ഹൈക്കോടതിയുടെ അന്ത്യശാസനത്തേത്തുടര്‍ന്ന്, നിരോധിതസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) നേതാക്കള്‍ക്കെതിരേ ജപ്‌തി നടപടിയാരംഭിച്ച് സര്‍ക്കാര്‍.
പി.എഫ്.ഐ. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അബ്‌ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്‌തുക്കളുമടക്കം വിവിധ ജില്ലകളില്‍ ഇന്നലെ ജപ്‌തി നടന്നു. കഴിഞ്ഞ സെപ്‌റ്റംബര്‍ 23-നു പി.എഫ്.ഐ. നടത്തിയ ഹര്‍ത്താല്‍ അക്രമങ്ങളോടനുബന്ധിച്ച് പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണു നടപടി. ജപ്‌തി നടപ്പാക്കി 23-നു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചിനു മുമ്പ് ജപ്‌തി നടപടികള്‍ പൂര്‍ത്തിയാക്കാനാണു ജില്ലാ കലക്‌ടര്‍മാര്‍ക്കു ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി.വി. അനുപമ നല്‍കിയ നിര്‍ദേശം. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ ജപ്‌തിക്കു മുന്നോടിയായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും കണ്ടുകെട്ടുന്ന വസ്‌തുവകകള്‍ ലേലം ചെയ്യണമെന്നും കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.
കൊല്ലം
കരുനാഗപ്പള്ളിയില്‍ പി.എഫ്.ഐ. നേതാവ് അബ്‌ദുള്‍ സത്താറിന്റെ 18 സെന്റ് സ്‌ഥലവും വീടുമാണു തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും നേതൃത്വത്തില്‍, പോലീസ് കാവലോടെ കണ്ടുകെട്ടിയത്. ജപ്‌തിസമയത്ത് സത്താറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നു. കണ്ടുകെട്ടിയ സ്വത്ത് ലേലം ചെയ്യും. പി.എഫ്.ഐയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ, അബ്‌ദുള്‍ സത്താറിനെ കരുനാഗപ്പള്ളിയിലെ കാരുണ്യ സെന്ററില്‍നിന്ന് എന്‍.ഐ.എ. അറസ്‌റ്റ് ചെയ്‌തിരുന്നു.
തിരുവനന്തപുരം
വിഴിഞ്ഞം, പൂവാറില്‍ പി.എഫ്.ഐ. പ്രവര്‍ത്തകന്‍ എലിത്തോപ്പ് കോയവീട്ടില്‍ ഫസലുദീന്റെ മൂന്ന് സെന്റ് ഭൂമി ജപ്‌തിചെയ്‌തു. ഇന്നലെ രാവിലെയെത്തിയ ഉദ്യോഗസ്‌ഥസംഘം അരമണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഹര്‍ത്താല്‍ ദിനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തകര്‍ത്ത കേസില്‍ ഫസലുദ്ദീന്‍ അറസ്‌റ്റിലായിരുന്നു.
തൃശൂര്‍
കുന്നംകുളത്ത് പി.എഫ്.ഐ. നേതാക്കളായ പഴുന്നാന സ്വദേശി അസീസ്, കേച്ചേരി ചിറനെല്ലൂര്‍ പട്ടിക്കര സ്വദേശി മുസ്‌തഫ, പെരുമ്പിലാവില്‍ താമസിക്കുന്ന ചിറനെല്ലൂര്‍ സ്വദേശി ഉസ്‌മാന്‍, പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങള്‍, വടുതല ഉള്ളിശ്ശേരി സ്വദേശി റഫീഖ് തുടങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.
എറണാകുളം
ആലുവയില്‍ പി.എഫ്.ഐ. പരിശീലനകേന്ദ്രമായിരുന്ന പെരിയാര്‍വാലി കാമ്പസ് സ്‌ഥിതി ചെയ്യുന്ന 68 സെന്റ്, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുഞ്ഞുണിക്കര കരിമ്പായില്‍ അബ്‌ദുള്‍ ലത്തീഫിന്റെ മൂന്ന് സെന്റ്‌്, ഉളിയന്നൂര്‍ കണ്ണംകുളത്ത് പി.എ. മുഹമ്മദിന്റെ അഞ്ച് സെന്റ്, കുന്നത്തേരി കാഞ്ഞിരത്തിങ്കല്‍ മന്‍സൂറിന്റെ മൂന്ന് സെന്റ്‌് വസ്‌തുക്കള്‍ ജപ്‌തിചെയ്‌തു. പെരിയാര്‍ വാലി കാമ്പസ് എന്‍.ഐ.എ. സെപ്‌റ്റംബര്‍ 29-നു നടത്തിയ റെയ്‌ഡില്‍ പൂട്ടി മുദ്രവച്ചിരുന്നു. പി.എഫ്.ഐയുടെ ആരംഭകാലത്ത് ജില്ലാ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിച്ച കെട്ടിടമാണിത്. പിന്നീട് പെരിയാര്‍വാലി കാമ്പസ് എന്ന പേരില്‍ ചാരിറ്റി സംഘടനയായി.
പത്തനംതിട്ട
ആനപ്പാറ സ്വദേശികളായ സാദിഖ്, നിസാര്‍, കോന്നി കുമ്മണ്ണൂര്‍ സ്വദേശി സബീര്‍ എന്നിവരുടെ സ്വത്തുക്കളാണ് ഇന്നലെ കണ്ടുകെട്ടിയത്. ജില്ലയില്‍ ഏഴുപേരില്‍നിന്നായി 5.2 കോടി രൂപയുടെ വസ്‌തുവകകള്‍ കണ്ടുകെട്ടാനാണു കലക്‌ടറുടെ ഉത്തരവ്. ശേഷിച്ചത് ഇന്ന് പൂര്‍ത്തിയാകും.
കോട്ടയം
ജില്ലയില്‍ ഹര്‍ത്താല്‍ ആക്രമണക്കേസിലെ അഞ്ച് പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഈരാറ്റുപേട്ട, നടയ്‌ക്കല്‍ സ്വദേശികളായ മാങ്കുഴയ്‌ക്കല്‍ മുജീബ്, പുതുപ്പറമ്പില്‍ ഷെഫീഖ്, വെള്ളൂര്‍പ്പറമ്പില്‍ റഷീദ്, മുണ്ടക്കയം വേലനിലം സ്വദേശി പി.പി. ഹാരീസ്, ചങ്ങനാശേരി പെരുന്ന ആളായില്‍ സാജിദ് എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്.
ഇടുക്കി
തൊടുപുഴ, ഉടുമ്പഞ്ചോല, ഇടുക്കി, ദേവികുളം താലൂക്കുകളിലെ ആറിടങ്ങളിലായിരുന്നു ജപ്‌തി. പി.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന മുരിക്കാശേരി തുണ്ടിയില്‍ ടി.എ. നൗഷാദ് (4.99 സെന്റ്), കരിമണ്ണൂര്‍ വില്ലേജില്‍ ചിലവ് നൈനുകുന്നേല്‍ താഹ (8.65 സെന്റ്), കാരിക്കോട് വില്ലേജില്‍ മുണ്ടയ്‌ക്കല്‍ ഷിഹാബ് (3.9 സെന്റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലില്‍ നൗഷാദ് (1.5192 ഹെക്‌ടര്‍), കൂമ്പന്‍പാറ പീടികയില്‍ നവാസ് (14.99 സെന്റ്), പാമ്പാടുംപാറ വില്ലേജില്‍ മഠത്തില്‍ ഷഫീഖ് (37.05 സെന്റ്) എന്നിവരുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്.
പാലക്കാട്
ആലത്തൂര്‍ വില്ലേജിലെ പള്ളിപ്പറമ്പില്‍ ബാവയുടെ വീടും അഞ്ചേകാല്‍ സെന്റ് സ്‌ഥലവും കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ പുന്നപ്പാടം മദ്രസയ്‌ക്കു സമീപം കാജാ ഹുസൈന്റെ 60 സെന്റ് കൃഷിഭൂമിയുമാണ് റവന്യൂ വിഭാഗം കണ്ടുകെട്ടിയത്. പി.എഫ്.ഐ. പുതുനഗരം ഡിവിഷന്‍ പ്രസിഡന്റായിരുന്ന ബാവ എലപ്പുള്ളി സഞ്‌ജിത്ത് വധകേസിലെ മുഖ്യ സൂത്രധാരനായിരുന്നു. ഇപ്പോള്‍ ഈ കേസില്‍ ജയിലിലാണ്. കാജാഹുസൈന്‍ പ്രവര്‍ത്തകനാണ്.
പോപ്പുലര്‍ ഫ്രണ്ട് സംസ്‌ഥാന സെക്രട്ടറിയായിരുന്ന സി.എ. റൗഫിന്റെ സ്വത്തും കണ്ടുകെട്ടി. പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്‌ഥലമാണ് ജപ്‌തി ചെയ്‌തത്. ജില്ലയില്‍ പട്ടാമ്പിയില്‍ അഞ്ചു പേരുടെ സ്‌ഥലങ്ങള്‍ ഉള്‍പ്പെടെ ആകെ 16 പി.എഫ്.ഐ. നേതാക്കളുടെ സ്വത്തുക്കളാണ് ജപ്‌തി ചെയ്‌തത്.
കോഴിക്കോട്/വയനാട്
കോഴിക്കോട് ജില്ലയില്‍ നാല് താലൂക്കുകളിലായി 23 പി.എഫ്.ഐ. നേതാക്കള്‍ക്കു ജപ്‌തി നോട്ടീസ് നല്‍കി. വയനാട്ടില്‍ 14 പേരുടെ സ്‌ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി. എടവക, മാനന്തവാടി, വെള്ളമുണ്ട, പൊരുന്നനൂര്‍, അഞ്ചുകുന്ന്, നല്ലൂര്‍നാട്, മുട്ടില്‍ സൗത്ത്, നെന്മേനി, കുപ്പാടിത്തറ എന്നിവിടങ്ങളിലായിരുന്നു നടപടി.
മലപ്പുറം
അമരമ്പലം, കരുളായി, നിലമ്പൂര്‍, മമ്പാടക്ക, എടവണ്ണ, പൊന്നാനി, വള്ളിക്കുന്നക്ക, കോട്ടക്കല്‍, എടയൂര്‍, കാട്ടിപ്പരുത്തി, തിരുനാവായ, തിരൂര്‍, പാണ്ടിക്കാടക്ക, വേങ്ങര, മൂര്‍ക്കനാടക്ക, പുഴക്കാട്ടിരി, വലമ്പൂര്‍, തിരൂരങ്ങാടി, കണ്ണമംഗലം, മലപ്പുറം, മേല്‍മുറി വില്ലേജുകളിലായിരുന്നു ജപ്‌തി.
കണ്ണൂര്‍
ജില്ലയില്‍ എട്ടുപേരുടെ സ്വത്തുക്കളാണു കണ്ടുകെട്ടാനുള്ളത്. കണ്ണൂര്‍ താലൂക്കില്‍ രണ്ടിടത്തു ജപ്‌തി പൂര്‍ത്തിയായി. മാവിലായിലെ നൗഷാദിന്റെ അഞ്ച് സെന്റ്, കടമ്പൂര്‍ സ്വദേശി കെ.വി. നൗഷാദിന്റെ രണ്ടര സെന്റ് വീതം കണ്ടുകെട്ടി.