നേപ്പാൾ വിമാനാപകടം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, യാത്രക്കാരെല്ലാം മരണപ്പെട്ടതായി സൈന്യം

0

കാഠ്മണ്ഡു: ഞായറാഴ്ച നേപ്പാളില്‍ തകര്‍ന്നുവീണ യെതി എയര്‍ലൈന്‍സ് യാത്രാവിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. വിമാനത്താവള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ വിമാനാപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമാകും.

ജീവനക്കാര്‍ ഉള്‍പ്പെടെ 72 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേയാണ് തകര്‍ന്നുവീണത്.

യാത്രക്കാരെ ആരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നേപ്പാള്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 68 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. പൊഖറ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് ദ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇനിയും കണ്ടെത്താനുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണ്.

ബ്ലാക്ക് ബോക്സുകള്‍

റെക്കോർഡറുകൾ അടങ്ങിയ രണ്ട് വലിയ മെറ്റാലിക് ബോക്സുകളാണ് ബ്ലാക്ക് ബോക്സുകള്‍. ഒന്ന് മുന്നിലും മറ്റൊന്ന് പിന്നിലുമായിരിക്കും. റെക്കോഡറുകൾ ഒരു യാത്രയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നു. കൂടാതെ ഒരു വിമാന അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്താണെന്ന് മനസിലാക്കുന്നതിനും സഹായിക്കുന്നു.

കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ), റേഡിയോ പ്രക്ഷേപണങ്ങളും കോക്ക്പിറ്റിലെ മറ്റ് ശബ്ദങ്ങളും, പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങൾ, എഞ്ചിൻ ശബ്ദങ്ങൾ എന്നിവ രേഖപ്പെടുത്തുന്നു. ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ് ഡി ആര്‍) ഉയരം, എയർ സ്പീഡ്, ഫ്ലൈറ്റ് ഹെഡിംഗ്, വെർട്ടിക്കൽ ആക്സിലറേഷൻ, പിച്ച്, റോൾ, ഓട്ടോപൈലറ്റ് സ്റ്റാറ്റസ് തുടങ്ങി എണ്‍പതിലധികം വ്യത്യസ്ത തരത്തിലുള്ള വിവരങ്ങളും രേഖപ്പെടുത്തുന്നു.

വാണിജ്യ വിമാനങ്ങളിൽ ബ്ലാക്ക് ബോക്സുകൾ നിർബന്ധമാണ്. അപകടത്തിന്റെ കാരണങ്ങൾ തിരിച്ചറിയാനും ഭാവിയിൽ പ്രതികൂല സംഭവങ്ങൾ തടയനും ഇവ സഹായിക്കുന്നു.

നിറം ഓറഞ്ചാണ്, ബ്ലാക്കല്ല

പേര് ബ്ലാക്ക് ബോക്സെന്നാണെങ്കിലും ഇവയുടെ നിറം ഓറഞ്ചാണ്. അപകടമുണ്ടായ സ്ഥലത്ത് നിന്ന് എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കും. എന്നാല്‍ ബ്ലാക്ക് ബോക്സ് എന്ന പേര് എങ്ങനെ വീണു എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ ഒരു വിമാന അപകടം ഉണ്ടായാല്‍ കാരണത്തിനും മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതിനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം തിരയുന്ന ഒന്നാണ് ബ്ലാക്ക് ബോക്സ്. ഇവയുടെ ഉപയോഗം ആരംഭഇക്കുന്നത് 1950 കളിലാണ്. ഡേവിഡ് വാറൻ എന്ന ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞനാണ് അവരുടെ കണ്ടുപിടുത്തത്തിന്റെ ബഹുമതി പലപ്പോഴും. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് വാരനാണ് കണ്ടുപിടുത്തത്തിന് പിന്നില്‍.

അപകടത്തെ അതിജീവിക്കുമ്പോള്‍

ബ്ലാക്ക് ബോക്‌സിന്റെ ആദ്യ നാളുകളില്‍ വയർ അല്ലെങ്കില്‍ ഫോയിലിൽ പരിമിതമായ അളവിലുള്ള ഡേറ്റ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അതിനുശേഷം മാഗ്നറ്റിക് ടേപ്പ് ഉപയോഗത്തിലെത്തി. ആധുനിക മോഡലുകളിൽ മെമ്മറി ചിപ്പുകളാണ് വിവരങ്ങല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്നത്.

ഏകദേശം 4.5 കിലോഗ്രാം ഭാരമുള്ള റെക്കോർഡിങ് ഉപകരണങ്ങൾ സ്റ്റീൽ, ടൈറ്റാനിയം പോലെയുള്ള ശക്തമായ മെറ്റലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കടുത്ത ചൂട്, തണുപ്പ് അല്ലെങ്കിൽ ഈർപ്പം എന്നിവയെ അതിജീവിക്കുകയും ചെയ്യും. എഫ് ഡി ആര്‍ സ്ഥിതി ചെയ്യുന്നത് വിമാനത്തിന്റെ പുറകിലായാണ്. കാരണം സാധാരണയായി അപകടത്തിന്റെ ആഘാതം കുറവ് വരുന്നത് അവിടെയാണ്. വെള്ളത്തിനടിയിലാണെങ്കിലും ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ കഴിയും. 30 ദിവസം വരെ സിഗ്നലുകള്‍ ലഭിക്കുമെന്നാണ് വിവരം.

ഡേറ്റ വീണ്ടെടുപ്പ്

ബ്ലാക്ക് ബോക്സുകളില്‍ നിന്ന് ഡേറ്റ വീണ്ടെടുക്കുന്നതിനായി 10 മുതല്‍ 15 ദിവസം വരെ ആവശ്യമായി വന്നേക്കാം. ഇത് ലഭിക്കുന്ന കാലയളവില്‍ അപകടവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ശേഖരിക്കുകയാണ് പതിവ്. അപകടം ഉണ്ടാകുന്നതിന് മുന്‍പ് പൈലറ്റുമാരുടെ സംഭാഷണം എന്നിവ വിശകലനം ചെയ്യും. പൈലറ്റുമാർക്ക് ഇത്തരമൊരു അപകടത്തിലേക്ക് പോകുന്നതെന്ന് അറിയാമായിരുന്നോ എന്നും അങ്ങനെയെങ്കിൽ വിമാനം നിയന്ത്രിക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നും മനസിലാക്കാന്‍ ഇത് സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here