എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മരിച്ചു

0

മണർകാട്: എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ണർകാട് തിരുവഞ്ചൂർ പായിപ്രപ്പടി പാറയിൽ പുള്ളോത്ത് സാമന്തിന്റെയും (സന്തോഷ്) സിന്ധുവിന്റെയും മകൻ സന്ദീപ് (16) ആണ് മരിച്ചത്. അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. മണർകാട് ഗവ. യു.പി.സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ്. ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു ദാരുണ സംഭവം. സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ വൈകിയതാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി വളപ്പിൽ ബഹളമുണ്ടാക്കി. മണർകാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

സന്ദീപ് അപസ്മാരരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇതുസംബന്ധിച്ച വിവരങ്ങൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച രാവിലെ ക്യാമ്പിന്റെ ഭാഗമായി സന്ദീപ് ഉൾപ്പെടെയുള്ള കുട്ടികൾ മണർകാടുള്ള അങ്കണവാടി പെയിന്റു ചെയ്യുന്നതിനായി പോയിരുന്നു.

ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ മടങ്ങിയെത്തിയശേഷം ക്ഷീണം തോന്നിയതിനെ തുടർന്ന് സന്ദീപ് കിടന്നതായി സ്കൂൾ അധികൃതർ പോലീസിനോട് പറഞ്ഞു. ഈസമയം, മറ്റ് കുട്ടികൾ ക്യാമ്പ് പ്രവർത്തനങ്ങൾക്കായി പോയി. അഞ്ചരമണി കഴിഞ്ഞു വിളിച്ചിട്ട് ഉണരാതെ വന്നതോടെ അധ്യാപകർ വീട്ടുകാരെ വിവരം അറിയിച്ചു. ആറരയോടെ അച്ഛൻ സന്തോഷ് സ്കൂളിലെത്തുമ്പോൾ കുട്ടിയുടെ ശരീരം തണുത്തനിലയിലായിരുന്നു. അധ്യാപകരുടെ സഹായത്തോടെ മണർകാട് സെൻറ്‌ മേരീസ് ആശുപത്രിയിലെത്തിച്ചു.

അരമണിക്കൂർ മുമ്പേ മരണം നടന്നതായി ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മണർകാട് സെൻറ്‌ മേരീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സന്ദീപ് ഉച്ചഭക്ഷണത്തിനുശേഷം നാല് മണിയോടെ ഉറങ്ങാൻ കിടന്നതാണെന്നും ആറുമണി കഴിഞ്ഞും ഉണരാതെവന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും സ്‌കൂൾ പ്രഥമാധ്യാപിക പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കുട്ടി ഉറങ്ങിയിരുന്നു. മരുന്ന് കഴിച്ചു കഴിഞ്ഞ് മൂന്നു നാലു മണിക്കൂർ ചിലപ്പോൾ ഉറങ്ങാറുള്ളതായി വീട്ടുകാർ നേരത്തേ പറഞ്ഞിട്ടുണ്ടെന്നും പ്രഥമാധ്യാപിക പറഞ്ഞു.

സംഭവത്തിൽ മണർകാട് പോലീസ് കേസെടുത്തു. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടത്തും. സഹോദരി: സ്നേഹ (മണർകാട് ഇൻഫൻറ്‌ ജീസസ് സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥി).

Leave a Reply