നിര്‍മാണമേഖലയ്‌ക്കു തിരിച്ചടിയായി കരിങ്കല്ല്‌ ഉള്‍പ്പെടെ ക്വാറി ഉല്‍പ്പന്ന വിലവര്‍ധന

0

നിര്‍മാണമേഖലയ്‌ക്കു തിരിച്ചടിയായി കരിങ്കല്ല്‌ ഉള്‍പ്പെടെ ക്വാറി ഉല്‍പ്പന്ന വിലവര്‍ധന. പ്രതിസന്ധിയുടെ ആഴംകൂട്ടി ഈമാസം 19 മുതല്‍ സമരവുമായി ക്രഷര്‍, ഹോളോബ്രിക്‌സ്‌, ടിപ്പര്‍, ടോറസ്‌ ഉടമകള്‍. വിലവര്‍ധനയുടെ പശ്‌ചാത്തലത്തില്‍ നിരക്ക്‌ പുതുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പണിമുടക്കിന്‌ സര്‍ക്കാര്‍ കരാറുകാരും. റോഡ്‌ നിര്‍മാണമടക്കമുള്ള പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്ന്‌ ആശങ്ക.
സമീപകാലത്ത്‌ 30 ശതമാനം വിലവര്‍ധനയാണ്‌ ക്വാറി ഉല്‍പ്പന്നങ്ങള്‍ക്കുണ്ടായത്‌. മെറ്റല്‍, സിമെന്റ്‌ കട്ട, പാറമണല്‍, എം സാന്‍ഡ്‌ എന്നിവയുടെ വിലയും കൂടി. 4,000 ക്വാറികള്‍ ഉണ്ടായിരുന്ന സ്‌ഥാനത്ത്‌ നിലവില്‍ സംസ്‌ഥാനത്തു പ്രവര്‍ത്തിക്കുന്നത്‌ 150 എണ്ണം.
ലഭ്യത കുറഞ്ഞതോടെ കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളില്‍ നിന്നാണ്‌ കരിങ്കല്ല്‌ കേരളത്തിലേക്ക്‌ കൂടുതലായി എത്തിക്കുന്നത്‌.
പ്രതിദിനം 500 ടോറസ്‌ ലോഡുകള്‍ സംസ്‌ഥാനത്തേക്കു വരുന്നുണ്ടെന്ന്‌ ഈ മേഖലയിലുള്ളവര്‍ വ്യക്‌തമാക്കുന്നു. സംസ്‌ഥാന സര്‍ക്കാരിന്‌ വന്‍ നികുതിനഷ്‌ടമാണ്‌ ഇതുവഴിയുണ്ടാകുന്നത്‌. നേട്ടം തമിഴ്‌നാടിനും കര്‍ണാടകയ്‌ക്കും.
ലോഡുമായി വരുന്ന ടോറസ്‌, ടിപ്പര്‍ ലോറികള്‍ക്കെതിരേ അമിതഭാരത്തിനു പിഴയീടാക്കലും വ്യാപകമാണ്‌. ആര്‍.ടി.ഒ. രജിസ്‌റ്റര്‍ ചെയ്‌ത വാഹന ബോഡി അളവില്‍ ലോഡ്‌ കയറ്റിവരുന്ന വാഹനങ്ങളെ തടഞ്ഞാണ്‌ പിഴയീടാക്കുന്നത്‌. ഇതൊഴിവാക്കാന്‍ അനുവദനീയമായതിന്റെ പകുതിമാത്രമാണ്‌ കൊണ്ടുവരുന്നത്‌. ഈ വിധത്തില്‍ കടത്തുകൂലിയിലുണ്ടായ വര്‍ധന ക്വാറി ഉല്‍പ്പന്നവിലയിലും പ്രതിഫലിച്ചു.
തമിഴ്‌നാട്ടിലെ ക്വാറികളില്‍ നിന്ന്‌ ചതുരശ്രയടിക്ക്‌ അഞ്ചു രൂപയ്‌ക്കു കിട്ടിയിരുന്ന കരിങ്കല്ലിന്‌ ഇപ്പോള്‍ 12 രൂപയായതും വിലകൂടാന്‍ കാരണമായി. ഇതിന്റെ ഭാരം പേറേണ്ടിവരുന്നത്‌ ഉപയോക്‌താക്കളാണ്‌.
വീടുപണിക്ക്‌ ഉള്‍പ്പെടെ കരിങ്കല്ലും ഉപോല്‍പ്പന്നങ്ങളായ പാറമണലും മെറ്റലും ഒഴിവാക്കാനാകില്ല. വായ്‌പയെടുത്തു വീടുപണിയുന്നവരുടെ ബജറ്റ്‌ തകിടംമറിക്കുന്നതാണ്‌ വിലവര്‍ധന.

ക്രഷര്‍, ഹോളോ ബ്രിക്‌സ്‌, ടിപ്പര്‍ സമരം 19 മുതല്‍

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഈമാസം 19 മുതല്‍ ക്രഷര്‍, ഹോളോ ബ്രിക്‌സ്‌, ടിപ്പര്‍ലോറി സമരം. കുത്തനെ കൂടിയ കരിങ്കല്ലുവില നിയന്ത്രിക്കുക, ആര്‍.ടി.ഒ. രജിസ്‌റ്റര്‍ ചെയ്‌ത ബോഡി അളവില്‍ ലോഡ്‌ കയറ്റാന്‍ അനുവദിക്കുക, ക്രഷര്‍- ഹോളോ ബ്രിക്‌സ്‌ വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണു സമരം.
പോലീസ്‌, മോട്ടോര്‍ വാഹന, മൈനിങ്‌ ആന്‍ഡ്‌ ജിയോളജി വകുപ്പുകളുടെ അന്യായഇടപെടലുകളാണ്‌ കരിങ്കല്ലുവില കൂടാന്‍ ഇടയാക്കിയതെന്ന്‌ സമരപ്രഖ്യാപനം നടത്തിയ ഓള്‍ കേരളാ ക്രഷര്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍, ഹോളോ ബ്രിക്‌സ്‌ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷന്‍, ടിപ്പര്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply