യൂട്യൂബില്‍നിന്നു തന്ത്രങ്ങള്‍ പഠിച്ച്‌ പത്താംക്ലാസുകാരന്റെ മോഷണം; ഒടുവില്‍ പോലീസ്‌ പിടിച്ചു

0


കണ്ണൂര്‍: യൂട്യൂബില്‍നിന്നു തന്ത്രങ്ങള്‍ പഠിച്ച്‌ വീടുകുത്തിത്തുറന്നു സ്വര്‍ണവും പണവും അപഹരിച്ച പത്താം ക്ലാസുകാരന്‍ പിടിയില്‍. പ്രദേശത്തെ സി.സി.ടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ്‌ കുട്ടിമോഷ്‌ടാവിനെ പോലീസ്‌ തിരിച്ചറിഞ്ഞത്‌.
മാസ്‌ക്കണിഞ്ഞെത്തിയ മോഷ്‌ടാവ്‌ പട്ടാപ്പകല്‍ വീട്‌ കുത്തിത്തുറന്ന്‌ 87,200 രൂപയും രണ്ടര പവന്റെ സ്വര്‍ണാഭരണവുമാണു കവര്‍ന്നത്‌. ശ്രീകണ്‌ഠാപുരം സി.ഐ: ഇ.പി. സുരേശനും എസ്‌.ഐ. രഘുനാഥും ചേര്‍ന്നാണ്‌ പത്താംക്ലാസ്‌ വിദ്യാര്‍ഥിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.
പൊടിക്കളം കക്കാട്ടുവയല്‍ ഒന്നാംകണ്ടിപ്പറമ്പില്‍ ദാക്ഷായണിയുടെ വീടാണ്‌ കഴിഞ്ഞ 17-നു രാവിലെ കുത്തിതുറന്നു കവര്‍ച്ച നടത്തിയത്‌. ദാക്ഷായണി തൊഴിലുറപ്പുജോലിക്കും ഭര്‍ത്താവ്‌ പ്രകാശന്‍ മറ്റൊരു ജോലിക്കും പോയിരുന്നു. പ്രകാശന്‍ ജോലിക്കു പോകുമ്പോള്‍ വഴിയില്‍വച്ച്‌ വിദ്യാര്‍ഥി കുശലം പറഞ്ഞിരുന്നു. വൈകുന്നേരമേ തിരിച്ചുവരൂ എന്നു മനസിലാക്കിയാണ്‌ വീട്ടില്‍ കവര്‍ച്ച നടത്തിയത്‌. പിന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത്‌ അകത്തുകടന്ന വിദ്യാര്‍ഥി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം, രണ്ടേകാല്‍ പവന്റെ താലിമാല, കാല്‍ പവന്റെ മോതിരം എന്നിവ മോഷ്‌ടിച്ചു. കുട്ടി യൂട്യൂബിനും മൊബൈല്‍ ഗെയിമിനും അടിമയാണെന്നു പോലീസ്‌ പറയുന്നു. കവര്‍ച്ചയ്‌ക്കുശേഷം കോഴിക്കോട്ടേക്കു പോകുന്നതായി പറഞ്ഞ്‌ വിദ്യാര്‍ഥി സ്‌ഥലം വിട്ടിരുന്നു. എന്നാല്‍ എറണാകുളം, കോട്ടയം പ്രദേശങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നെന്നാണ്‌ പോലീസ്‌ പറയുന്നത്‌.
മോഷ്‌ടിച്ച സ്വര്‍ണം വിറ്റ്‌ കുറച്ചു പണം ചെലവഴിച്ചിട്ടുണ്ട്‌. പോലീസ്‌ അന്വേഷണമാരംഭിച്ചതോടെ ഭയന്നുപോയെന്നും താലിമാലയും ബാക്കി പണവും കോട്ടയം-വൈക്കം റോഡില്‍ ഉപേക്ഷിച്ചെന്നുമാണ്‌ വിദ്യാര്‍ഥിയുടെ മൊഴി. കവര്‍ച്ച നടത്താന്‍ മറ്റാരെങ്കിലും കൂടെയുണ്ടായിരുന്നോ എന്ന കാര്യം പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
സീനിയര്‍ സി.പി.ഒമാരായ കെ. സജീവന്‍, സി.വി. രജീഷ്‌ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജുവനൈല്‍ കോടതിയുടെ ചുമതല വഹിക്കുന്ന തലശേരി പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട്‌ വെള്ളിമാടുകുന്ന്‌ ചില്‍ഡ്രന്‍സ്‌ ഹോമിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here