ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം

0

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറിൽ 215 റൺസിന് ഓൾ ഔട്ടായി. 50 റൺസെടുത്ത നുവാനിഡു ഫെർണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി മുഹമ്മദ് സിറാജും കുൽദീപ് യാദവ് മൂന്ന് വീതം വിക്കറ്റെടുത്തപ്പോൾ ഉംറാൻ മാലിക്ക് രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി ആവിഷ്‌ക ഫെർണാണ്ടോയ്ക്കൊപ്പം പുതുതായി ടീമിലിടം നേടിയ നുവാനിൻഡു ഫെർണാണ്ടോയാണ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ ഇരുവരും 29 റൺസാണ് ചേർത്തത്. എന്നാൽ ആറാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. അതിമനോഹരമായ ഇൻസ്വിങ്ങറിലൂടെ സിറാജ് ആവിഷ്‌ക ഫെർണാണ്ടോയുടെ വിക്കറ്റ് പിഴുതെടുത്തു. സിറാജിന്റെ ഇൻസ്വിങ്ങർ ആവിഷ്‌കയുടെ ബാറ്റിലുരസി വിക്കറ്റിൽ കൊള്ളുകയായിരുന്നു. 17 പന്തിൽ നിന്ന് 20 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആവിഷ്‌കയ്ക്ക് പകരം കുശാൽ മെൻഡിസ് ക്രീസിലെത്തി.

കുശാൽ മെൻഡിസും ഫെർണാണ്ടോയും ക്രീസിലൊന്നിച്ചതോടെ ശ്രീലങ്കൻ ഇന്നിങ്സിന് ജീവൻവെച്ചു. ഇരുവരും അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. അരങ്ങേറ്റ മത്സരം കളിച്ച ഫെർണാണ്ടോ മനോഹരമായാണ് ബാറ്റുവീശിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ കൂട്ടുകെട്ടിന്റെ ബലത്തിൽ ശ്രീലങ്ക 17-ാം ഓവറിൽ തന്നെ 100 കടന്നു.

എന്നാൽ സ്പിന്നർമാരെ രോഹിത് ശർമ ഇറക്കിയതോടെ കളി മാറിമറിഞ്ഞു. ഇടംകൈയൻ സ്പിന്നർമാരായ അക്ഷർ പട്ടേലും കുൽദീപ് യാദവും വന്നതോടെ ശ്രീലങ്ക പതറി. 34 റൺസെടുത്ത കുശാൽ മെൻഡിസിനെ പുറത്താക്കി കുൽദീപ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. മെൻഡിസിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ വന്ന ധനഞ്ജയ ഡി സിൽവ നേരിട്ട ആദ്യ പന്തിൽ തന്നെ അക്ഷർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി.

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന ഫെർണാണ്ടോ അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചുറി നേടി. എന്നാൽ അർധസെഞ്ചുറി നേടിയതിന് പിന്നാലെ അനാവശ്യ റണ്ണിന് ശ്രമിച്ച് ഫെർണാണ്ടോ റൺ ഔട്ടായി. ശുഭ്മാൻ ഗില്ലാണ് താരത്തെ പുറത്താക്കിയത്. 63 പന്തുകളിൽ നിന്ന് ആറ് ബൗണ്ടറികളുടെ സഹായത്തോടെ 50 റൺസെടുത്ത് ഫെർണാണ്ടോ മടങ്ങി.

തൊട്ടടുത്ത ഓവറിൽ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ നായകൻ ഡാസൺ ശനകയെ ക്ലീൻ ബൗൾഡാക്കി കുൽദീപ് ശ്രീലങ്കയെ തകർച്ചയിലേക്ക് തള്ളിയിട്ടു. വെറും രണ്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വിശ്വസ്തനായ ചരിത് അസലങ്കയെയും മടക്കി കുൽദീപ് കരുത്തുകാട്ടി. അസലങ്ക 15 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ശ്രീലങ്ക 102 റൺസിന് ഒരു വിക്കറ്റ് എന്ന സ്‌കോറിൽ നിന്ന് 126 ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

ഏഴാമനായി ക്രീസിലെത്തിയ വാനിന്ദു ഹസരംഗ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി പുറത്തായി. 17 പന്തിൽ നിന്ന് 21 റൺസെടുത്ത ഹസരംഗയെ പേസ് ബൗളർ ഉംറാൻ മാലിക്ക് അക്ഷർ പട്ടേലിന്റെ കൈയിലെത്തിച്ചു.

വലിയ തകർച്ചയിലേക്ക് പോകുകായായിരുന്ന ശ്രീലങ്കയെ പിന്നീട് ക്രീസിലൊന്നിച്ച ദുനിത് വെല്ലാലാഗെയും ചമിക കരുണരത്നെയും ചേർന്ന് രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 177-ൽ എത്തിച്ചു. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ച് ഉംറാൻ വീണ്ടും ശ്രീലങ്കയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 17 റൺസെടുത്ത കരുണരത്നെയെ ഉംറാൻ അക്ഷർ പട്ടേലിന്റെ കൈയിലെത്തിച്ചു.

പക്ഷേ ദുനിത്തിന്റെ പോരാട്ടം അവിടെ അവസാനിച്ചില്ല. പിന്നാലെ വന്ന കസുൻ രജിതയെ കൂട്ടിപിടിച്ച് ദുനിത് ആഞ്ഞടിക്കുകയും ടീം സ്‌കോർ 200 കടത്തുകയും ചെയ്തു. എന്നാൽ ടീം സ്‌കോർ 215-ൽ നിൽക്കെ അപകടകാരിയായ ദുനിത്തിനെ പുറത്താക്കി സിറാജ് കരുത്തുകാട്ടി. 34 പന്തിൽ നിന്ന് 32 റൺസ് നേടിയ ദുനിത്തിനെ സിറാജ് അക്ഷർ പട്ടേലിന്റെ കൈയിലെത്തിച്ചു. അവസാന ബാറ്ററായി വന്ന ലാഹിരു കുമാരയെ ക്ലീൻ ബൗൾഡാക്കി സിറാജ് ശ്രീലങ്കൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here