വീസ നൽകാമെന്നു വാഗ്ദാനം നൽകി ട്രാവൽസ് ഉടമ 5 ലക്ഷം തട്ടിയെന്ന് ജോളി; പ്രതി ആയുധവുമായി എത്തിയത് മുഹമ്മദ് അലിയെ കൊല്ലാനുറച്ച് തന്നെ; ഉടമയെ കിട്ടാതായതോടെ കൊലക്കത്തിയ്ക്ക് ഇരയായത് ജീവനക്കാരി സൂര്യയും; കൊച്ചിയിലേത് ആസൂത്രിത ആക്രമണമെന്ന് പോലീസ്

0

കൊച്ചി: കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ജോളി എത്തിയത് ആയുധവുമായിട്ടാണ്. സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്.

കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത് അൻപതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്.. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു

കൊച്ചിയിൽ പട്ടാപ്പകൽ രവിപുരത്തെ റെയ്സ് ട്രാവൽസ് ബ്യൂറോയിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ജോളി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

കോവിഡിനു തൊട്ടു മുൻപ് 2019ൽ പള്ളുരുത്തി സ്വദേശി ജോളിക്ക് ലിത്വാനിയയിലേക്കു വർക്ക് വീസ നൽകാമെന്ന് മുഹമ്മദ് അലി വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി അഞ്ചു ലക്ഷം രൂപ വാങ്ങിയെന്നും ചോദിക്കുമ്പോഴെല്ലാം പണം നൽകാതെ മുങ്ങി നടന്നെന്നുമാണ് ഇയാളുടെ മൊഴി. ഇന്ന് ജോളി ഇവരുടെ ഓഫിസിൽ എത്തിയപ്പോൾ റെയ്‌സ് ട്രാവൽസ് ഉടമ സ്ഥലത്തില്ലെന്ന് ജീവനക്കാരി അറിയിച്ചു. ഇതോടെ ജോളി ഇവരെ കത്തി ഉപയോഗിച്ചു കഴുത്തിനു കുത്തുകയായിരുന്നു. വീസ നൽകാമെന്നു വാഗ്ദാനം നൽകി പണം തട്ടിയെടുത്ത റെയ്‌സ് ട്രാവൽസ് ഉടമയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് എത്തിയതെന്നാണ് ജോളി വെളിപ്പെടുത്തിയത്. യുവതിയെ കുത്തുമ്പോൾ സ്ഥാപന ഉടമ എത്തുമെന്നും അപ്പോൾ അയാളെയും ആക്രമിക്കാമെന്നുമാണ് പ്രതീക്ഷിച്ചത്. യുവതിയെ കുത്തിയശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ അവിടെത്തന്നെ തുടർന്നത് ഉടമ എത്തുന്നതിനു വേണ്ടിയാണെന്നും ജോളി മൊഴി നൽകി.

ജീവനക്കാരിക്കു കുത്തേൽക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ട്രാവൽസ് ഉടമ മുഹമ്മദ് അലി, തൊട്ടുപിന്നാലെ വാഹനം എടുക്കാതെ അവിടെനിന്നു മുങ്ങിയെന്ന് സമീപത്തെ കടകളിലുള്ളവർ പറയുന്നു. സ്വന്തം കാർ പോലും എടുക്കാതെ സ്ഥലത്തു നിന്നു രക്ഷപ്പെടുകയായിരുന്നത്രെ. അതേസമയം, യുവതിയെ ആശുപത്രിയിലാക്കിയ ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങി മൊഴി നൽകിയെന്നും സൂചനയുണ്ട്.

കുത്തേറ്റതിനു പിന്നാലെ യുവതി സ്ഥാപനത്തിന്റെ നേരെ എതിർഭാഗത്തുള്ള ഹോട്ടലിലേക്കാണ് ചോരയൊലിക്കുന്ന മുറിവുമായി ഓടിക്കയറിയത്. വിവരമറിഞ്ഞ് ഹോട്ടൽ ജീവനക്കാർ ചെല്ലുമ്പോൾ പ്രതി സ്ഥലത്തു തന്നെയുണ്ടായിരുന്നു. എന്തിനാണ് ഇതു ചെയ്തത് എന്ന ചോദ്യത്തിന്, തന്റെ പണം തട്ടിയെടുത്തതിനാണെന്നും ഉടമയെയാണ് ലക്ഷ്യമിട്ടതെന്നും ജോളി മറുപടി നൽകി.

ലിത്വാനിയയിലേയ്ക്കു വർക്ക് വീസ നൽകുന്നതിനായി ജോളിയിൽനിന്ന് വാങ്ങിയത് വെറും 34,400 രൂപയാണെന്നും ഇതു തിരികെ നൽകിയെന്നും റെയ്‌സ് ട്രാവൽ ബ്യൂറോ ഉടമ മുഹമ്മദ് അലി പറയുന്നു. ജോളിക്ക് ഒരു വർഷത്തേയ്ക്കുള്ള വീസ ശരിയായെങ്കിലും കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ പോകാൻ സാധിച്ചില്ല. ഒരു വർഷം പിന്നിട്ടതോടെ വീസ കാലാവധി അവസാനിച്ചു. പിന്നീട് ഇയാൾ വീസ വേണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പറഞ്ഞ് പണം തിരികെ വാങ്ങി. എന്നാൽ ഇയാൾക്കൊപ്പം അപേക്ഷിച്ചവർ വീസയ്ക്കായി ബെംഗളൂരുവിൽ പോയെങ്കിലും അപേക്ഷ തള്ളപ്പെട്ടു.

ഇതിനിടെ ഇയാൾ പല പ്രാവശ്യം ജോലി ഒഴിവുണ്ടോ എന്നു ചോദിച്ചു വരാറുണ്ടായിരുന്നു. ഇന്നു വന്നപ്പോഴും താൻ സ്ഥലത്തില്ല, അൽപ സമയത്തിനകം എത്തുമെന്ന് അറിയിച്ചു. ഈ സമയത്താണ് യുവതിക്കു നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ 16 വർഷമായി ഈ സ്ഥാപനം നടത്തുകയാണ്. ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. ജോളിക്ക് മാനസിക രോഗമാണ്. ഇക്കാര്യങ്ങൾ പൊലീസിനെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഹമ്മദ് അലി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here