത്തും വേനലിലും ന്യൂന-തീവ്രന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുന്നത്.
മഴക്കാലത്തും മഞ്ഞുകാലത്തുമടക്കം കടല്‍ ചൂടുപിടിക്കുന്നത് അസ്വാഭാവികമാണ്. ഇതാകാം ന്യൂന-തീവ്രന്യൂനമര്‍ദങ്ങള്‍ അടിക്കടി രൂപപ്പെടാന്‍ കാരണമെന്നാണു പ്രാഥമികനിഗമനം. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി.
പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദം തുടര്‍ന്ന് തെക്ക്-തെക്കുപടിഞ്ഞാറ് മാറി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കന്‍ തീരത്തു പ്രവേശിക്കാനാണു സാധ്യത. മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തീരങ്ങള്‍ വറുതിയില്‍
ഇന്നുമുതല്‍ ഫെബ്രുവരി രണ്ടുവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് തമിഴ്‌നാട് തീരം, മന്നാര്‍ കടലിടുക്ക്, കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തിലും കാറ്റിനു സാധ്യതയുണ്ട്. ചില അവസരങ്ങളില്‍ 65 കി.മീ. വരെ വേഗത്തിലും കാറ്റുവീശാം. അതിനാല്‍, ഈ പ്രദേശങ്ങളില്‍നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്. കാലവര്‍ഷത്തിലും ഇടവപ്പാതിയിലും മാത്രം സാധാരണമായിരുന്ന ന്യൂന-തീവ്രന്യൂനമര്‍ദങ്ങള്‍ എപ്പോള്‍ വേണമെങ്കിലും രൂപപ്പെടാമെന്നതിനാല്‍ വര്‍ഷത്തില്‍ ഏറിയ പങ്കും മത്സ്യബന്ധനം മുടങ്ങി തീരം വറുതിയിലാണ്. ന്യൂന-തീവ്രന്യൂനമര്‍ദങ്ങള്‍ മേഘവിസ്‌ഫോടനങ്ങള്‍ക്കു കാരണമായേക്കാമെന്നതു പ്രളയഭീഷണിയും ഉയര്‍ത്തുന്നു.
ഇടവപ്പാതിക്കൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം പിന്നീട് ചുഴലിയായി മാറുകയും മണ്‍സൂണ്‍ കാറ്റ് ശക്‌തിപ്പെട്ട് രാജ്യത്ത് നല്ല മഴ ലഭിക്കുകയും ചെയ്യുന്നതാണു പതിവുരീതി. ഇതിനു വിപരീതമായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി ചുഴലികളും ചക്രവാതങ്ങളും ന്യൂനമര്‍ദവും പതിവായി. ശാന്തസമുദ്ര(പസിഫിക്)ത്തിലും ഈ മാറ്റങ്ങള്‍ ദൃശ്യമാണ്.