കുപ്രസിദ്ധ കുറ്റവാളി ചക്രപാണി സന്തോഷ്‌ ചാരായം വാറ്റുന്നതിനിടെ പിടിയില്‍

0


നെടുങ്കണ്ടം: അതിര്‍ത്തി മേഖലയിലെ കുപ്രസിദ്ധ കുറ്റവാളി ചക്രപാണി സന്തോഷിനെ ചാരായം വാറ്റുന്നതിനിടെ എക്‌സൈസ്‌ സംഘം പിടികൂടി. 20 ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ കോടയും ഇയാളുടെ വാറ്റു കേന്ദ്രത്തില്‍ നിന്നും പിടികൂടിയിട്ടുണ്ട്‌. നാല്‌ വെടിവെയ്‌പ്പ്‌ കേസുകളില്‍ പ്രതിയാണ്‌ ചക്രപാണി സന്തോഷ്‌ എന്ന കരുണാപുരം കട്ടേക്കാനം ആടിമാക്കല്‍ സന്തോഷ്‌ (46). നാല്‌ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.
2008ല്‍ തട്ടേക്കാനം സ്വദേശിയായ വിശ്വനെ വെടിവെച്ചിട്ടു. 2010 ല്‍ പാറയ്‌ക്കല്‍ ഷിബുവിന്റെ തലയ്‌ക്ക്‌ വെടിയുതിര്‍ത്തു. കണ്ണിന്‌ പരുക്കേറ്റ രതീഷ്‌ തലനാരിഴയ്‌ക്കാണ്‌ അന്ന്‌ രക്ഷപെട്ടത്‌. ഏഴ്‌ വര്‍ഷം മുമ്പ്‌ 35കാരനായ പുല്ലുംപുറത്ത്‌ രതീഷിനെ പിറകില്‍ നിന്നും വെടിവെച്ചിട്ട കേസില്‍ സന്തോഷിനെ അഞ്ച്‌ വര്‍ഷം ശിക്ഷിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ്‌ എട്ട്‌ മാസം മുന്‍പാണു ഇയാള്‍ പുറത്തിറങ്ങിയത്‌. മെഡിക്കല്‍ കോളജില്‍ മാസങ്ങളോളം ചികിത്സയിലായിരുന്ന രതീഷിന്റെ ഒരു കൈ തളര്‍ന്ന്‌ പോയി. പ്രിവന്റിവ്‌ ഓഫീസര്‍ ഇ.എച്ച്‌. യൂനസ്‌, അബ്‌ദുള്‍ സലാം, സി.ഇ.ഒ. രതീഷ്‌ കുമാര്‍, അനൂപ്‌, അരുണ്‍ രാജ്‌, ഷിബു ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here