തിരുവനന്തപുരത്തെ ഏകദിനം കുളമാക്കിയതിന് പിന്നിൽ കൊച്ചിയിലെ സ്റ്റേഡിയ മോഹമാണെന്ന വാദം ശരിവച്ച് പത്രപരസ്യം

0

തിരുവനന്തപുരത്തെ ഏകദിനം കുളമാക്കിയതിന് പിന്നിൽ കൊച്ചിയിലെ സ്റ്റേഡിയ മോഹമാണെന്ന വാദം ശരിവച്ച് പത്രപരസ്യം. കൊച്ചിയിൽ സ്ഥലം വാങ്ങാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ താൽപര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താൽപര്യ പത്രം നൽകണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കർ വരെ വാങ്ങാനാണ് നീക്കം. നേരത്തെ കൊച്ചിയിൽ ചതുപ്പ് നിലം വില കൊടുത്തു വാങ്ങി സ്റ്റേഡിയ നിർമ്മാണത്തിനുള്ള ശ്രമം വിവാദത്തിലായിരുന്നു. അന്ന് പാതി വഴിക്ക് നടക്കാതെ പോയതാണ് കൊച്ചിയിലെ സ്‌റ്റേഡിയം. കാര്യവട്ടത്തെ അവസാന ഏകദിനത്തെ വിവാദങ്ങൾക്ക് പിന്നിലെ ഉദേശ്യങ്ങൾ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. സംഭവിച്ചത് മറിച്ചായിരുന്നു. കേരളം കഴിഞ്ഞ ദിവസം ദുർബ്ബലരായ പോണ്ടിച്ചേരിയോട് തകർന്ന് പുറത്തായി. ഇതിന് അടുത്ത ദിവസമാണ് സ്റ്റേഡിയ നിർമ്മാണത്തിനുള്ള പരസ്യം നൽകുന്നത്. വെറ്ററൻ താരങ്ങളായ സച്ചിൻ ബേബിക്കും രോഹൻ പ്രേമിനും ജലജ് സക്‌സേനയ്ക്കും അല്ലാതെ ആർക്കും ഈ സീസണിൽ തിളങ്ങാനായില്ല. നല്ല കളിക്കാരുടെ ആത്മവിശ്വാസം തകർത്ത് അവരെ ഫോം ഔട്ടാക്കുന്നതും കണ്ടു. അങ്ങനെ രഞ്ജി ട്രോഫിയിൽ നിന്ന് പുറത്താകുന്ന കേരളം പുതിയ സ്റ്റേഡിയം നിർമ്മാണത്തിലേക്ക് കടക്കുകയാണ്.

കേരളാ ക്രിക്കറ്റിനെ നയിക്കുന്നത് ജയേഷ് ജോർജാണ്. കൊച്ചിയിൽ നിന്നുള്ള പ്രമുഖൻ. ജോയിന്റെ സെക്രട്ടറി ബിനീഷ് കോടിയേരിയാണ്. ബിനീഷും ജയേഷും ചേർന്നാണ് കോടികളുടെ സ്‌റ്റേഡിയത്തിന് മുന്നിട്ടിറങ്ങുന്നത്. കോടികൾ ഇതിനായി ചെലവാക്കേണ്ടി വരും. സ്‌റ്റേഡിയം യാഥാർത്ഥ്യമായാൽ കേരളാ ക്രിക്കറ്റിന്റെ ആസ്ഥാനവും കൊച്ചിയിലേക്ക് മാറും. കാര്യവട്ടത്ത് കളി ഞായറാഴ്ചയായിട്ടു പോലും ടിക്കറ്റെടുക്കാൻ ആളില്ലാ അവസ്ഥയുണ്ടായി. പട്ടിണിക്കാർ കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പരാമർശവും ഇതിന് കാരണമായി. കഷ്ടപ്പെട്ട് പണിയെടുത്ത് കളി കാണാൻ എത്തുന്നവരെ പരിഹസിച്ച മന്ത്രിക്കെതിരെ കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു പോലുമില്ല. ഇതിന് കാരണവും തിരുവനന്തപുരത്തെ ക്രിക്കറ്റ് പെരുമയെ തകർക്കാനുള്ള കൊച്ചി ലോബിയുടെ മനസ്സായിരുന്നു.

ടിക്കറ്റെടുക്കാൻ ആളില്ലാ അവസ്ഥയും ഉയർന്ന നികുതിയുമെല്ലാം ബിസിസിഐ ശ്രദ്ധിച്ചിരുന്നു. ഇതിനൊപ്പമാണ് ‘പട്ടിണി’ വിവാദം. ഈ സാഹചര്യത്തിൽ അത്തരം വേദികൾക്ക് പിന്നീട് കളി അനുവദിക്കുമ്പോൾ ബിസിസിഐ രണ്ടു തവണ ചിന്തിക്കും. ലോകകപ്പ് ക്രിക്കറ്റിൽ വേദിയാകാനുള്ള തിരുവനന്തപുരത്തിന്റെ മോഹത്തിന് തിരിച്ചടിയാണ് അതുകൊണ്ട് തന്നെ കാര്യവട്ടത്തെ ശ്രീലങ്കയുടെ വരവ്. ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ കാണികൾക്ക് താൽപ്പര്യം കൂടേണ്ടതാണ്. പക്ഷേ ഞായറാഴ്ച കളി വന്നിട്ടും ദൃശ്യമല്ല. അതിന് ശേഷം ഇന്ത്യയുടെ ഏകദിനത്തിനെല്ലാം മറ്റ് ഗ്രൗണ്ടുകളിൽ കാണികൾ തിങ്ങി നിറഞ്ഞു.

സാധാരണ കാര്യവട്ടത്ത് കളി വന്നാൽ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുള്ളത്. ഇത്തവണ അതിനാണ് മാറ്റം വരുന്നത്. ഇതോടെ തിരുവനന്തപുരത്തിന് പകരം കൊച്ചിയിൽ ഗ്രൗണ്ടെന്ന ആഗ്രഹം വീണ്ടും കെസിഎ മുമ്പോട്ട് വച്ചു. ഇതിന് വേണ്ടിയായിരുന്നു കായിക മന്ത്രി അബ്ദുറഹ്‌മാനെ ഇറക്കിയുള്ള ‘പട്ടിണി പ്രയോഗം’ എന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്ന കായിക മന്ത്രി വി.അബ്ദുറഹ്‌മാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇന്ത്യശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സര ടിക്കറ്റിന്റെ വിനോദ നികുതി 5 ശതമാനത്തിൽ നിന്ന് 12% ആയി സർക്കാർ ഉയർത്തിയതു സംബന്ധിച്ചാണ് മന്ത്രിയുടെ വിവാദ പരാമർശം എത്തിയിരുന്നു.

നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ചർച്ചയായിരുന്നു.

Leave a Reply