വേങ്ങാട് സ്‌കൂൾ പരിപാടിക്കിടെ വിദ്യാർത്ഥികളെ പുറമേനിന്നെത്തിയ സംഘം തല്ലിച്ചതച്ചുവെന്ന പരാതിയിൽ പൊലിസ് ഇരുപതോളം പേർക്കെതിരെ കേസ്

0

വേങ്ങാട് സ്‌കൂൾ പരിപാടിക്കിടെ വിദ്യാർത്ഥികളെ പുറമേനിന്നെത്തിയ സംഘം തല്ലിച്ചതച്ചുവെന്ന പരാതിയിൽ പൊലിസ് ഇരുപതോളം പേർക്കെതിരെ കേസെടുത്തു. ഇതിൽ വിദ്യാർത്ഥികൾ അക്രമം അഴിച്ചുവിട്ടുവെന്ന നാട്ടുകാരിലൊരാളുടെ പരാതിയിലും കേസെടുത്തിട്ടുണ്ട്.

കൂത്തുപറമ്പ് വേങ്ങാട് ഇ.കെ നായനാർസ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ച കേസിൽ ആറുപേരെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വേങ്ങാട് സ്വദേശികളായ പി.പത്മനാഭൻ, എം.ജിബൻ, കെ. റൗഫ്, പി. അർജുൻ, പി. മിഥുൻ, എം.നീരജ്, എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരുൾപ്പെടെ ഇരുപതുപേർക്കെതിരെയാണ് പൊലിസ് കേസെടുത്തത്. അതേ സമയം പത്മനാഭനെ മർദ്ദിച്ചുവെന്ന പരാതിയിൽ നാലുവിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

സ്‌കൂൾ പരിപാടിക്കിടെ പുറമേ നിന്നുമെത്തിയ സംഘം വിദ്യാർത്ഥികളെ അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. സ്‌കൂളിലെ ഏഴുവിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്‌ച്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഉണർവ് 2023-സ്‌കൂൾ ഫെസ്റ്റിന്റെ ഭാഗമായാണ് പരിപാടി നടന്നത്. പൊതുജനങ്ങൾ ഉൾപ്പെടെ പരിപാടികാണാൻ അനുമതിയുണ്ടായതിനാൽ നിരവധി പേരെത്തെിയിരുന്നു. കലാപരിപാടിക്കിടെ വിദ്യാർത്ഥികളും പുറമേ നിന്നെത്തിയ സംഘവുമായി വാക്തർക്കത്തിലേർപ്പെടുകയും പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു.

സാരമായി പരുക്കേറ്റ മൂന്ന് പ്ളസ്ടൂ വിദ്യാർത്ഥികളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ഒരാളുടെ മൂക്കിന്റെ പാലം അടിയേറ്റു തകർന്നതിനാൽ അടിയന്തിരശസ്ത്രക്രിയ നടത്തി. കേസിലെ മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലിസ് പറയുന്നത്. എന്നാൽ വിവിധരാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

വേങ്ങാട് ഇ.കെ നായനാർ മെമോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ അക്രമത്തിന് ഇരയായി ചാല മിംമ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളെ കെപിസിസി അംഗം കെ.സിമുഹമ്മദ് ഫൈസൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മിഥുൻ മാറോളി, അഭിജിത്ത് മണിയത്ത്, രമീഷ്, സുസ്മിത എന്നിവർ സന്ദർശിച്ചു.

വിദ്യാർതഥികളെ അതിക്രൂരമായി മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കൂത്തുപറമ്പ് ഡി. ഇ.ഒയ്ക്ക് പരാതി നൽകി.വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുള്ള സംഘർഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്.

Leave a Reply