വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മനശാസ്ത്രജ്ഞ ചമഞ്ഞു: സമ്പാദിച്ചത് 8.16 കോടി, യുകെയില്‍ 60 കാരി പിടിയില്‍

0


രണ്ട് പതിറ്റാണ്ടോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മന:ശാസ്ത്രജ്ഞ ചമഞ്ഞ 60 കാരി യുകെയില്‍ പിടിയിലായി. യുകെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്തിരുന്ന സോലിയ അലമേലി എന്ന തട്ടിപ്പുകാരിയാണ് ആരോപണങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. മന:ശാസ്ത്രജ്ഞ ചമഞ്ഞ് മില്യണ്‍ പൗണ്ടിലധികം(8.16 കോടി രൂപ) ആണ് ഇതിനോടകം ഇവര്‍ സമ്പാദിച്ചത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ 20 ല്‍ പരം കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വാദത്തിനിടെ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും സോലിയ നിഷേധിച്ചു. ന്യൂസിലാന്‍ഡിലെ ഒക്കലാന്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബിരുദത്തിന്റെ ആദ്യ ഘട്ടം മാത്ര​മാണ് സോലിയയ്ക്ക് പാസാകാനായത്. ഹ്യുമന്‍ ബയോളജിയില്‍ ബിരുദം നേടിയെങ്കിലും ബാച്ചിലര്‍ ഓഫ് മെഡിസിന്‍ രണ്ടാം വര്‍ഷത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സൃഷ്ടിച്ച് ഇവര്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ ജിഎംസി രജിസ്റ്ററിലേക്ക് പ്രവേശനം നേടിയതെന്ന് പ്രാസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

ബിബിസി റിപ്പോര്‍ട്ട് പ്രകാരം 1962 ല്‍ ഇറാനില്‍ ജനിച്ച സോലിയ 1987 ല്‍ ന്യൂസിലന്‍ഡ് സ്വദേശിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് 1998 മുതല്‍ 2017 വരെ ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തുവെന്നും പ്രോസിക്ക്യൂഷന്‍ വെളിപ്പെടുത്തി. കേസിന്റെ വാദം ഒരാഴ്ചത്തേക്ക് നീക്കിയതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആറ് വര്‍ഷത്തെ പഠന ശേഷം യുകെയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും ബാച്ചിലര്‍ ഓഫ് മെഡിസിനും ബാച്ചിലര്‍ ഓഫ് സര്‍ജറി യോഗ്യത ഉണ്ടായിരിക്കേണ്ടതാണ്.

Leave a Reply