കേന്ദ്രത്തിന്റെ എതിര്‍പ്പ്‌ തള്ളി സുപ്രീം കോടതി , സ്വവര്‍ഗാനുരാഗം ജഡ്‌ജിയാകാന്‍ തടസമല്ല

0


ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ്‌ കിര്‍പാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നതിന്റെ കാരണം പരസ്യമാക്കി സുപ്രീം കോടതി.
സൗരഭ്‌ സ്വവര്‍ഗാനുരാഗിയാണെന്നും അദ്ദേഹത്തിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ പൗരനാണെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കൊളീജിയം ശിപാര്‍ശ അഞ്ചുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്‌. എന്നാല്‍, സൗരഭിന്റെ പേര്‌ മൂന്നാമതും ശിപാര്‍ശചെയ്‌ത സുപ്രീം കോടതി, അതിനെതിരേ കേന്ദ്രം ചൂണ്ടിക്കാട്ടിയ രണ്ട്‌ കാരണങ്ങളും തള്ളി.
കൊളീജിയം ശിപാര്‍ശ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാരുമായുള്ള ആശയവിനിമയം ആദ്യമായാണു സുപ്രീം കോടതി പരസ്യമാക്കുന്നത്‌. സൗരഭിന്റെ വ്യക്‌തിപരമായ കാര്യങ്ങള്‍ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സികളായ ഐ.ബിയും േറായും കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടിനു ദേശസുരക്ഷയമായി യാതൊരു ബന്ധവുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സൗരഭിന്റെ പങ്കാളിക്കു പൗരത്വമുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ്‌ ഇന്ത്യയുടെ സുഹൃദ്‌രാഷ്‌ട്രമാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌, ജസ്‌റ്റിസുമാരായ കെ.എം. ജോസഫ്‌, എസ്‌.കെ. കൗള്‍ എന്നിവര്‍ ഒപ്പിട്ട കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഭരണഘടനാപദവികള്‍ വഹിക്കുന്നവരില്‍ പലരുടെയും പങ്കാളികള്‍ വിദേശപൗരത്വമുള്ളവരാണ്‌.
അതുകൊണ്ടുതന്നെ, അതിന്റെ പേരില്‍ സൗരഭിന്റെ ഉദ്യോഗാര്‍ഥിത്വം നിരസിക്കാനാവില്ല. അദ്ദേഹത്തിനു ബുദ്ധിയും കഴിവും വിശ്വാസ്യതയുമുണ്ട്‌.
അദ്ദേഹത്തെ ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കുന്നതു വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതിനുള്ള അംഗീകാരവുമാണെന്നു കോടതി വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here