ജോഷിമഠ്‌ ദുരന്തം , ഐ.എസ്‌.ആര്‍.ഒ. ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ മാധ്യമങ്ങളോടു സംവദിക്കുന്നതും സാമൂഹികമാധ്യമങ്ങളില്‍ വിവരം പങ്കുവയ്‌ക്കുന്നതും വിലക്കി ദേശീയ ദുരന്തനിവാരണ അതോറിറ്റി

0

ഇഞ്ചിഞ്ചായി ഭൂമിക്കടിയിലേക്ക്‌ അന്തര്‍ധാനം ചെയ്യുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠ്‌ ദുരന്തം സംബന്ധിച്ച്‌, ഐ.എസ്‌.ആര്‍.ഒ. ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ മാധ്യമങ്ങളോടു സംവദിക്കുന്നതും സാമൂഹികമാധ്യമങ്ങളില്‍ വിവരം പങ്കുവയ്‌ക്കുന്നതും വിലക്കി ദേശീയ ദുരന്തനിവാരണ അതോറിറ്റി.
സ്‌ഥിതിവിവരങ്ങളെക്കുറിച്ചു സ്‌ഥാപനങ്ങളുടെ സ്വന്തം വിശകലനം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണിത്‌. 12 ദിവസത്തിനുള്ളില്‍ ജോഷിമഠ്‌ പട്ടണം 5.4 സെന്റിമീറ്റര്‍ ഇടിഞ്ഞുതാണതായി ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവിട്ട്‌ ഐ.എസ്‌.ആര്‍.ഒ. വെളിപ്പെടുത്തിയതിനു പിന്നാലെയാണ്‌ അതോറിറ്റിയുടെ വിലക്ക്‌.
മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമുള്ള ഇത്തരം വിവരവിനിമയം ദുരിതബാധിതരില്‍ മാത്രമല്ല, രാജ്യത്തെമ്പാടും ആശയക്കുഴപ്പമുണ്ടാക്കുന്നതായി അതോറിറ്റിയുടെ കത്തില്‍ പറയുന്നു. കഴിഞ്ഞ 12-നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ വിളിച്ചുചേര്‍ത്ത യോഗത്തിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടു. മണ്ണിടിച്ചില്‍ പ്രതിഭാസം പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധസമിതി രൂപീകരിച്ചിട്ടുണ്ട്‌. സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതുവരെ ഐ.എസ്‌.ആര്‍.ഒ. ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങള്‍ വിഷയത്തെ വൈകാരികമാക്കുകയോ സാമൂഹികമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവയ്‌ക്കുകയോ ചെയ്യരുത്‌- അതോറിറ്റി നിര്‍ദേശിച്ചു.
ഡിസംബര്‍ 27-നും ജനുവരി എട്ടിനുമിടയില്‍ ജോഷിമഠ്‌ 5.4 സെമീ. ഇടിഞ്ഞുതാണതായാണ്‌ കാര്‍ട്ടോസാറ്റ്‌-2 എസ്‌ ഉപഗ്രഹത്തില്‍നിന്നുള്ള ചിത്രങ്ങള്‍ സഹിതം ഐ.എസ്‌.ആര്‍.ഒയുടെ നാഷണല്‍ റിമോട്ട്‌ സെന്‍സിങ്‌ സെന്റര്‍ വെളിപ്പെടുത്തിയത്‌. പരിസ്‌ഥിതി ലോലമേഖലയായ ജോഷിമഠില്‍ അശാസ്‌ത്രീയമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളുമാണു മണ്ണിടിച്ചില്‍ ദുരന്തത്തിനു കാരണമായതെന്ന ആരോപണം കേന്ദ്ര-സംസ്‌ഥാനസര്‍ക്കരുകളെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്‌.
അതേസമയം, ജോഷിമഠില്‍നിന്ന്‌ ഇതുവരെ 99 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി മുഖ്യമന്ത്രി ധാമി അറിയിച്ചു. പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക്‌ അടിയന്തര സഹായമായി 1.5 ലക്ഷം രൂപയാണു നല്‍കുന്നത്‌. സഹായധനം വര്‍ധിപ്പിക്കുന്നതു പരിഗണനയിലുണ്ട്‌. മെച്ചപ്പെട്ട ദുരിതാശ്വാസ പാക്കേജിനായി സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനാണു തീരുമാനം. വീടുകള്‍, വ്യാപാരസ്‌ഥാപനങ്ങള്‍ എന്നിവ നഷ്‌ടപ്പെടുന്നവര്‍ക്കാണ്‌ അടിയന്തരമായി ഇടക്കാല സഹായം നല്‍കുന്നതെന്നും ധാമി പറഞ്ഞു. ജീവിതോപാധികള്‍ നഷ്‌ടപ്പെടുന്നവര്‍ക്കു പ്രത്യേക പരിഗണന നല്‍കും.
സുരക്ഷാ മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിക്കപ്പെടു ഓരോ കുടുംബത്തിലെയും രണ്ട്‌ അംഗങ്ങള്‍ക്ക്‌ ജോലി ഉറപ്പാക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ നിയമപ്രകാരമാകും ഇവര്‍ക്ക്‌ ജോലി നല്‍കുക. അടുത്ത ആറുമാസത്തേക്ക്‌ വൈദ്യുതി, കുടിവെള്ള ബില്ലുകള്‍ അടയ്‌ക്കുന്നതില്‍നിന്ന്‌ ഈ കുടുംബങ്ങളെ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Leave a Reply