100കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ പ്രവീൺ റാണയ്ക്ക് ജയിൽ അധികൃതരോടു ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു

0

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തൃശൂർ ജില്ലാ ജയിലിൽ എത്തിച്ചപ്പോഴും 100കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ പ്രവീൺ റാണയ്ക്ക് ജയിൽ അധികൃതരോടു ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലേക്ക് ഭാര്യയെ ഫോൺ ചെയ്യാൻ അനുവദിക്കണം. ജയിൽ ചട്ടം അനുസരിച്ച് ഒരു റിമാന്റ് പ്രതിക്ക് വീട്ടിലേക്ക് ഫോൺ ചെയ്യാൻ തടസമില്ല, എന്നാൽ മണി ഓർഡർ ആയി വന്ന പണം അയ്യാളുടെ അക്കൗണ്ടിൽ ഉണ്ടാകണം. വെള്ളിയാഴ്ച വന്ന റിമാന്റ് തടവുകാരനായതിനാൽ ഇതിനൊന്നും റാണയ്ക്ക് സമയം കിട്ടിയിട്ടുമില്ല. റാണയുടെ വീട്ടുകാർക്ക് ഇക്കാര്യത്തെ കുറിച്ച് അറിവും ഉണ്ടായിരുന്നില്ല. എന്നാൽ ഭാര്യയെ വിളിക്കാതിരിക്കാനുമാകുന്നില്ല. ഒടുവിൽ ഭാര്യയെ ഒന്നു വിളിക്കാൻ റാണ ജയിലറുടെ കാല് പിടിച്ചു.

സുപ്രണ്ടിനോടു കെഞ്ചി ഒടുവിൽ അദ്ദേഹത്തിന്റെ തന്നെ വിവേചനാധികാരത്തിൽ റാണയ്ക്ക് ഭാര്യയെ വിളിക്കാൻ അനുമതി കിട്ടി. ഭാര്യയെ വിളിച്ചു കഴിഞ്ഞ് സന്തോഷവാനായി തന്നെ റാണ കയ്യിലുണ്ടായിരുന്ന സാധന സാമഗ്രികൾ സ്റ്റോറിൽ ഏൽപ്പിച്ച ശേഷം അഡ്‌മിഷൻ സെല്ലിലേക്ക് പോയി. പട്ടുമെത്തയിൽ കിടന്നുറങ്ങിയ റാണയ്ക്ക് നിലത്ത് പരമ്പ് വിരിച്ച് കിടക്കാനോ സഹ തടവുകാരോടു മിണ്ടാനോ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. പിറ്റേന്ന് ഭാര്യ അഭിഭാഷകനെയും കൂട്ടി റാണയെ കാണാൻ എത്തി, ഇന്റർവ്യൂ റൂമിൽ റാണയ്ക്ക് മുന്നിൽ ഭാര്യ വിതുമ്പിയപ്പോൾ ഉടൻ ഇറങ്ങുമെന്നും കരയരുതെന്നും റാണ പറഞ്ഞു. പിന്നീട് ഭാര്യയെ മാറ്റി അഭിഭാഷകനോടു മാത്രം റാണ സംസാരിച്ചു. കേസുകൾ ഭൂരിഭാഗവും ഒത്തു തീർപ്പാക്കി പുറത്തിറങ്ങാനുള്ള സാധ്യതയും റാണ പരിശോധിക്കുന്നുണ്ട്.

ബന്ധുക്കളെ തന്നെ ഇടനിലക്കാരാക്കി അത്തരം ചർച്ചകളും നടക്കുന്നുവെന്നാണ് വിവരം. അഡ്‌മിഷൻ സെല്ലിൽ നിന്നും ഇന്നലെ റിമാന്റ് പ്രതികൾക്ക് ഒപ്പം റാണയെ മാറ്റി. ഒരു ബുദ്ധിമുട്ടും പറയാതെ ജയിലധികൃതരോടു സഹകരിച്ച് ദുഃഖങ്ങളൊന്നും പുറത്തു കാട്ടാതെ തന്നെയാണ് റാണ് ജയിലിൽ കഴിയുന്നത്. റാണയുടെ അക്കൗണ്ടിൽ തിങ്കളാഴ്ച മണി ഓർഡർ പണം എത്തിയെന്നാണ് വിവരം. ഇന്ന് മുതൽ അങ്ങനെയെങ്കിൽ പ്രവീൺ റാണയ്ക്ക് തന്റെ പ്രിയതമയെ ഫോണിൽ വിളിക്കാം. ഒരു മാസം 350 രൂപയ്ക്ക് മാത്രമേ സംസാരിക്കാൻ അനുവദിക്കു. റെക്കാർഡഡ് കോൾ ആണ് അനുവദിക്കുന്നത്. ജയിലിൽ കിടക്കുമ്പോഴും റാണയുടെ വീരവാദത്തിന് കുറവില്ല.

എല്ലാവരുടെ മുമ്പിലും ആശാൻ ഹാപ്പിയായാണ് കാണപ്പെട്ടത്. ശനിയാഴ്ച ഭാര്യ ഒരു ജോടി ഡ്രസു കൂടി കൊണ്ടു വന്ന് നല്കി. ഭാര്യയോട് സംസാരിക്കാതിരുന്നാൽ ഉറക്കം പോലും നഷ്ടപ്പെടുമെന്നാണ് റാണ പറയുന്നത്. പൊന്നും വജ്രവും കൊണ്ട് മൂടിയാണ് പ്രവീൺ റാണ അമാവന്റെ മകളെ ജീവിത സഖിയാക്കിയത്. ഒളിവിൽ പോയ പ്രവീൺ റാണ കുടുങ്ങിയതും ഭാര്യയെ വിളിച്ചപ്പോഴായിരുന്നു. സ്വാമിവേഷത്തിൽ പൊള്ളാച്ചി ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ ജീവനക്കാരന്റെ കുടിലിലാണ് കഴിഞ്ഞിരുന്നത്. അതിഥി ത്തൊഴിലാളിയുടെ ഫോൺ ഉപയോഗിച്ച് റാണ, ഭാര്യയെ വിളിച്ചപ്പോഴാണ് പൊലീസിന് ലൊക്കേഷൻ വ്യക്തമായത്.

തുടർന്ന് തൃശൂരിൽനിന്നുള്ള പൊലീസ് സംഘം അവിടെയെത്തി .സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘമാണ് ബുധനാഴ്ച ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ സ്വദേശി ജോയി എന്നയാൾ പാട്ടത്തിനെടുത്തതാണ് പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറി. റാണയുടെ വിവാഹമോതിരം പണയംവച്ച 75,000 രൂപയുമായാണ് ക്വാറിയിലെത്തിയത്. ക്വാറിയിലെ അതിഥിത്തൊഴിലാളിയാണ് റാണയ്ക്ക് ആവശ്യമായ ഭക്ഷണം ഒരുക്കി നൽകിയിരുന്നത്. ഇയാൾക്ക് പണം നൽകിയാണ് അവിടെ അഭയം തേടിയത്.റാണയെ തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് 27വരെ റിമാൻഡ് ചെയ്തത്. പൊലീസ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്നോ നാളെയോ കോടതി കസ്റ്റഡിയിൽ റാണയെ വിട്ടേക്കും.

കമ്പനിയിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പീച്ചി ചുവന്നമണ്ണ് സ്വദേശിനി പുതുശേരി വീട്ടിൽ ഹണി റോസ് നൽകിയ പരാതിയിൽ തൃശൂർ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റാണയുടെ തട്ടിപ്പുകൾ പുറത്തായത്. പ്രവീൺ റാണയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 34 കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here