സംസ്ഥാനത്ത് സ്വകാര്യ, കൽപിത സർവകലാശാലകൾ ആരംഭിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി

0

സംസ്ഥാനത്ത് സ്വകാര്യ, കൽപിത സർവകലാശാലകൾ ആരംഭിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. കേരളത്തിലെ വിദ്യാഭ്യാസ മേഖല 50 വർഷം പിന്നോട്ട് പോയതിന് കേരള ജനതയോട് മാപ്പുപറയാൻ സിപിഎം തയാറാകണമെന്ന് കത്തിൽ സുധാകരൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ 65 വർഷങ്ങൾക്ക് ഇടയിൽ നിങ്ങൾ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാൽ അതുകൊടുമുടിയെക്കാൾ ഉയർന്ന് നിൽക്കുന്നത് കാണാം. അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യുകയും പിന്നീട് അത് തിരുത്തുകയും ചെയ്യുന്ന തെറ്റുതിരുത്തൽ പാർട്ടിയായി നിങ്ങളുടെ പാർട്ടി അധഃപതിച്ചു. നിങ്ങൾ കാട്ടിക്കൂട്ടിയ സമരങ്ങളുടെ പേക്കൂത്ത് കാരണം വിദ്യാഭ്യാസ മേഖല 50 വർഷം പിന്നോട്ടടിച്ചെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

കെ. സുധാകരന്റെ കത്തിന്റെ പൂർണരൂപം:
മുഖ്യമന്ത്രിക്ക്,

ഇക്കഴിഞ്ഞ ഇടതു മുന്നണി യോഗത്തിൽ സ്വകാര്യ, കൽപിത സർവകലാശാലകൾ ആരംഭിക്കുന്നതിന് സ്വകാര്യ ഏജൻസികൾക്ക് അനുമതി നൽകാം എന്ന തീരുമാനം എടുത്തിരിക്കുകയാണല്ലോ. ഇത് മുൻ കാലങ്ങളിലെ പോലെ സർക്കാരിന്റെ വെറുമൊരു ചുവട് മാറ്റമായി കാണാനാകില്ല. കമ്യൂണിസ്റ്റ് സഹയാത്രികരും ഇടതു

സാംസ്‌കാരിക നായകരും പിണറായി സർക്കാരിന്റെ ഈ നയം മാറ്റത്തിലേക്ക് ഒരു എത്തി നോട്ടം നടത്തുന്നത് നന്നായിരിക്കും. രാജ്യത്തിന്റെ സാഹചര്യങ്ങൾക്കും പരിസ്ഥിതിക്കും അനുസൃതമല്ലാത്ത വിദേശ മാതൃകകളെ കൂട്ടുപിടിച്ച് കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനം തദ്ദേശീയമായ സാഹചര്യങ്ങൾക്കനുസൃതമായ നയം മാറ്റത്തിലേക്കുള്ള ചുവട് വയ്‌പ്പായി ഇതിനെ കണക്കാക്കാമോ എന്നതാണ് ചോദ്യം.

ഓരോ വർഷവും ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ സർവകലാശാലകളെ ആശ്രയിക്കുന്ന നമ്മുടെ വിദ്യാർത്ഥികളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. വിദേശമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം പതിമൂന്ന് ലക്ഷം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും പഠനത്തിനായി വിദേശത്തേക്ക് പറക്കുന്നത്. അതിൽ നല്ലൊരു ശതമാനം കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. വലിയ തുകയാണ് ഇവരുടെ പഠനത്തിനായി ഓരോ രക്ഷകർത്താവും കണ്ടെത്തേണ്ടിവരിക. ഇത് വലിയ സാമ്പത്തിക ഭാരമാണ് ഇവരുടെ മേൽ അടിച്ചേൽപ്പിക്കുന്നത്. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാർത്ഥികളെ വലിയ സാമ്പത്തിക കടക്കാരാക്കി ഇവിടെ നിന്നും പുറംതള്ളിയത് സിപിഎം കാലാകലങ്ങളായി പിന്തുടർന്ന് വന്ന പിന്തിരിപ്പൻ നയങ്ങളുടെ ഭാഗമാണ്. ഇപ്പോഴെങ്കിലും ആ നയം തിരുത്താൻ അവർക്ക് ഉണ്ടായ വൈകിവന്ന വീണ്ടുവിചാരം സ്വാഗതാർഹമാണ്.

1985ൽ കരുണാകരൻ സർക്കാരിന്റെ കാലം മുതൽ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾക്ക് തുടക്കം ഇട്ടിരുന്നു. ഇതിനായി ആ സർക്കാർ നിയോഗിച്ച മാൽക്കം എസ്. ആദിശേഷയ്യ കമീഷന്റെ നിഗമനങ്ങളെ പാടെ തള്ളിക്കളയണമെന്നായിരുന്നു അന്നത്തെ സിപിഎമ്മിന്റേയും ഡിവൈഎഫ്ഐയുടേയും എസ്.എഫ്. എയുടേയും പ്രധാന ആവശ്യം. ഈ കമീഷനാണ് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കോളജുകൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും മറ്റു സംസ്ഥാനങ്ങൾക്ക് സമാനമായി പ്രീഡിഗ്രി കോളജുകളിൽ നിന്നും ഡി ലിങ്ക് ചെയ്യണമെന്നും ആദ്യമായി ആവശ്യപ്പെട്ടത്. സ്വയംഭരണ കോളജുകൾ എന്നത് പൊതു വിദ്യാഭ്യാസത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണെന്നും നമുക്കത് സങ്കൽപ്പിക്കാൻ പോലും ആവില്ലെന്നായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് ബുദ്ധി ജീവികളുടെ പരിഹാസം.

പ്രീഡിഗ്രി ബോർഡിനെതിരെ 1986 ലാണ് കേരളം കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി, അദ്ധ്യാപക സമരം നടന്നത്. ആശ്ചര്യമെന്ന് പറയട്ടെ, തുടർന്ന് അധികാരത്തിൽ വന്ന നായനാർ സർക്കാർ കോളജിൽ പ്രീഡിഗ്രി നിലനിർത്തിക്കൊണ്ട് പ്ലസ് ടു സ്‌കൂളുകൾ ആരംഭിക്കുന്നതിന് 1991ൽ തന്നെ തുടക്കം കുറിച്ചു. കൂടാതെ 1996 മുതൽ 2001 വരെ അധികാരത്തിൽ ഇരുന്ന നായനാർ സർക്കാർ പ്രീഡിഗ്രി പൂർണ്ണമായും സർവകലാശാലകളിൽ നിന്നും ഡി ലിങ്ക് ചെയ്യുകയും പ്ലസ് ടു സ്‌കൂളുകൾ വ്യാപകമായി ആരംഭിക്കുകയും ചെയ്തു. സർക്കാരിന്റെ ഈ നടപടികൾക്ക് പിന്നിൽ വൻ കോഴയിടപാട് നടന്നതായി പിന്നീട് ആരോപണമായി ഉയർന്ന് വന്നിട്ടുണ്ടെന്നത് ചരിത്രം.

Leave a Reply