അക്രമകാരികളായ കാട്ടാനകളെ പിടികൂടാനും കൂട്ടിലാക്കി പരിപാലിക്കാനും വനംവകുപ്പിനു ചെലവ്‌ ലക്ഷങ്ങള്‍

0

അക്രമകാരികളായ കാട്ടാനകളെ പിടികൂടാനും കൂട്ടിലാക്കി പരിപാലിക്കാനും വനംവകുപ്പിനു ചെലവ്‌ ലക്ഷങ്ങള്‍. ഒരു ആനയെ പിടികൂടി കൂട്ടിലാക്കാന്‍ ചുരുങ്ങിയത്‌ 25 ലക്ഷം രൂപയാണു ചെലവ്‌. കൂട്‌ തയാറാക്കാനുള്ള തടി, പണിക്കൂലി, കുങ്കിയാനകളെ എത്തിക്കാനുള്ള ചെലവ്‌, ദൗത്യസംഘാംഗങ്ങളുടെ ചെലവ്‌ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. തുടര്‍ന്ന്‌, ആനയുടെ പ്രതിദിനപരിപാലനച്ചെലവ്‌ വേറേ. ചെലവായ പണത്തിനു ബില്‍ കൊടുത്താലും മുഴുവന്‍ തുക സര്‍ക്കാരില്‍നിന്നു പാസാകില്ല. ബാക്കി തുക കണ്ടെത്തേണ്ട ബാധ്യത ഡി.എഫ്‌.ഒയ്‌ക്കും റേഞ്ച്‌ ഓഫീസര്‍ക്കുമാണ്‌.
നാടിനെ വിറപ്പിച്ച രണ്ട്‌ കാട്ടാനകളെയാണ്‌ ഈമാസം പിടികൂടി കൂട്ടിലാക്കിയത്‌- വയനാട്ടിലെ പി.എം. രണ്ടാമനും പാലക്കാട്ടെ പി.ടി. ഏഴാമനും. ധോണിയെന്നു പിന്നീടു പേരിട്ട പി.ടി. ഏഴാമനെ പിടികൂടാനുള്ള ദൗത്യസംഘത്തില്‍ നൂറുപേരാണുണ്ടായിരുന്നത്‌. ചീഫ്‌ വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിലുള്ള എട്ടംഗ മയക്കുവെടിസംഘം, ആനയെ കണ്ടെത്താനുള്ള 10 ട്രാക്കര്‍മാര്‍, 45 സപ്പോര്‍ട്ടിങ്‌ സ്‌റ്റാഫ്‌ എന്നിവരാണു മൂന്നുദിവസങ്ങളിലായി കാടുകയറിയത്‌. മൂന്ന്‌ കുങ്കിയാനകളെയും ഉപയോഗിച്ചു. ഒരു കുങ്കിയാനയ്‌ക്കൊപ്പം പാപ്പാന്‍, സഹായി, ലോറി ൈഡ്രവര്‍ തുടങ്ങി എട്ടുപേരുണ്ടാകും. പി.ടി-7 ദൗത്യത്തിനായി ഒരു പാപ്പാനെയും നാല്‌ വാച്ചര്‍മാരെയും പുതുതായി നിയമിച്ചു. ഇവര്‍ക്കു പ്രതിമാസം കുറഞ്ഞത്‌ 25,000 രൂപ വീതമാണു ശമ്പളം.

കൂട്‌ ഉപയോഗപ്പെട്ടില്ലെങ്കില്‍ ഡി.എഫ്‌.ഒയുടെ കീശ കീറും!

ബത്തേരിയില്‍ കഴിഞ്ഞ 10-നു പത്തിനു പിടിച്ച പി.എം. രണ്ടാമനു വേണ്ടിയാണു ധോണിയില്‍ പന്തിക്കൂട്‌ കെട്ടിയത്‌. എന്നാല്‍, അത്രദൂരം ആനയെ കൊണ്ടുവരുന്നതു റിസ്‌കായതിനാല്‍ മുത്തങ്ങ ക്യാമ്പിലെ പന്തിക്കൂട്ടിലടച്ചു. അതോടെ, ധോണിയിലെ പന്തിക്കൂട്‌ ബാധ്യതയായ ഘട്ടത്തിലാണു പി.ടി. ഏഴാമന്‍ പിടിയിലായത്‌. അല്ലായിരുന്നെങ്കില്‍ കൂടുണ്ടാക്കിയ വകയില്‍ വാങ്ങിയ പണം ഡി.എഫ്‌.ഒ. തിരിച്ചടയ്‌ക്കേണ്ടിവരുമായിരുന്നു.

മെരുങ്ങാതെ മണികണ്‌ഠന്‍

പ്രതിദിനം 10,000 രൂപയാണ്‌ പിടിയിലായ ആനയുടെ പരിപാലനച്ചെലവ്‌. പരിശീലനം, തീറ്റ, ചികിത്സ എന്നിവയെല്ലാം ഉള്‍പ്പെടെയാണിത്‌. പരിശീലനകാലയളവില്‍ ആനയ്‌ക്കു പ്രത്യേകം തീറ്റയാണു നല്‍കുന്നത്‌. ആന്റിബയോട്ടിക്കും വിറ്റാമിന്‍ മരുന്നുകളും നല്‍കും. പ്രായമുള്ള കാട്ടാനകള്‍ മെരുങ്ങാന്‍ മാസങ്ങളെടുക്കും. ധോണിക്കു മുപ്പതിലേറെ പ്രായം കണക്കാക്കുന്നു. അഗളിയില്‍നിന്ന്‌ ഒന്നരവര്‍ഷം മുമ്പ്‌ പിടികൂടി കോടനാട്ടെത്തിച്ച മണികണ്‌ഠന്‍ ഇതുവരെ മെരുങ്ങിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here