ഏകദിന ക്രിക്കറ്റില്‍ മൂന്നുവര്‍ഷത്തിനുശേഷം തന്റെ ആദ്യ സെഞ്ചുറിയെന്നു പരാമര്‍ശിച്ചവര്‍ ചിലതു വിസ്‌മരിച്ചെന്ന്‌ ഇന്ത്യന്‍ നായകന്‍ രോഹിത്‌ ശര്‍മ

0

ഇന്‍ഡോര്‍: ഏകദിന ക്രിക്കറ്റില്‍ മൂന്നുവര്‍ഷത്തിനുശേഷം തന്റെ ആദ്യ സെഞ്ചുറിയെന്നു പരാമര്‍ശിച്ചവര്‍ ചിലതു വിസ്‌മരിച്ചെന്ന്‌ ഇന്ത്യന്‍ നായകന്‍ രോഹിത്‌ ശര്‍മ. ഈ മൂന്നു വര്‍ഷം താന്‍ കളിച്ചത്‌ 12 ഏകദിനങ്ങളില്‍ മാത്രമായിരുന്നുവെന്ന്‌ ഓര്‍ക്കണമായിരുന്നെന്നും ഹിറ്റ്‌മാന്‍.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയശേഷം നടത്തിയ പ്രതികരണത്തിലാണ്‌ രോഹിത്‌ ലേശം അതൃപ്‌തിയോടെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. മത്സരം ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിനുവേണ്ടി സംപ്രേക്ഷണം ചെയ്‌ത സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലെ മാധ്യമപ്രവര്‍ത്തകരായിരുന്നു രോഹിതിന്റെ ഉന്നം. ഏകദിനത്തില്‍ 29-ാം സെഞ്ചുറിയില്‍നിന്ന്‌ മുപ്പതിലേക്കെത്താന്‍ എടുത്ത ദൈര്‍ഘ്യം സംബന്ധിച്ച ചോദ്യമാണ്‌ ഹിറ്റ്‌മാനില്‍ അതൃപ്‌തി പടര്‍ത്തിയത്‌. ഈ മൂന്നുവര്‍ഷത്തിനിടയില്‍ 12 ഏകദിനങ്ങളില്‍ മാത്രമാണു കളിച്ചതെന്നതിനാല്‍ മൂന്നുവര്‍ഷത്തിന്‌ ഒരുപാട്‌ പ്രാധാന്യമുണ്ട്‌. എന്താണ്‌ സംഭവിച്ചതെന്ന്‌ ശ്രദ്ധിച്ചശേഷംവേണം ഇത്തരം വിലയിരുത്തലുകള്‍ നടത്താന്‍. കഴിഞ്ഞ ഒരുവര്‍ഷം ഏകദിനത്തിലായിരുന്നില്ല ഇന്ത്യയുടെ ശ്രദ്ധ. ലോകകപ്പ്‌ വര്‍ഷമായിരുന്നതിനാല്‍ ട്വന്റി-20 മത്സരങ്ങളാണു കൂടുതല്‍ കളിച്ചത്‌- രോഹിത്‌ ഓര്‍മിപ്പിച്ചു.
തകര്‍പ്പന്‍ സെഞ്ചുറിയുമായി ഹിറ്റ്‌മാന്‍ തിരിച്ചുവന്നിരിക്കുകയാണോയെന്ന മറ്റൊരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിനും രോഹിത്‌ ചുട്ടമറുപടിയാണു നല്‍കിയത്‌. എന്തു മടക്കം? അതുകൊണ്ട്‌ നിങ്ങള്‍ ഉദ്ദേശിച്ചത്‌ എന്താണെന്ന്‌ എനിക്കു മനസിലായില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 2020-ലെ എട്ടുമാസം ഞാനും നിങ്ങളും അടക്കം സകലരും അവരവരുടെ വീടുകളില്‍ അടച്ചിരിപ്പായിരുന്നു. അപ്പോള്‍ കളി നടക്കുന്നതെവിടെയാണ്‌? കഴിഞ്ഞവര്‍ഷം ഞങ്ങള്‍ ടി-20 മത്സരങ്ങള്‍ മാത്രമാണു കളിച്ചത്‌. ആ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച താരമായ സൂര്യകുമാര്‍ നേടിയ രണ്ടു സെഞ്ചുറികള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരാള്‍ പോലും മൂന്നക്കം കടന്നതായി എനിക്കറിയില്ല. ഇനി ടെസ്‌റ്റ് മത്സരങ്ങളുടെ കാര്യമെടുത്താല്‍ കഴിഞ്ഞവര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ രണ്ട്‌ മത്സരങ്ങള്‍ മാത്രമാണു ഞാന്‍ കളിച്ചത്‌. അതിനുമുമ്പ്‌ പരുക്കും അലട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്തുവേണം വാര്‍ത്തയെഴുതാന്‍- മാധ്യമപ്രവര്‍ത്തകനെ ക്യാപ്‌റ്റന്‍ ഉപദേശിച്ചു.
കിവീസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ മറ്റൊരു സെഞ്ചൂറിയനായ ശുഭ്‌മന്‍ ഗില്ലിനൊപ്പം 85 പന്തില്‍ 101 റണ്ണുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തേകിയത്‌ രോഹിത്‌ ശര്‍മയുടെ പ്രകടനമായിരുന്നു. മത്സരം 90 റണ്ണിന്‌ സ്വന്തമാക്കിയതോടെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലി(ഐ.സി.സി)ന്റെ ഏകദിന ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തുകയും ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here