ഹോട്ടൽ റെയ്ഡിനിറങ്ങിയ സസ്‌പെൻഷനിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി

0

നെയ്യാറ്റിൻകര: ഹോട്ടൽ റെയ്ഡിനിറങ്ങിയ സസ്‌പെൻഷനിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. മദ്യപിക്കാൻ പണം കണ്ടെത്താനായി പരിശോധനക്കിറങ്ങിയ പാമ്പുകാല ഊറ്റുകുഴി സ്വദേശി ചന്ദ്രദാസ് (42) സുഹൃത്ത് പരണിയം വഴിമുക്ക് ചെമ്പനാവിള വീട്ടിൽ ജയൻ (47) എന്നിവരെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.

കാഞ്ഞിരംകുളത്തിനു സമീപം ചാവടിയിലെന്ന ഹോട്ടലിലാണ് ഇരുവരും ആരോഗ്യ വകുപ്പ് ജീവനക്കാരനെന്നു പരിചയപ്പെടുത്തി പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യമുണ്ടെന്നും 30,000 രൂപ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഉടമയോട് പറഞ്ഞു. അമ്പരന്നു പോയ ഹോട്ടൽ ഉടമയോട്, ആയിരം രൂപ നൽകിയാൽ പ്രശ്‌നം ഒത്തു തീർക്കാമെന്നു ചന്ദ്രദാസ് പറഞ്ഞു.

ഒടുവിൽ 500 രൂപയെങ്കിലും കിട്ടിയാൽ മതിയെന്നു പറഞ്ഞതോടെ സംശയം തോന്നിയ ഉടമ, നാട്ടുകാരുടെ സഹായത്തോടെ ചന്ദ്രദാസിനെ തടഞ്ഞു വച്ചു പൊലീസിൽ ഏൽപിച്ചു. ഇതിനിടെ അവിടെ നിന്നു രക്ഷപ്പെട്ട ജയനെ പിന്നീടു പൊലീസ് പിടികൂടി. കാഞ്ഞിരംകുളം സിഐ: അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രദാസ് സസ്‌പെൻഷലുള്ള ഗവ. ഉദ്യോഗസ്ഥനാണെന്നു കണ്ടെത്തിയത്. കൃത്യമായി ഓഫിസിൽ ഹാജരാകാത്തതിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ.

LEAVE A REPLY

Please enter your comment!
Please enter your name here