ശബരിമലനട ഇന്ന്‌ അടയ്‌ക്കും , പണം എണ്ണാന്‍ ബാക്കി; ഭണ്ഡാരം അടയ്‌ക്കില്ല

0


ശബരിമല: മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടനകാലത്തിനു പരിസമാപ്‌തി കുറിച്ച്‌ ഇന്ന്‌ ക്ഷേത്രനട അടച്ചാലും ഭണ്ഡാരത്തിന്റെ പ്രവര്‍ത്തനം തുടരാന്‍ തീരുമാനം. തീര്‍ഥാടനകാലത്തു ലഭിച്ച പണം പൂര്‍ണമായും എണ്ണിത്തീരാത്ത സാഹചര്യത്തിലാണിത്‌. എണ്ണല്‍ നാളെ പൂര്‍ത്തീകരിക്കാനാണ്‌ ശ്രമം. സാധിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കുന്നതു പരിഗണിക്കും.
ശബരീപീഠം മുതല്‍ സന്നിധാനം വരെയുള്ളതും മാളികപ്പുറത്തെയും വിവിധ വഞ്ചികളില്‍നിന്നുള്ള പണവും ശ്രീകോവിലിനു മുന്നിലെ പ്രധാന വഞ്ചിയില്‍നിന്ന്‌ കണ്‍വയര്‍ ബെല്‍റ്റ്‌ വഴി വരുന്ന പണവുമാണ്‌ സന്നിധാനത്തെ ഭണ്ഡാരത്തില്‍ എണ്ണുന്നത്‌. പണം വേഗം എണ്ണിത്തീര്‍ക്കാന്‍ പന്തളം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ദേവസ്വം ജീവനക്കാരെ സന്നിധാനത്ത്‌ ഭണ്ഡാരത്തിലേക്കു നിയമിച്ചിട്ടുണ്ട. നിലവില്‍ 350 ജീവനക്കാരാണ്‌ പണം എണ്ണുന്നത്‌. മകരവിളക്ക്‌ തീര്‍ഥാടനകാലം പൂര്‍ത്തിയാക്കി ഇന്ന്‌ ക്ഷേത്രനടയടച്ചാല്‍ സന്നിധാനത്ത്‌ ജോലി നോക്കുന്ന ഇതര ദേവസ്വം ജീവനക്കാരുടെ സേവനം കൂടി ഭണ്ഡാരത്തിലേക്ക്‌ വിനിയോഗിക്കും. ഇന്നലെ 20 ജീവനക്കാര്‍ കൂടുതലായി എത്തിയിട്ടുണ്ട്‌.
പഴയ ഭണ്ഡാരത്തിനും പുതിയതിനും പുറമെ അന്നദാന മണ്ഡപത്തില്‍ കൂടുതല്‍ സ്‌ഥലത്ത്‌ പണം എണ്ണിത്തിട്ടപ്പെടുത്തുന്നുണ്ട്‌. മാളികപ്പുറം ഭാഗത്തെ ഭണ്ഡാരത്തിലും പണം വേര്‍തിരിക്കുന്നുണ്ട്‌. പുതിയ ഭണ്ഡാരത്തിലാണ്‌ തീര്‍ഥാടന കാലത്തിന്റെ തുടക്കം പണം എണ്ണിയത്‌. പണം കുമിഞ്ഞതോടെ പഴയ ഭണ്ഡാരത്തിലെ മുകള്‍ഭാഗത്തും താഴത്തെ നിലയിലും പണം എണ്ണിത്തുടങ്ങി.
മകരവിളക്കായതോടെ കാണിക്കപ്പണം അതാതുദിവസം എണ്ണിത്തീര്‍ക്കാന്‍ കഴിയാതെ വന്നിരുന്നു. നടയടച്ചാലും എണ്ണത്തീരില്ല എന്ന സ്‌ഥിതി വന്നതോടെ കൂടുതല്‍ ജീവനക്കാരെയും സ്‌ഥലസൗകര്യവും ക്രമീകരിക്കുകയായിരുന്നു. പതിവില്‍നിന്ന്‌ വ്യത്യസ്‌തമായി മകരവിളക്കിനുശേഷവും വലിയ ഭക്‌തജനത്തിരക്കിനാണ്‌ സന്നിധാനം സാക്ഷ്യം വഹിച്ചത്‌.

Leave a Reply