ഫോണില്‍ നഗ്നദൃശ്യങ്ങള്‍ , ഏരിയാ കമ്മിറ്റിയംഗത്തെ സി.പി.എം പുറത്താക്കി

0



ആലപ്പുഴ : സഹപ്രവര്‍ത്തകയുടേതടക്കം നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചെന്ന പരാതിയില്‍ ഏരിയാ കമ്മിറ്റിയംഗത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ച്‌ സി.പി.എം.
ആലപ്പുഴ സൗത്ത്‌ ഏരിയാ സെന്റര്‍ അംഗം എ.പി. സോണയെയാണ്‌ ഇന്നലെ ചേര്‍ന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗം പുറത്താക്കാന്‍ ശിപാര്‍ശ ചെയ്‌തത്‌. രണ്ടംഗ അന്വേഷണക്കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു നടപടി. റിപ്പോര്‍ട്ട്‌ അംഗീകരിച്ച ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി ശിപാര്‍ശ ആലപ്പുഴ സൗത്ത്‌ ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യും.
സോണയ്‌ക്കെതിരേ സംസ്‌ഥാന നേതൃത്വത്തിനു ലഭിച്ച ഒന്നിലധികം പരാതികളുടെ അടിസ്‌ഥാനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രന്‍, ജി. രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടത്തിയത്‌. ഇവര്‍ റിപ്പോര്‍ട്ട്‌ കൈമാറാന്‍ വൈകിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ സോണയ്‌ക്കു മര്‍ദനമേറ്റിരുന്നു. ഇതിനിടെ തെറിച്ചുപോയ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി നഗ്ന വീഡിയോകള്‍ കണ്ടെത്തിയതെന്നായിരുന്നു പരാതി. ആലപ്പുഴയിലും അമ്പലപ്പുഴയിലുമായുള്ള 34 സ്‌ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നുവെന്നാണ്‌ ആരോപണം. പോലീസില്‍ പരാതി നല്‍കാതെ സി.പി.എമ്മിലെ ഒരു വിഭാഗം വിവരം സംസ്‌ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനെ ധരിപ്പിച്ചു. അദ്ദേഹം അതു സംസ്‌ഥാന നേതൃത്വത്തെ അറിയിച്ചതിനേത്തുടര്‍ന്നാണ്‌ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്‌.
അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ ദൃശ്യങ്ങള്‍ ആരും കണ്ടിട്ടില്ലെന്നും ഇക്കാര്യത്തില്‍ സംശയമുണ്ടെന്നും അഭിപ്രായപ്പെട്ടതോടെ തര്‍ക്കം ഉടലെടുത്തു. എന്നാല്‍ ഇക്കാര്യം പരിശോധിച്ച്‌ ബോധ്യപ്പെട്ടതാണെന്ന്‌ കമ്മിഷനംഗങ്ങള്‍ വിശദീകരിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസില്‍ സജ്‌ജീകരിച്ച സ്‌റ്റുഡിയോയില്‍ പെന്‍ഡ്രൈവിലൂടെ ജി. വേണുഗോപാല്‍, കെ.എച്ച്‌. ബാബുജാന്‍, ജി. ഹരിശങ്കര്‍, എം. സത്യപാലന്‍, പി.പി. ചിത്തരഞ്‌ജന്‍ എന്നിവര്‍ക്കൊപ്പം ജില്ലാ സെക്രട്ടറി ദൃശ്യങ്ങള്‍ കാണുകയും പരാതിയില്‍ കഴമ്പുണ്ടെന്ന്‌ ബോധ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ ഗുരുതരകുറ്റം ചെയ്‌തയാളെ ഒരു ദിവസം പോലും പാര്‍ട്ടിയിലോ അനുബന്ധ മേഖലകളിലോ അടുപ്പിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.
പരാതിയില്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്‌തമായതിനു പിന്നാലെയാണ്‌ നടപടിയുണ്ടായിരിക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്‌ഥാന നേതൃത്വം ആലപ്പുഴ സി.പി.എമ്മുമായി ബന്ധപ്പെട്ട്‌ എടുത്ത കടുത്ത നിലപാടുകളാണ്‌ അടിയന്തരയോഗത്തില്‍ തന്നെ പുറത്താക്കല്‍ തീരുമാനമെടുക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. അതേസമയം സോണയ്‌ക്കെതിരായ പരാതി ആസൂത്രിതമാണെന്ന്‌ പാര്‍ട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here