രോഗിയായ അച്ഛനും അമ്മയ്ക്കും കാവലിരുന്ന് സഹോദരി കൊണ്ടുവന്ന മരുന്ന് നൽകിയ ശേഷം മഞ്ജുമോൾ നടന്നകന്നത് മരണത്തിലേക്കാണെന്ന് ആരും വിചാരിച്ചില്ല

0

എടത്വ ∙ രോഗിയായ അച്ഛനും അമ്മയ്ക്കും കാവലിരുന്ന് സഹോദരി കൊണ്ടുവന്ന മരുന്ന് നൽകിയ ശേഷം മഞ്ജുമോൾ നടന്നകന്നത് മരണത്തിലേക്കാണെന്ന് ആരും വിചാരിച്ചില്ല. സ്കൂട്ടർ അപകടത്തിൽ മരിച്ച മഞ്ജു, ഇന്നലെ ജോലിക്ക് പോയത് പതിവിലും താമസിച്ചായിരുന്നു. ജീവിതശൈലി രോഗത്തിൽ കഴിയുന്ന മാതാപിതാക്കൾക്കുള്ള മരുന്ന് തീർന്നതിനാൽ വൈകിട്ട് തിരികെ വരുന്നതുവരെ കാത്തിരിക്കേണ്ട എന്നു കരുതി സമീപത്തു താമസിക്കുന്ന സഹോദരിയെ മരുന്നു വാങ്ങാൻ പറഞ്ഞയച്ചു. സഹോദരി കൊണ്ടുവന്ന മരുന്നും നൽകിയ ശേഷമായിരുന്നു മഞ്ജു ജോലിക്കു പോകാൻ ഇറങ്ങിയത്.പൊലീസിന്റെ നടപടികൾ നേരിയ സംഘർഷത്തിനും മണിക്കൂറുകൾ ഗതാഗത തടസ്സത്തിനും ഇടയാക്കി. അപകടത്തിനു കാരണക്കാരായ ടിപ്പർ ലോറിക്കൊപ്പം അതേ കമ്പനിയുടെ ഒട്ടേറെ ലോറികളും എത്തിയതോടെ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ അപകടസ്ഥലത്തെത്തിയ സ്കൂട്ടർ യാത്രക്കാരാണു ഗതാഗത തടസ്സമുണ്ടാക്കിയെന്നു പറഞ്ഞ് സ്കൂട്ടറുകളുടെ താക്കോൽ പൊലീസ് ഊരിയെടുത്തു. ഇതോടെ ജനം പൊലീസിനെതിരെ തിരിയുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. ഒടുവിൽ താക്കോൽ കൊടുത്ത ശേഷമാണ് ജനങ്ങൾ ശാന്തരായത്. കൂടുതൽ പൊലീസ് എത്തിയാണ് ജനങ്ങളെ പിന്തിരിപ്പിച്ചത്.

ലോറികളുടെ മരണപ്പാച്ചിൽ

നിയമങ്ങൾ കാറ്റിൽ പറത്തി അമിതഭാരം കയറ്റിവരുന്ന ലോറികളുടെ മരണപ്പാച്ചിൽ തടയാൻ നടപടി സ്വീകരിക്കാതെ പൊലീസ്. രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 5 വരെയും ടിപ്പർ ലോറികളുടെയും ടോറസുകളുടെയും യാത്ര പ്രധാന പാതകളിൽ നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ ഏറ്റവും കൂടുതൽ ഇത്തരത്തിലുള്ള വാഹനങ്ങൾ ചീറിപ്പായുന്നത് ഈ സമയത്താണ്.എടത്വ ചങ്ങങ്കരി ഭാഗത്ത് ഒരു വാഹനത്തിന് കഷ്ടിച്ചു കടന്നു പോകാൻ മാത്രമേ സാധിക്കുകയുള്ളൂ. ഇവിടെ 9 നും 10 നും ഇടയിലാണ് ഏറ്റവും കൂടുതൽ ടോറസുകൾ കടന്നു പോകുന്നത്. ഇതിനെതിരെ വ്യാപകമായ പരാതിയാണ്.

Leave a Reply