മകരസംക്രമ പൂജ 14ന്‌ രാത്രി 8.45 ന്‌

0


ശബരിമല: സന്നിധാനത്തു മകരജ്യോതിയും മകരസംക്രമ പൂജയും 14 നു നടക്കും.
സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക്‌ കടക്കുന്ന 14 ന്‌ രാത്രി 8.45 ന്‌ മകരസംക്രമ പൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വശം കൊടുത്തയയ്‌ക്കുന്ന അയ്യപ്പമുദ്രയിലെ നെയ്യാണ്‌ ഈ സമയം അഭിഷേകം ചെയ്യുക. 12 ന്‌ പന്തളം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14 ന്‌ വൈകിട്ട്‌ 6.30 ന്‌ ദീപാരാധന. ഈ സമയം ആകാശ നീലിമയില്‍ മകരനക്ഷത്രം മിഴി തുറക്കും. മകരജ്യോതിയും തെളിയും.
ഇക്കുറി തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്‌ക്കു ശേഷമാണ്‌ മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കുക. രാത്രി 11.30 വരെ ദര്‍ശനം ഉണ്ടായിരിക്കും. മകരവിളക്കിന്‌ മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ 12,13 തീയതികളില്‍ നടക്കും. 12 ന്‌ പ്രാസാദ ശുദ്ധിയും 13 ന്‌ ബിംബശുദ്ധിയും നടക്കും.
14 ന്‌ രാത്രി മുതല്‍ മാളികപ്പുറത്ത്‌ നിന്ന്‌ എഴുന്നള്ളത്തുണ്ടാകും. 18 ന്‌ കളഭം, 19 ന്‌ ഗുരുതി. 20 ന്‌ രാവിലെ രാജപ്രതിനിധിയുടെ ദര്‍ശനത്തിന്‌ ശേഷം മകരവിളക്ക്‌ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി നടയടയ്‌ക്കും. 18 വരയേ അഭിഷേകം ഉണ്ടായിരിക്കുകയുള്ളു. 19 വരെ മാത്രമെ ഭക്‌തര്‍ക്ക്‌ ദര്‍ശനം ഉണ്ടാകുകയുള്ളൂ. 15 മുതല്‍ 19 വരെ പടിപൂജ ഉണ്ടാകും.

സന്നിധാനത്ത്‌ വന്‍ ഭക്‌തജനത്തിരക്ക്‌

ശബരിമല: മകരവിളക്കിന്‌ ആഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത്‌ വന്‍ ഭക്‌തജന തിരക്ക്‌. തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ഭക്‌തരാണ്‌ കൂടുതലായി എത്തുന്നത്‌. നെയ്യഭിഷേകത്തിനും വലിയ തിരക്കാണനുഭവപ്പെടുന്നത്‌. മകരവിളക്കിനോട്‌ അനുബന്ധിച്ച്‌ ഉണ്ടായേക്കാവുന്ന തിരക്ക്‌ കണക്കിലെടുത്ത്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌.
തിരക്ക്‌ നിയന്ത്രിച്ച്‌, ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്‌തജനങ്ങള്‍ക്കും ദര്‍ശനം ഒരുക്കുന്നതിന്‌ പോലീസ്‌ സജ്‌ജമാണന്നു സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി.എസ്‌. അജി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ ബുക്കിങ്‌ തീര്‍ന്നാലും സ്‌പോട്ട്‌ ബുക്കിങ്‌ സൗകര്യം ഉപയോഗപ്പെടുത്തി ദര്‍ശനം സാധ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ദര്‍ശന ശേഷം ഭക്‌തര്‍ സന്നിധാനത്ത്‌ തങ്ങാതെ പമ്പയിലേക്ക്‌ തിരികെ വേഗത്തില്‍ മടങ്ങി സഹകരിക്കണമെന്ന്‌ വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ ഭക്‌തജനങ്ങളെ അറിയിക്കുന്നുമുണ്ട്‌. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചു വരെ 65,670പേര്‍ മല ചവിട്ടിയതായാണ്‌ കണക്ക്‌. പമ്പ വഴി ശബരിമലയിലെത്തിയവരുടെ കണക്കാണിത്‌. ഇതിനുപുറമേ പുല്ലുമേട്‌ വഴിയും ഭക്‌തജനങ്ങള്‍ ദര്‍ശനത്തിന്‌ എത്തുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here