അമ്മ നമ്മളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്ന് മക്കളെ വിശ്വസിപ്പിച്ചു; ബെംഗളൂരുവിൽ പഠിക്കാൻ പോയെന്ന് ബന്ധുക്കളോടും പറഞ്ഞു; രമ്യയുടെ ബന്ധുക്കൾ പരാതി നൽകിയത് കുട്ടികളുടെ സംസാരത്തിൽ സംശയം തോന്നിയതോടെ; സജീവൻ ബന്ധുക്കളെയും നാട്ടുകാരെയും പറ്റിച്ചത് ഒന്നരവർഷത്തോളം

0

വൈപ്പിൻ ∙ ഒന്നുമറിയാത്ത പോലെ 15 മാസം സജീവ് അടുപ്പക്കാരെ പറ്റിച്ചപ്പോൾ എല്ലാമറിയാവുന്ന പോലെ പൊലീസ് സദാസമയം പിന്നിലുണ്ടായിരുന്നു. അരുംകൊലയ്ക്കു ശേഷം ആർക്കും സംശയം തോന്നാത്ത രീതിയിലാണു ജീവിതം നയിച്ചിരുന്നതെങ്കിലും പാളിയ ചില നീക്കങ്ങളും പൊലീസിന്റെ കർശന നിരീക്ഷണവും ഒടുവിൽ സജീവിനെ നിയമത്തിനു മുന്നിൽ എത്തിക്കുകയായിരുന്നു.

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാര്യ രമ്യ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാൻ മുംബൈയിലേക്കു പോയി എന്നാണു കൊലപാതകത്തിനു ശേഷം ഇയാൾ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. മുംബൈയിൽ നിന്നു ഗൾഫിലേക്കു പോയതായി മറ്റു ചിലരോടും പറഞ്ഞു. എന്നാൽ ഫോൺ വഴിയുള്ള ബന്ധം പോലും ഇല്ലാത്തതിനു ന്യായീകരണമായി മുംബൈയിൽ വച്ച് പരിചയപ്പെട്ട ഒരാളുമായി രമ്യ ഒളിച്ചോടി എന്ന മറ്റൊരു കഥയും മെനഞ്ഞു. ഈ വൈരുധ്യങ്ങൾ സംശയത്തിനിടയാക്കി. ഇതും തിരോധാനത്തിന് 6 മാസത്തിനു ശേഷം സജീവ് നൽകിയ പരാതിയുമെല്ലാം ഇഴ കീറി പരിശോധിച്ച് പൊലീസ് വിരിച്ച വലയിലാണു പ്രതി കുടുങ്ങിയത്. കസ്റ്റഡിയിൽ ആയ ശേഷം തുടക്കത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായ ചോദ്യംചെയ്യലിനൊടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.

വിപുലമായ സുഹൃദ് ബന്ധങ്ങൾ

വൈപ്പിൻ∙ പെയിന്റിങ് തൊഴിലാളിയായും ക്രിക്കറ്റ് കമ്പക്കാരനായും നാട്ടിൽ വിപുലമായ സുഹൃദ് ബന്ധങ്ങളുള്ള സജീവ് ഒരു ദിവസം കൊണ്ടു കൊലപാതകിയായി മാറിയത് അടുപ്പക്കാർക്കു ഞെട്ടലായി. നാട്ടിലെ ക്രിക്കറ്റ് ടൂർണമെന്റുകളിൽ സ്ഥിരസാന്നിധ്യമായിരുന്നു. ജില്ലാ തലത്തിൽ ചില വെറ്ററൻസ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. ആരുമായും പെട്ടെന്ന് അടുക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്ന സ്വഭാവക്കാരൻ. 17 വർഷം മുൻപു പ്രണയിച്ചാണു രമ്യയെ വിവാഹം കഴിച്ചത്. രണ്ടു വർഷം മുൻപാണ് വാച്ചാക്കലിൽ സംസ്ഥാനപാതയിൽ നിന്ന് പടിഞ്ഞാറേക്കുള്ള പോക്കറ്റ് റോഡിനോടു ചേർന്നുള്ള വീട്ടിൽ വാടകക്കാരായി എത്തിയത്. അയൽക്കാരുമായി കുടുംബം അടുപ്പം സൂക്ഷിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here