കെ.വി. തോമസിന് ക്യാബിനറ്റ് പദവി; ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമനം

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്.

എ. സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ ഏകോപനത്തിന് വേണ്ടിയായിരുന്നു എ.സമ്പത്തിനെ നിയോഗിച്ചത്. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവര്‍ത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്.

കെ.വി തോമസിന് പദവികള്‍ നല്‍കാന്‍ സാധ്യതകള്‍ ഉണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗികമായ ഉത്തരവ് വരുന്നതോടു കൂടി മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു. 2021 സെപ്റ്റംബർ 15ന് നെതർലൻഡ്സ് മുൻ അംബാസിഡർ വേണു രാജാമണിയെ ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. 2022 സെപ്റ്റംബർ 17ന് സേവന കാലാവധി ഒരു വർഷത്തേക്ക് നീട്ടി.

Leave a Reply