സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോൾ കേന്ദ്രഫണ്ടിന്റെ വിനിയോഗം ഫലപ്രദമാണോ ചോദ്യമുയരുന്നു

0

കൊച്ചി: സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായി തുടരുമ്പോൾ കേന്ദ്രഫണ്ടിന്റെ വിനിയോഗം ഫലപ്രദമാണോ ചോദ്യമുയരുന്നു. പാലക്കാട് ധോണിയിൽ ഭീതി പരത്തി പിടി 7, വയനാടിൽ കടുവകൾ, ഇടുക്കിയിലും കാട്ടാന ശല്യം കൂടുന്നു. സംസ്ഥാനത്തെ വന്യമൃഗശല്യം നിയന്ത്രിക്കാൻ 2014-15 മുതൽ 2021-22 വരെ കേന്ദ്രം നൽകിയത് 76.96 കോടി രൂപയാണ്. എന്നാൽ കേരളം ചെലവിട്ടതാകട്ടെ 42.09 കോടി രൂപ മാത്രമെന്ന് വിവരാവകാശ രേഖ വിശദീകരിക്കുന്നു.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. വന്യമൃഗശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രഫണ്ട് വിനിയോഗിക്കുന്നതിൽ വനം വകുപ്പിന്റെ അലംഭാവം പുറത്തുവരുന്നത്. വന്യ മൃഗശല്യത്തിനെതിരെ ഹർത്താൽ നടത്തുന്ന ബിജെപി പോലും ഫണ്ടുപയോഗത്തിലെ പ്രശ്‌നങ്ങൾ ചർച്ചയാക്കുന്നില്ല.

സോഷ്യൽ ഓഡിറ്റ് അത്യാവശ്യം

കേന്ദ്രഫണ്ടിൽ 35 കോടി രൂപ ചെലവഴിക്കാതിരിക്കുമ്പോഴാണ് കിഫ്ബിയിൽ നിന്നും സോളാർ വേലികൾ നിർമ്മിച്ചുവെന്ന് സർക്കാർ അവകാശപെടുന്നത്. കേന്ദ്രഫണ്ട് കൃത്യമായി ചിലവഴിക്കുന്നുണ്ടോ, ഈ ഫണ്ട് ഉപയോഗിച്ചു ഏതൊക്ക പ്രദേശങ്ങളിൽ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി, അവ ഫലപ്രദമാണോ എന്നു സർക്കാർ വ്യക്തമാക്കണം ഗോവിന്ദൻ നമ്പൂതിരി പറഞ്ഞു.

കാട്ടാനകളുടെ ആക്രമണം തടയാൻ പ്രൊജക്റ്റ് എലിഫന്റ്. എട്ട് വർഷം, കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയത് 32.83 കോടി

മനുഷ്യനും കാട്ടാനയും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ 2014-15 മുതൽ 2021-22 വരെ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കേരളത്തിന് 32.83 രൂപ നൽകിയതായി വിവരാവകാശ രേഖ. ജനവാസ മേഖലയിലേക്ക് ആനകൾ കടക്കുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ടെങ്കിലും ഫണ്ടിന്റെ ഭൂരിഭാഗവും വിനിയോഗിച്ചതായി സംസ്ഥാനം അവകാശപ്പെടുന്നു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

സംസ്ഥാനത്തിന് സാമ്പത്തിക, സാങ്കേതിക സഹായവും മന്ത്രാലയം നൽകുന്നുണ്ട് വിവരാവകാശ മറുപടിയിൽ പറയുന്നു. കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പോലും പ്രതിരോധ സംവിധാനങ്ങൾ ശക്തമല്ല. പിന്നെ ഈ ഫണ്ട് എങ്ങനെ ചിലവഴിച്ചു വനം വകുപ്പ് വ്യക്തമാക്കണം ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here