ഗുജറാത്തില്‍ തെരുവുനായ്ക്കള്‍ക്ക് കൂട്ടക്കുരുതി

0

ഗുജറാത്തില്‍ തെരുവുനായ്ക്കള്‍ക്ക് കൂട്ടക്കുരുതി. ഗിര്‍-സോംനാഥ് ജില്ലയില്‍ 25 ഓളം തെരുവുനായ്ക്കളെയും അവയുടെ കുട്ടികളെയും അടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മൃഗാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെരാവല്‍ താലൂക്കിലെ അജോതയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സംസ്ഥാന ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്‌വിയോടും ജില്ലാ പോലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു. പ്രദേശത്ത് ഒരു സമൂഹ വിവാഹത്തിന് നാട്ടുകാര്‍ ആലോചിച്ചിരുന്നു. ഇതിനു മുന്നോടിയായി ഗ്രാമം ശുചീകരിക്കാനിറങ്ങിയവരാണ് നായ്ക്കളെ അടിച്ചുകൊന്നതെന്നാണ് റിപ്പോര്‍ട്ട്. നായ്ക്കളെ ചാക്കുകളില്‍ കെട്ടി വലിച്ചെറിയുന്നതും പ്രാണഭീതിയില്‍ നായ്ക്കള്‍ ഓരിയിടുന്നതും വീഡിയോയില്‍ ഉണ്ട്.

പ്രദേശത്ത് നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കിയിരുന്നില്ല. ഇതേതുടര്‍ന്ന് തെരുവുനായ്ക്കള്‍ പെറ്റുപെരുകി. അതിന്റെ പേരില്‍ നായ്ക്കളോട് ഇത്രയും ക്രൂരത ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം രാജേന്ദ്ര ഷാ പറഞ്ഞു.

Leave a Reply