ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘം പത്തിലധികം യുവതികളെ സമാനമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി കണ്ടെത്തല്‍.
കമിതാക്കളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നത് പതിവാക്കിയവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. പത്തിലധികം പെണ്‍കുട്ടികളെ പ്രതികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മലയാളി പെൺകുട്ടിക്ക് നേരെ ക്രൂര പീഡനമുണ്ടായത്. ഒപ്പം പഠിക്കുന്ന ആണ്സൂഹൃത്തുമൊന്നിച്ചാണ് ബംഗളൂരു-പുതുച്ചേരി ദേശീയപാതയിലെ കാഞ്ചിപുരം ഔട്ടര്‍ റിംഗ് റോഡിനോടു ചേര്‍ന്നുള്ള പ്രദേശത്ത് പെൺകുട്ടി എത്തിയത്. ഇവിടെയിരുന്ന ഇവരെ സംഘം വളഞ്ഞു.
ആണ്‍കുട്ടിയെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടു. കത്തികാട്ടി ആറുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട ആണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണു സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെ കാഞ്ചീപുരം സെവിലിമേട് സ്വദേശികളായ മണികണ്ഠന്, വിമല്‍കുമാര്‍, വിഗ്നേഷ്, ശിവകുമാര്‍, തെന്നരസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് കൈക്കും കാലിനും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.