ഒമ്പത് വർഷമായി ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ; 3 വർഷമായി ഹെൽത്ത്‌ കാർഡും ഇല്ല; വിഷബാധയേറ്റത് പാക്കറ്റ് ആയി നൽകിയ പൊറോട്ടയും കറിയും കഴിച്ചവർക്ക്

0

കൊല്ലം: കൊല്ലത്തെ ഭക്ഷ്യവിഷബാധയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത്.

എന്നാൽ ഈ ഹോട്ടൽ ഒമ്പത് വർഷമായി ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. 3 വർഷമായി ഹോട്ടലിന് ഹെൽത്ത്‌ കാർഡ് ഇല്ല. കടയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വിഷബാധയേറ്റ് ആകെ 19 പേരാണ് ചികിത്സയിലുള്ളത്. 8 പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലും 11 ആളുകൾ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്.

അതേ സമയം തൃശൂരിൽ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തൃശ്ശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45 ഹോട്ടലുകളിലായിരുന്നു പരിശോധന. ഇതിൽ ഏഴിടത്താണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

ആമ്പക്കാടൻ ജംഗ്ഷനിലെ അറേബ്യൻ ഗ്രിൽ, മിഷൻ കോട്ടേഴ്സിലെ ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ ചേറൂർ, പ്രിയ ഹോട്ടൽ കൊക്കാലെ, ചന്ദ്രമതി ആശുപത്രി കാൻറീൻ, എംജി റോഡിലെ ചന്ദ്ര ഹോട്ടൽ എന്നീ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു.

Leave a Reply