ലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം

0

കൊൽക്കത്ത:താരതമ്യേന ചെറിയ വിജയലക്ഷ്യത്തിന് ശ്രീലങ്കയ്ക്ക് മറുപടി നൽകാനിറങ്ങിയ ഇന്ത്യൻ ബാറ്റിങ്ങ് നിരയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല.എന്നാൽ കെ.എൽ രാഹുലിന്റെ മികച്ച ഇന്നിങ്ങ്‌സിലൂടെ രണ്ടാം ഏകദിനത്തിലും ശ്രീലങ്കയെ തകർത്ത് ഏകദിന പരമ്പര നേടാൻ ഇന്ത്യൻ നിരയ്ക്കായി.കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം ഏകദിനം നാല് വിക്കറ്റിന് ജയിച്ചതോടെയാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറിൽ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 43.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 64 റൺസ് നേടിയ കെ എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്‌ച്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

216 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്.16 ഓവറുകൾ പിന്നിടുമ്പോൾ നാലിന് 89 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശർമ (17), ശുഭ്മാൻ ഗിൽ (21), വിരാട് കോലി (4), ശ്രേയസ് അയ്യർ (28) എന്നിവർ നിരാശപ്പെടുത്തുകയാണുണ്ടായത്. ആത്മവിശ്വാസത്തോടെയാണ് രോഹിത് തുടങ്ങിയത്. രണ്ട് ഫോറും ഒരു സിക്സും രോഹിത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. എന്നാൽ ചാമിക കരുണരത്നെയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി രോഹിത് മടങ്ങി. ഗില്ലും മനോഹരമായിട്ടാണ് തുടങ്ങിയത്. അഞ്ച് ബൗണ്ടറികൾ ഇന്നിങ്സിലുണ്ടായിരുന്നു.

എന്നാൽ കുമാരയുടെ പന്തിൽ പുൾ ഷോട്ടിന് ശ്രമിക്കവെ അവിഷ്‌ക ഫെർണാണ്ടോയ്ക്ക് ക്യാച്ച്. കോലി, കുമാരയുടെ പന്തിൽ ബൗൾഡായി. ശ്രേയസ് കശുൻ രജിതയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നീട് ഹാർദിക് പാണ്ഡ്യ (36) രാഹുൽ സഖ്യം കൂട്ടിചേർത്ത റൺസാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 75 റൺസ് കൂട്ടിചേർത്തു. എന്നാൽ ഹാർദിക്കിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് കരുണാരത്നെ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. പിന്നീടെത്തിയ അക്സർ പട്ടേൽ (21) നിർണായക ഘട്ടത്തിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാൽ രാഹുൽ ഒരറ്റത്ത് ഉറച്ച് നിന്നതോടെ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി. കുൽദീപ് യാദവ് (10) പുറത്താവാതെ നിന്നു. ലാഹിരു കുമാര, കരുണാരത്നെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറിൽ 215 റൺസിന് ഓൾ ഔട്ടായി. 50 റൺസെടുത്ത നുവാനിഡു ഫെർണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്‌കോറർ. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നേടി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണർമാരായ ആവിഷ്‌ക ഫെർണാണ്ടോയും(20) ഫെർണാണ്ടോയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ആറാം ഓവറിൽ ആവിഷ്‌കയെ ബൗൾഡാക്കി മുഹമ്മദ് സിറാജാണ് ലങ്കയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ പിന്നീട് ലങ്കൻ ബാറ്റർമാരായ ഫെർണാണ്ടോക്കും കുശാൽ മെൻഡിസിനും വെല്ലുവിളി ഉയർത്താൻ ഇന്ത്യൻ പേസർമാർക്ക് കഴിഞ്ഞില്ല. ഉംറാൻ മാലിക്കിനെ ആദ്യ ഓവറിൽ തന്നെ 14 റൺസടിച്ച് ടോപ് ഗിയറിലായ നുവാനിഡുവും കുശാലും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ ലങ്കയെ പതിനാറാം ഓവറിൽ 100 കടത്തി മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടു.

പതിനേഴാം ഓവറിൽ 102-1 എന്ന മികച്ച നിലയിലായിരുന്ന ലങ്കയെ വരിഞ്ഞുകെട്ടാൻ ക്യാപ്റ്റൻ രോഹിത് ശർമ സ്പിന്നർമാരെ രംഗത്തിറക്കിയതോടെയാണ് കളി മാറിയത്. ചാഹലിന് പകരം ടീമിലെത്തി കുൽദീപ് യാദവ് തന്റെ ആദ്യ ഓവറിൽ തന്നെ കുശാൽ മെൻഡിസിനെ (34) വിക്കറ്റിന് മുന്നിൽ കുടുക്കി ലങ്കൻ തകർച്ചക്ക് തുടക്കമിട്ടു. പിന്നാലെ ധനഞ്ജയ ഡിസിൽവയെ(0) അക്സർ ഗോൾഡൻ ഡക്കാക്കിയതിന് പിന്നാലെ അർധസെഞ്ചുറി പൂർത്തിയാക്കി ഫെർണാണ്ടോ റൺ ഔട്ടായി.

ചരിത് അസലങ്കയെയും (15), കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ദാസുൻ ഷനകയെയും (2) കുൽദീപ് വീഴ്‌ത്തി. പ്രത്യാക്രമണത്തിലൂടെ റൺസ് നേടാൻ ശ്രമിച്ച വാനിന്ദു ഹസരങ്കയെയും (21), ചമിക കരുണരത്നെയും (17) ഉംറാൻ മാലിക് മടക്കുകയും ചെയ്തതോടെ ലങ്ക 177-8ലേക്ക് വീണു. വാലറ്റത്ത് കസുൻ രജിയതയും(17), വെല്ലാലഗെയും(32) നടത്തിയ പോരാട്ടം ലങ്കയെ 200 കടത്തിയെങ്കിലും 40-ാം ഓവറിൽ രണ്ട് വിക്കറ്റെടുത്ത് സിറാജ് ലങ്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു. സിറാജ് 5.4 ഓവറിൽ 30 റൺസിനാണ് മൂന്ന് വിക്കറ്റെടുത്തത്. കുൽദീപ് 10 ഓവറിൽ 51 റൺസിനാണ് മൂന്ന് വിക്കറ്റെടുത്തത്. ഉംറാൻ രണ്ടും അക്സർ പട്ടേൽ് ഒരു വിക്കറ്റും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here