രാജ്യത്തെ പുതിയ ട്രെയിനുകളായ വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചിൽ മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. പുതിയ ട്രെയിൻ യാത്രയ്ക്ക് ലഭിച്ചിട്ടും തനി സ്വഭാവം യാത്രക്കാർ പുറത്തെടുത്തുവെന്നാണ് വിമർശനം ഉയരുന്നത്.
ട്രെയിനിന്റെ കോച്ചിൽ മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്ന ചിത്രങ്ങളാണാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ഐ.എ.എസ് ഓഫീസർ അവനീഷ് ശരൺ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിൽ, ട്രെയിനിന്റെ കോച്ചിൽ നിലത്ത് നിറയെ മാലിന്യങ്ങൾ ചിതറിക്കിടക്കുന്നത് കാണാം. ഒഴിഞ്ഞ കുപ്പികൾ, ഉപയോഗിച്ച ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയവയാണ് കോച്ചിൽ പലയിടങ്ങളിലായി കിടക്കുന്നത്.
ചൂലുമായി ഒരാൾ ട്രെയിൻ വൃത്തിയാക്കാൻ നിൽക്കുന്നതും ചിത്രത്തിലുണ്ട്. ‘വി ദ പീപ്പിൾ’ എന്ന ക്യാപ്ഷനോടെയാണ് അവനീഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
“We The People.”
Pic: Vande Bharat Express pic.twitter.com/r1K6Yv0XIa
— Awanish Sharan (@AwanishSharan) January 28, 2023
‘നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് മാത്രമേ അറിയൂവെന്നും കടമകൾ അവർക്കറിയില്ല’ എന്നും ഒരാൾ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നു. നമ്മൾ നല്ല സൗകര്യങ്ങൾക്കും സേവനങ്ങൾക്കും വേണ്ടി ആവശ്യമുന്നയിക്കാറുണ്ടെങ്കിലും അവ നാം സംരക്ഷിക്കാറില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.