ഹൈക്കോടതി ജഡ്ജിക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു സിനിമാനിർമാതാവിൽ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് തയാറായി

0

പീഡനക്കേസിന്റെ ജാമ്യാപേക്ഷയിൽ അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിക്കു കൈക്കൂലി നൽകണമെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു സ്വന്തം കക്ഷിയായ സിനിമാനിർമാതാവിൽ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് തയാറായി. കേസിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഹൈക്കോടതി അഭിഭാഷക സംഘടനാ നേതാവ് സൈബി ജോസ് കിടങ്ങൂർ, പണം നൽകിയ കക്ഷിയായ സിനിമാ നിർമാതാവ്, സൈബിയുടെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകർ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണു കമ്മിഷണർ കെ.സേതുരാമൻ റിപ്പോർട്ട് തയാറാക്കിയത്.

റിപ്പോർട്ട് ഇന്നു സംസ്ഥാന പൊലീസ് മേധാവിക്കു സമർപ്പിച്ചേക്കും. 25 ലക്ഷം രൂപ വാങ്ങിയത് അഭിഭാഷക ഫീസായിട്ടാണെന്നാണു സൈബിയുടെ മൊഴി. ഹൈക്കോടതി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈബിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെങ്കിൽ സിനിമാ നിർമാതാവിന്റെ മൊഴികളാണ് ഏറ്റവും നിർണായകം. സൈബി ജോസ് കിടങ്ങൂർ മറ്റു 2 ജഡ്‌ജിമാരുടെ പേരിലും കോഴ വാങ്ങിയതായി ഹൈക്കോടതി വിജിലൻസ്‌ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ ഒരു ജഡ്‌ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

Leave a Reply