സംസ്‌ഥാനത്തു വീണ്ടും മാസ്‌ക്‌ നിര്‍ബന്ധമാക്കി

0

ഇടേവളയ്‌ക്കുശേഷം രാജ്യാന്തരതലത്തില്‍ കോവിഡ്‌ കേസുകള്‍ വര്‍ധിക്കുകയും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനത്തു വീണ്ടും മാസ്‌ക്‌ നിര്‍ബന്ധമാക്കി. ഒരുമാസത്തേക്കാണ്‌ ഉത്തരവ്‌. കോവിഡ്‌ കാലത്തെ നിബന്ധനകള്‍ തുടരണമെന്നും സംസ്‌ഥാനസര്‍ക്കാരിന്റെ വിജ്‌ഞാപനത്തില്‍ പറയുന്നു. എന്നാല്‍, കോവിഡ്‌ ഭീഷണി മൂലമല്ല, മുന്‍വിജ്‌ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കുക മാത്രമാണു ചെയ്‌തതെന്ന്‌ ആരോഗ്യവകുപ്പ്‌ വ്യക്‌തമാക്കി.
പൊതുവിടങ്ങളിലും ജോലിസ്‌ഥലങ്ങളിലും കൂടിച്ചേരലുകളിലും മുഖാവരണം ശരിയായി ധരിക്കണമെന്നു വിജ്‌ഞാപനത്തില്‍ നിര്‍ദേശിക്കുന്നു. എല്ലാത്തരം വാഹനങ്ങളിലും ഇതു ബാധകമാണ്‌. കടകളും സിനിമാ തീയറ്ററുകളും ഉള്‍പ്പെടെയുള്ള സ്‌ഥാപനങ്ങളില്‍ കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസറോ സോപ്പോ നിര്‍ബന്ധമായി നല്‍കണം. പൊതുവിടങ്ങളിലും ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പുറപ്പെടുവിച്ച വിജ്‌ഞാപനത്തില്‍ നിര്‍ദേശിക്കുന്നു.
കോവിഡിന്റെ ഉത്‌ഭവസ്‌ഥാനമായ ചൈന ഉള്‍പ്പെടെ പല രാജ്യങ്ങളിലും രോഗവ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്തുനിന്നും വരുന്നവര്‍ക്കു കോവിഡ്‌ പരിശോധന നിര്‍ബന്ധമാക്കി. അടുത്ത 45 ദിവസം നിര്‍ണായകമാണെന്നാണു കേന്ദ്രമുന്നറിയിപ്പ്‌. കോവിഡ്‌ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്‌ഥാനത്തു കുറേനാളായി നിയന്ത്രണങ്ങള്‍ക്ക്‌ ഇളവ്‌ നല്‍കിയിരുന്നു. നിലവില്‍ കേസുകളുടെ എണ്ണം കുറവാണെങ്കിലും കേന്ദ്രമുന്നറിയിപ്പ്‌ ഉള്‍പ്പെടെ കണക്കിലെടുത്താണു വീണ്ടും നിയന്ത്രണങ്ങളിലേക്കു കടക്കുന്നത്‌.

Leave a Reply