പോര്‍ചുഗല്‍ നായകന്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ്‌ക്ല ബ്‌ അല്‍ നസറിലേക്ക്‌

0

റിയാദ്‌: പോര്‍ചുഗല്‍ നായകന്‍ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലെ പ്രോ ലീഗ്‌ക്ല ബ്‌ അല്‍ നസറിലേക്ക്‌.
അല്‍ നസര്‍ ഇന്നലെയാണ്‌ താരത്തിന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്‌ക്കാണ്‌ കരാര്‍ ഒപ്പുവച്ചത്‌. പ്രതിവര്‍ഷം 200 ദശലക്ഷം യൂറോ നല്‍കാമെന്നാണു (1750 കോടി രൂപ) കരാറാണെന്നു സൂചന. 2025 ജൂണ്‍ വരെ നീളുന്ന രണ്ടര വര്‍ഷത്തെ കരാറിലാണു ക്രിസ്‌റ്റ്യാനോ സൗദിയില്‍ കളിക്കുന്നത്‌. അല്‍ നസറിന്റെ മഞ്ഞയും നീലയും കലര്‍ന്ന ജഴ്‌സി പിടിച്ച്‌ നില്‍ക്കുന്ന ക്രിസ്‌റ്റ്യാനോയുടെ ചിത്രംക്ല ബ്‌ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഏഴാം നമ്പറില്‍ തന്നെയാണ്‌ സൂപ്പര്‍ താരം സൗദിയിലും കളിക്കുക. കിരീടങ്ങള്‍ മാത്രം പ്രതീക്ഷിച്ചല്ല താരത്തെ കൊണ്ടുവരുന്നതെന്നും ക്രിസ്‌റ്റ്യാനോ വഴി തങ്ങളുടെ ലീഗിനെയും രാജ്യത്തെ ഭാവി തലമുറയെത്തന്നെയും പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നുംക്ല ബ്‌ ട്വീറ്റ്‌ ചെയ്‌തു. ഒന്‍പതു തവണ സൗദി അറേബ്യന്‍ പ്രോ ലീഗ്‌ കിരീടം നേടിയവരാണ്‌ അല്‍ നസര്‍. റിയാദ്‌ ആസ്‌ഥാനമായ അവര്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ലീഗ്‌ കിരീടങ്ങള്‍ നേടിയ രണ്ടാമത്തെ ടീമാണ്‌. അവസാനം പ്രോ ലീഗ്‌ നേടിയത്‌ 2019 ല്‍.
ക്രിസ്‌റ്റ്യാനോയുടെ വരവോടെ തങ്ങളുടെ ആദ്യ എ.എഫ്‌.സി. ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടമാണ്‌ക്ല ബ്‌ ലക്ഷ്യമിടുന്നത്‌. വ്യത്യസ്‌തമായ ഒരു രാജ്യത്തിന്റെ ലീഗില്‍ കളിക്കുന്നതിന്റെ ആവേശത്തിലാണെന്ന്‌ ക്രിസ്‌റ്റ്യാനോ വ്യക്‌തമാക്കി. ഖത്തര്‍ ലോകകപ്പിലെ സൗദി അറേബ്യയുടെ പ്രകടനവും കണ്ടതാണ്‌. ഫുട്‌ബോളില്‍ വലിയ നിലയിലെത്താന്‍ ആഗ്രഹവും കരുത്തുമുണ്ട്‌ സൗദി അറേബ്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ ഫുട്‌ബോളില്‍ വലിയ ജയങ്ങള്‍ നേടാന്‍ തനിക്കായി. ഇനി ഏഷ്യയിലെ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള ഒരു സമയമാണെന്നും ക്രിസ്‌റ്റ്യാനോ പറഞ്ഞു.
37 വയസുകാരനായ ക്രിസ്‌റ്റ്യാനോ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനു വേണ്ടിയാണു കളിച്ചിരുന്നത്‌. കോച്ച്‌ എറിക്‌ ടെന്‍ ഹാഗുമായുള്ള പടലപ്പിണക്കങ്ങള്‍ ശ്രദ്ധ നേടി. ഖത്തര്‍ ലോകകപ്പിന്‌ തൊട്ടുമുമ്പ്‌ ഇരുകൂട്ടരും കരാര്‍ അവസാനിപ്പിച്ചു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ക്രിസ്‌റ്റ്യാനോ ക്ലബ്‌ മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യുണൈറ്റഡിന്റെ ഇതിഹാസ താരത്തിന്റെ ആഴ്‌ചയിലെ വരുമാനം അഞ്ചു കോടി രൂപയായിരുന്നു. സൗദിയിലെ തന്നെ അല്‍ ഹിലാല്‍ ക്ലബ്‌ 3000 കോടി രൂപയാണു (305 ദശലക്ഷം യൂറോ) താരത്തിനു വാഗ്‌ദാനം ചെയ്‌തത്‌. പക്ഷേ യുണൈറ്റഡ്‌ വിടാത്തിനാല്‍ വാഗ്‌ദാനം സ്വീകരിക്കാനായില്ല.
രണ്ട്‌ കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ശേഷമാണു യുണൈറ്റഡ്‌ വിട്ടത്‌്. 145 ഗോളുകളുമടിച്ചു. യുണൈറ്റഡില്‍ നിന്നാണു റയാല്‍ മാഡ്രിഡിലേക്കു ചേക്കേറിയത്‌. പോര്‍ചുഗല്‍ ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട്‌ തോറ്റു പുറത്തായി. ഘാനയ്‌ക്കെതിരേ നേടിയ പെനാല്‍റ്റി ഗോളിലൂടെ അപൂര്‍വമായ റെക്കോഡ്‌ കുറിക്കാന്‍ ക്രിസ്‌റ്റ്യാനോയ്‌ക്കായി. തുടര്‍ച്ചയായി അഞ്ച്‌ ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡാണു ക്രിസ്‌റ്റ്യാനോ കുറിച്ചത്‌. ക്രിസ്‌റ്റ്യാനോയെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ച്‌ ഫെര്‍ണാണ്ടോ സാന്റോസ്‌ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. ടീം പുറത്തായതോടെ പോര്‍ചുഗീസ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ സാന്റോസിനെ പുറത്താക്കി.
ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളാണു ക്രിസ്‌റ്റ്യാനോ. ഇറ്റാലിയന്‍ ക്ലബ്‌ യുവന്റസ്‌ 31 ദശലക്ഷം യൂറോ പ്രതിവര്‍ഷം പ്രതിഫലം നല്‍കിയാണു താരത്തെ സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡില്‍നിന്നു റാഞ്ചിയത്‌. യുണൈറ്റഡുമായുള്ള ബന്ധം പിരിഞ്ഞതോടെ ക്രിസ്‌റ്റ്യാനോയുടെ പേര്‌ ചെല്‍സി, ബയേണ്‍ മ്യൂണിക്ക്‌, നാപ്പോളി തുടങ്ങിയ ക്ലബുകളുമായി ചേര്‍ത്തു വായിക്കാന്‍ തുടങ്ങിയിരുന്നു. താരം ആദ്യകാല ക്ലബ്‌ സ്‌പോര്‍ട്ടിങ്‌ ലിസ്‌ബനിലേക്കു തിരിച്ചു പോകുമെന്ന അഭ്യൂഹവുമുണ്ടായിരുന്നു. യു.എസിലെ മേജര്‍ സോക്കര്‍ ലീഗിലേക്കും കൂടുമാറുമെന്ന ധ്വനിയുമുണ്ടായി. ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ്‌ ബെക്കാമിന്റെ ഉടമസ്‌ഥതയിലുള്ള ഇന്റര്‍ മിയാമിയുമായാണു താരത്തിന്റെ പേരു കേട്ടത്‌.
ക്രിസ്‌റ്റ്യാനോയുടെ വരവ്‌ സൗദി ഫുട്‌ബോളിനു തന്നെ ആവേശമാകും. എല്‍.ഐ.വി. ഗോള്‍ഫ്‌ സീരിസ്‌ ആണ്‌ സൗദിയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ രാജ്യാന്തര ടൂര്‍ണമെന്റ്‌. ഹെവിവെയ്‌റ്റ് ബോക്‌സിങ്‌ മത്സരങ്ങളും ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തിനും സൗദി വേദിയായി. പബ്ലിക്‌ ഇന്‍വെസ്‌റ്റ്മെന്റ്‌ ഫണ്ട്‌ ഉപയോഗിച്ച്‌ 2021 ല്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കിയതാണ്‌ സൗദിയുടെ കായിക ചരിത്രത്തിലെ മറ്റൊരു സംഭവം.

Leave a Reply