ക്വാണ്ടിറ്റി മാത്രം പോരാ; ഇനി ക്വാളിറ്റിയിലും ശ്രദ്ധിക്കും, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സ്‌കൂള്‍ കരിക്കുലം പരിഷ്‌കരിക്കും

0


കൊച്ചി: എല്ലാവര്‍ക്കും വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള പഠനസമ്പ്രദായത്തില്‍ മാറ്റം വരുത്തി ഗുണമേന്മയുള്ള വിദ്യാഭ്യാസ പദ്ധതികള്‍ നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതിനായി കരിക്കുലത്തില്‍ മാറ്റംവരുത്തും. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ കേരളത്തിലെ കുട്ടികള്‍ പിന്നാക്കമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്.

2013 ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിന് കുട്ടികള്‍ക്കുള്ള അവകാശം സംബന്ധിച്ച 2009 ലെ ആക്ട് പൂര്‍ണമായി നടപ്പാക്കാനാണ് സംസ്ഥാനം അന്ന് ഊന്നല്‍ നല്‍കിയത്. അതില്‍ വിജയിച്ചെങ്കിലും ഗുണനിലവാരത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാനാകാതിരുന്നത് ദേശീയതലത്തിലും വിദേശത്തുമുള്ള മത്സരപരീക്ഷകളില്‍ കേരളത്തിലെ കുട്ടികള്‍ പിന്നാക്കമാകാന്‍ കാരണമായി.

അതിനാല്‍ അധ്യാപകരുടെ നിലവാരം, സാങ്കേതിക വിദ്യ, കുട്ടികളുടെ ഗ്രഹണശേഷി തുടങ്ങിയവ കണക്കിലെടുത്താകും പാഠ്യപദ്ധതിയുടെ പരിഷ്‌കരണം. കുട്ടികളുടെ പഠനതാല്‍പര്യവും പഠനവേഗതയും വര്‍ധിപ്പിക്കാനുതകുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിഷേക്കഷന്‍സ് ടെക്‌നോളജി(ഐ.സി.ടി) സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ കാര്യക്ഷമമല്ല. നിലവിലെ പിരീഡുകള്‍ വച്ച് ഇത്തരം പഠനപ്രവര്‍ത്തനം നടപ്പാക്കാനാവുന്നില്ലെന്നും സമഗ്രമായ ഐ.സി.ടി. പരിശീലനം അധ്യാപകര്‍ക്കു ലഭ്യമാക്കാനായിട്ടില്ലെന്നുമാണ് വിലയിരുത്തല്‍. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ലഭ്യമായിട്ടുള്ള പലയിടത്തും ഐ.സി.ടി. അധിഷ്ഠിത പഠനം പ്രയോഗത്തില്‍ വന്നിട്ടില്ല. വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ഇതു ബാധിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.

പൊതുവിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ കരിക്കുലം സ്റ്റിയറിങ് കമ്മറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായ കരിക്കുലം കോര്‍ കമ്മറ്റിയുമാണ് പാഠ്യപരിഷ്‌കരണം നടപ്പാക്കുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപടികള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണു ശ്രമം.അക്ഷരം ചേര്‍ത്തുവായിക്കുന്നതിലും കണക്കിലും കേരളത്തിലെ സ്‌കൂള്‍കുട്ടികള്‍ പിന്നിലാണെന്ന് സന്നദ്ധസംഘടനയായ പ്രഥമിന്റെ ആന്വല്‍ സ്‌റ്റേറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ (എ.എസ്.ഇ.ആര്‍. റൂറല്‍) പറയുന്നുണ്ട്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്നവര്‍ രണ്ടാംക്ലാസിലെ പുസ്തകംപോലും വായിക്കാന്‍ ബുദ്ധിമുട്ടുന്നു. മൂന്നാംക്ലാസില്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളില്‍ വ്യവകലനമെങ്കിലും അറിയാവുന്നത് 32.7 ശതമാനത്തിനു മാത്രമാണ്. മൂന്നാം ക്ലാസ് കുട്ടികളുടെ വായനാശേഷി 2018 ല്‍ 52.1 ശതമാനമായിരുന്നത് 2022 ല്‍ 38.7 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Leave a Reply