പണം ബിനാമി പേരുകളില്‍; റാണ തങ്ങളേയും പറ്റിച്ചെന്നു ജീവനക്കാര്‍

0

തൃശൂര്‍: തങ്ങളേയും തട്ടിപ്പിനിരയാക്കിയെന്നു പ്രവീണ്‍ റാണയുടെ സ്‌ഥാപനത്തിലെ ജീവനക്കാര്‍. പലരില്‍ നിന്നും വാങ്ങി നല്‍കിയ കോടികള്‍ റാണ വിശ്വസ്‌തരുടെ പേരുകളിലേക്ക്‌ മാറ്റിയെന്ന്‌ വെളിപ്പെടുത്തല്‍.
സേഫ്‌ ആന്‍ജ്‌ സ്‌ട്രോങ്‌ കമ്പനി തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പത്തോളം ജീവനക്കാരാണ്‌ രംഗത്തുവന്നത്‌. ഒരു കോടി മുതല്‍ അഞ്ചുകോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ കമ്പനിഅക്കൗണ്ടിലേക്കു നല്‍കിയെന്ന്‌ ജീവനക്കാര്‍ പറഞ്ഞു. ജോലി സ്‌ഥിരപ്പെടുത്താനും ഉയര്‍ന്ന ശമ്പളം നല്‍കാനുമായുള്ള വ്യവസ്‌ഥയനുസരിച്ചാണ്‌ റാണ തുക പിരിക്കാന്‍ ആവശ്യപ്പെട്ടത്‌. ഈ പണം വിശ്വസ്‌തരുടെ പേരില്‍ ബിനാമി നിക്ഷേപങ്ങളായി മാറ്റിയെന്നാണ്‌ സൂചന. തട്ടിപ്പു നടത്തി മുങ്ങാനും സ്വന്തം നിക്ഷേപശേഖരം വര്‍ധിപ്പിക്കാനും റാണ കുറേക്കാലമായി ശ്രമിക്കുകയാണെന്ന പോലീസ്‌ നിഗമനത്തെ ശക്‌തിപ്പെടുത്തുന്ന വെളിപ്പെടുത്തലാണിത്‌.
നിക്ഷേപകരില്‍നിന്ന്‌ ഒരു കോടി രൂപയിലേറെ കമ്പനിയിലെത്തിച്ചവരാണ്‌ ജീവനക്കാരില്‍ പലരും. സ്വരൂപിച്ച പണം കൂടുതല്‍ ലാഭകരമായ ബിസിനസുകളില്‍ ഉപയോഗിക്കുകയാണെന്നു റാണ വ്യക്‌തമാക്കിയിരുന്നു. ഇതില്‍ ജീവനക്കാരും വീണു. ബിസിനസ്‌ വിപുലീകരിക്കുകയാണെന്നും എല്ലാവര്‍ക്കും ഗുണമുണ്ടാകുമെന്നും വിശ്വസിപ്പിച്ച്‌ കൂടുതല്‍ നിക്ഷേപം കണ്ടെത്താന്‍ പ്രേരിപ്പിച്ചെന്നു ജീവനക്കാര്‍ പറയുന്നു.
ബന്ധുക്കളടക്കം എണ്‍പതോളം പേരെ കമ്പനി നിക്ഷേപത്തില്‍ റാണ ചേര്‍ത്തിട്ടുണ്ടെന്നാണ്‌ വിവരം. റാണ പറഞ്ഞതെല്ലാം വിശ്വസിച്ച്‌ ആവശ്യപ്പെട്ടതു പോലെ എല്ലാം ചെയ്‌തുവെന്നു ജീവനക്കാര്‍ ഏറ്റുപറയുന്നു. കണ്ണൂരില്‍ 128 ഏക്കര്‍ സ്‌ഥലം താന്‍ എടുത്തതായി റാണ പറഞ്ഞു. ലാല്‍ബാഗില്‍ ഷാരൂഖ്‌ഖാന്റെ സ്‌ഥലത്തിനടുത്തു ഭൂമി എടുത്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. ചിത്രങ്ങളും മാപ്പുകളും സര്‍വേ നമ്പറും കാണിച്ചുകൊടുത്തു. റിസോര്‍ട്ട്‌് ഉദ്‌ഘാടനത്തിന്‌ പ്രമുഖരാണ്‌ വന്നതെന്നു ജീവനക്കാരുടെ സാക്ഷ്യം. നിക്ഷേപകര്‍ സമ്മര്‍ദമുണ്ടാക്കുമ്പോള്‍ എന്തു ചെയ്ുമെന്നയറിയാതെ പലരും നട്ടംതിരിയുന്നു. ഒരു ജോലിക്കും പോകാന്‍ വയ്യാത്ത അവസ്‌ഥയാണെന്നു പല മുന്‍ജീവനക്കാരും പറഞ്ഞു.

Leave a Reply